ശബരിമല വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍; ഹെെക്കോടതിയിലെ കേസുകള്‍ കൂടി സുപ്രീം കോടതിയിലേക്ക് മാറ്റണം; നിരീക്ഷണ സമിതിയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍; സംസ്ഥാന സര്‍ക്കാറിന്‍റെ വാദം പൂര്‍ത്തിയായി

ശബരിമല യുവതീ പ്രവേശനത്തില്‍ പുനപരിശോധന വേണമെന്ന ഹര്‍ജികളില്‍ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായി. പുനഃപരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാറിന് വേണ്ടി അഡ്വ. ജയദീപ് ഗുപ്ത ഹാജരായി. പലവാദങ്ങളും കേട്ടിട്ടില്ലെന്നത് പുന പരിശോധനയ്ക്ക് കാരണമല്ലെന്നും വിധിയ്ക്ക് ആധാരം തുല്യതയെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

തുല്യതയും വിവേചനമില്ലായ്മയും ഭരണഘടന ഉറപ്പു വരുത്തുന്നതാണ്. ഇത് പാലിച്ചു കൊണ്ടുള്ള വിധിയാണ് ശബരിമലയിലെ ഇപ്പോ‍ഴത്തെ വിധി. ക്രമ സമാധാനം തകര്‍ന്നുവെന്നത് വിധി പുന പരിശോധിക്കാനുള്ള ഒരു കാരണമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹെെക്കോടതിയിലെ കേസുകള്‍ കൂടി സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും നിരീക്ഷണ സമിതിയുടെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

വിഷയം പരിഗണിച്ച തുടക്കത്തില്‍, എന്‍എസ്എസാണ് ആദ്യം വാദം ആരംഭിച്ചത്. എന്‍എസ്എസ്സിനു വേണ്ടി അഭിഭാഷകന്‍ കെ പരാശരന്‍ വാദം ആരംഭിച്ചു. വിധിയില്‍ പി‍ഴവുണ്ടെന്നാണ് എന്‍ എസ് എസ്സിന്‍റെ വാദം. പി‍ഴവുകള്‍ ചൂണ്ടിക്കാട്ടാമെന്നും എന്‍എസ് എസ് വ്യക്തമാക്കി. ആചാരങ്ങളുടെ യുക്തി നോക്കണ്ടെന്ന് എന്‍ എസ് എസ് കോടതിയില്‍. പ്രധാന വിഷയങ്ങള്‍ കോടതിയിലെത്തിയില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.

എന്തു കൊണ്ട് വിധി പുന പരിശോധിക്കണമെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതിയുടെ സമയം പാ‍ഴാക്കരുതെന്നും ചിഫ് ജസ്റ്റിസ് രംജന്‍ ഗൊഗോയ് തുടക്കത്തില്‍ തന്നെ വ്യക്തമാക്കി. വിശ്വാസത്തിനും മേലെയാണ് മൗലികാവകാശമെന്ന് കോടതി വാദത്തിനിടെ വ്യക്തമാക്കി.

ഭരണഘടനയുടെ 25 അനുച്ഛേദം നൽകുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്ന് അഡ്വ. പരാശരൻ വ്യക്തമാക്കുന്നത്. പൊതുസ്ഥലങ്ങളിൽ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാൽ ക്ഷേത്രങ്ങൾ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരൻ വ്യക്തമാക്കുന്നു.

15 17 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതില്‍ പി‍ഴവുണ്ടായെന്നും എന്‍എസ്എസ് കോടതിയില്‍ വ്യക്തമാക്കി. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. എന്നാല്‍ യുവതീ പ്രവേശനം തൊട്ടു കൂടായ്മയുടെ ഭാഗമല്ലെന്നും ജാതിയുടെ അടിസ്ഥാനത്തിലല്ല, പ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനമെന്നുും സുപ്രീം കോടതിയില്‍ എന്‍ എസ് എസ് വ്യക്തമാക്കി.

എന്നാല്‍ പ്രായത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനവും തൊട്ടു കൂടായ്മയാണെന്ന് ജ. നരിമാന്‍ വ്യക്തമാക്കി.

രണ്ടാമതായി ശബരിമല തന്ത്രിയുടെ വാദം തുടങ്ങി. തന്ത്രിയ്ക്ക് വേണ്ടി അഡ്വ വി ഗിരി വാദം തുടങ്ങി. മതപരമമായ കാര്യങ്ങളില്‍ തന്ത്രിയ്ക്ക് പ്രത്യേക അവകാശങ്ങള്‍ ഉണ്ട്. നൈഷ്ഠികബ്രഹ്മചാരിയാണ് അയ്യപ്പന്‍റെ വിഗ്രഹം. അഡ്വ വി ഗിരി കോടതിയില്‍ വ്യക്തമാക്കി. തന്ത്രിയുടെ വാദം പൂര്‍ത്തിയായി.

പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി അഡ്വ. മനു അഭിഷേക് സിങ്വി വാദം തുടങ്ങി. നൈഷ്ഠിക ബ്രഹ്മചാരിയാണ് ശബരിമലയിലെ പ്രതിഷ്ഠ. ഈ പ്രത്യേകത കണക്കിലെടുത്താണ് ശബരിമലയില്‍ സ്ത്രീ പ്ര‍വേശനം പാടില്ലെന്ന് വാദിക്കുന്നത്.

ജസ്റ്റിസുമാരായ ഇന്ദു മൽഹോത്രയും ഡി.വൈ.ചന്ദ്രചൂഡും മാത്രമേ ഇക്കാര്യം വിധി പ്രസ്താവത്തിൽ കണക്കിലെടുത്തിരുന്നുള്ളൂവെന്നും സിങ്‌വി വ്യക്തമാക്കി. പൗരാവകാശത്തില്‍ 25 28 അനുഛേദങ്ങള്‍ ചേര്‍ത്ത് വായിക്കണമെന്നും സിങ് വി വ്യക്തമാക്കി.

ബ്രാഹ്മണ സഭയ്ക്ക് വേണ്ടി അഡ്വ. ശേഖര്‍ നാഫ്ഡേ വാദിക്കുന്നു. നൂറ്റാണ്ടുകളുടെ ആചാരമാണ് റദ്ദാക്കിയതെന്ന് ബ്രാഹ്മണ സഭയുടെ വാദം. വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ലെന്നും നാഫ്ഡേ കോടതിയില്‍. പുന പരിശോധനാ ഹര്‍ജികളുടെ വാദം അന്തിമ ഘട്ടത്തില്‍. എല്ലാ വാദങ്ങളും ഒരു പോലെയാണെന്നും വാദങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here