സ്വയം നിയന്ത്രണം പ്രായോഗികമല്ല; ഫേസ്ബുക്ക് അധികൃതർ കോടതിയിൽ

മുംബൈ: സോഷ്യൽ മീഡിയകളിൽ വരുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കും പ്രതിഫലം കൊടുത്തുള്ള വാർത്തകൾക്കും സ്വയം സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന സംവിധാനം പ്രായോഗികമല്ലെന്നും വേണ്ടപ്പെട്ട അധികാരികൾ രേഖാ മൂലം നിർദ്ദേശിച്ചാൽ നടപ്പാക്കാമെന്നും ഫേസ്ബുക്ക് അധികൃതർ ബോംബെ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

അഭിഭാഷകനായ സാഗർ സൂര്യവംശി നൽകിയ പൊതു താല്പര്യ ഹർജി പരിഗണിക്കവേയാണ് ഫേസ്ബുക്കിന് വേണ്ടി ഹാജരായ അഡ്വ ദാരിയസ് ഖംമ്പട്ട ഇക്കാര്യം കോടതിയിൽ വ്യക്തമാക്കിയത്.

വിദേശരാജ്യങ്ങളിൽ ഉള്ളത് പോലെ ഇത്തരം പരസ്യങ്ങൾക്കും സമാനമായ വാർത്തകൾക്കും നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ട് വരുന്നതിന്റെ സാധ്യതകൾ ജസ്റ്റിസുമാരായ നരേഷ് പാട്ടിൽ, നിതിൻ ജാംദാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.

തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുൻപ് സോഷ്യൽ മീഡിയകളിൽ വരുന്ന രാഷ്ട്രീയ പരസ്യങ്ങളെയും വർത്തകളെയും മറ്റും നിയന്ത്രിക്കുവാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ സാധ്യതകളെ കുറിച്ചും കോടതി ആരാഞ്ഞു. രാജ്യത്ത് നീതിയുക്തമായി ജനസമ്മിതി തേടുന്നതിന് ഇത്തരം വ്യവസ്ഥകൾ അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

ഇത് സംബന്ധിച്ച് ഗൂഗിൾ, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടേയോ കോടതിയുടെയോ നിർദ്ദേശമുണ്ടെങ്കിൽ മാത്രമാണ് ഇത്തരം സംവിധാനങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ കൊണ്ട് വരുവാൻ കഴിയുകയെന്ന വിശദീകരണമാണ് ഫേസ്ബുക്ക് അഭിഭാഷകൻ കോടതിയിൽ നൽകിയത്.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് പല പ്രദേശങ്ങളിലും വ്യത്യസ്തമായ ദിവസങ്ങളിലാണെന്ന കാരണമാണ് ഫേസ്ബുക്ക് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നിയന്ത്രണ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനായി പ്രായോഗികമായ തടസ്സങ്ങളുണ്ടെന്നും അധികൃതർ കോടതിയിൽ പറഞ്ഞു.

ആഴ്ചകൾ നീണ്ടു നിൽക്കുന്ന മേഖലാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. അതുകൊണ്ടു തന്നെ 48 മണിക്കൂർ മുൻപ് നടപടിയെടുക്കുക എന്നത് പ്രായോഗികമല്ലെന്ന് അഡ്വ. ദാരിയസ് പറഞ്ഞു.

എന്നാൽ നിയന്ത്രണമല്ല നിയമ വ്യവസ്ഥയാണ് നടപ്പാക്കേണ്ടതെന്നും വിദേശ ശക്‌തികളുടെ ഇടപെടലുകളെ ചെറുത്ത് തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാക്കേണ്ടതിന്റെ അനിവാര്യതയും ഹർജിക്കാരന്റെ അഭിഭാഷകൻ അഭനവ് ചന്ദ്രചൂഡ് വാദിച്ചു. വിദേശ രാജ്യങ്ങളിൽ

സോഷ്യൽ മീഡിയകൾ വഴി രാഷ്ട്രീയ പരസ്യം നൽകുന്നവർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാണെന്നും ഇന്ത്യയിലും ഇത് നടപ്പാക്കണമെന്നും അഭിനവ് ബോധിപ്പിച്ചു. കേസിന്റെ അടുത്ത വാദം ഫെബ്രുവരി 18 തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News