ഗോവയും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്; മനോഹര്‍ പരീക്കറിന് പകരക്കാരനെ കണ്ടെത്താനാവാതെ ബിജെപി

പനജി: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ആസന്നമായിരിക്കേ ഗോവയിൽ ബിജെപി സർക്കാർ നേരിടുന്ന പ്രതിസന്ധി രൂക്ഷമാകുന്നു.

അസുഖബാധിതനായ മുഖ്യമന്ത്രി മനോഹർ പരീക്കറിന‌് പകരക്കാരനെ കണ്ടെത്താൻ കഴിയാതെ വലയുന്ന ബിജെപി നേതൃത്വം കടുത്ത ആശങ്കയിലാണ‌്.

മുഖ്യമന്ത്രി ഓഫീസിലോ പൊതുവേദികളിലോ എത്തിയിട്ട‌് മാസങ്ങളായി. കടുത്ത രോഗബാധിതനാണെങ്കിലും അദ്ദേഹത്തെ മാറ്റാൻ കഴിയാത്ത അവസ്ഥയാണ‌്. അത‌് തമ്മിലടിക്കും സർക്കാരിന്റെ തന്നെ പതനത്തിലേക്ക‌ും നയിക്കുമെന്ന‌് ഉറപ്പാണ‌്.

പൊതുതെരഞ്ഞെടുപ്പ‌് അടുത്ത സാഹചര്യത്തിൽ ഒരു സംസ്ഥാനത്തുകൂടി ഭരണം നഷ്ടമാകുന്നത‌് ബിജെപിക്ക‌് കനത്ത ആഘാതമാകും.

പരീക്കർ അല്ലാതെ ആര‌് മുഖ്യമന്ത്രിപദത്തിലേക്ക‌് വന്നാലും ബിജെപിയിൽ തമ്മിലടി പൊട്ടുമെന്ന സ്ഥിതിയാണ‌്. ഇക്കാര്യം നേതാക്കൾ തുറന്നു സമ്മതിക്കുന്നുണ്ട‌്.

പരീക്കർ മുഖ്യമന്ത്രിപദമൊഴിഞ്ഞാൽ ഗോവ രാഷ‌്ട്രീയപ്രതിസന്ധിയിലേക്ക‌് കൂപ്പുകുത്തുമെന്ന‌് മുതിർന്ന ബിജെപി നേതാവും നിയമസഭാ ഡെപ്യൂട്ടി സ‌്പീക്കറുമായ മൈക്കൽ ലോബോ തുറന്നടിച്ചു.

ഭേദമാകാത്ത രോഗത്തോട‌് ദൈവകൃപയാലാണ‌് പരീക്കർ മല്ലടിച്ചുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരീക്കർ ഉള്ളിടത്തോളം പ്രതിസന്ധിയില്ല.

അദ്ദേഹം രാജിവച്ചാലോ, എന്തെങ്കിലും സംഭവിച്ചാലോ കടുത്ത പ്രതിസന്ധിയാകും–- ലോബോ ഒരു ദേശീയ പത്രത്തിന‌് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പരീക്കർ ഇപ്പോൾ ഡൽഹി എയിംസിൽ ചികിത്സയിലാണ‌്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാകാത്ത ബിജെപി മഹാരാഷ‌്ട്രവാദി ഗോമന്തക‌് പാർടി (എംജിപി), ഗോവ ഫോർവേഡ‌് പാർടി(ജിഎഫ‌്പി) എന്നീ ചെറുപാർടികളെയും മൂന്ന‌് സ്വതന്ത്രരെയും കൂട്ടുപിടിച്ചാണ‌് സർക്കാർ രൂപീകരിച്ചത‌്.

വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന‌് അവസരം നൽകാതെ ബിജെപി നടത്തിയ നീക്കത്തിനെതിരൈ കടുത്ത വിമർശനം ഉയർന്നിരുന്നു.

സഭയിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കേന്ദ്രമന്ത്രിയായിരുന്ന മനോഹർ പരീക്കറെ മുഖ്യമന്ത്രിയായി അവതരിപ്പിച്ച‌് ബിജെപി പിടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ, പരീക്കർ രോഗബാധിതനായതോടെ പ്രതിസന്ധിയായി.

നിരവധി വിഷയങ്ങളിൽ ബിജെപിയുമായി ഭിന്നതയുള്ള എംജിപി പിന്തുണ പിൻവലിക്കുമെന്ന‌് പലവട്ടം ഭീഷണി മുഴക്കിയിരുന്നു.

തങ്ങളുടെ മുതിർന്ന നേതാവ‌് സുദിൻ ധവലിക്കറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ‌് എംജിപി ആവശ്യപ്പെടുന്നത‌്. പരീക്കറിനെ ഒഴിവാക്കി മറ്റൊരാളെ പരിഗണിച്ചാൽ എംജപി പിന്തുണ പിൻവലിക്കുമെന്ന‌് ഉറപ്പാണ‌്. അതോടെ സർക്കാർ വീഴും.

മൂക്കിലൂടെ കുഴലിട്ട നിലയിലും പരീക്കറെ കഴിഞ്ഞദിവസം നിയമസഭയിൽ ബിജെപി എത്തിച്ചത‌് ഏതുവിധേനയും ലോക‌്സഭാ തെരഞ്ഞെടുപ്പുവരെ സർക്കാർ വീഴാതെ നോക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ‌്.

പൂർണബജറ്റ‌് പോലും അവതരിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ‌്ക്കണമെന്നും സഭ പിരിച്ചുവിടണമെന്നും കോൺഗ്രസ‌് ആവശ്യപ്പെട്ടിട്ടുണ്ട‌്.

എന്നാൽ, മറ്റ‌് സംസ്ഥാനങ്ങളിലെന്നപോലെ കോൺഗ്രസിലെ ചില നേതാക്കളെയും എംഎൽഎമാരെയും ബിജെപി ലക്ഷ്യമിട്ടിട്ടുണ്ട‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here