എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എടിഎം കാര്‍ഡുകളില്‍ ചിപ്പ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ ബാങ്കുകളും എടിഎം കൗണ്ടറുകളില്‍ ഇതിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തി വരികയാണ്.

എന്നാല്‍ ഇതിനെക്കുറിച്ച് ശരിയായ ധാരണ ലഭിക്കാത്തത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുകയാണ്.

പുതിയ നിബന്ധനകള്‍ വന്നതിനു ശേഷം രണ്ടു തരം എടിഎമുകളാണ് നിലവിലുള്ളത്. ഇതില്‍ തന്നെ രണ്ടുതരം എടിഎമുകളുണ്ട്.

എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ കാര്‍ഡുകള്‍ പിടിച്ചു വയ്ക്കുന്നവയും ഇങ്ങനെ പിടിച്ചു വയ്ക്കാത്തവയുമുണ്ട്.

പുതിയ എടിഎം കാര്‍ഡുകള്‍ സുരക്ഷാ ചിപ്പ് വച്ച കാര്‍ഡുകളാക്കിയതോടെ ചിപ്പ് സംവിധാനം റീഡ് ചെയ്യുന്ന എടിഎമ്മുകളില്‍ കാര്‍ഡ് ഇട്ടുകഴിഞ്ഞാല്‍ ഉപയോഗം പൂര്‍ത്തിയാകുന്നതുവരെ കാര്‍ഡ് തിരിച്ചെടുക്കാനാകില്ല.

സൈ്വപ്പ് ചെയ്ത ശേഷം കാര്‍ഡ് പുറത്തെടുക്കുന്ന രീതിയാണ് നിലവില്‍ ഉണ്ടായിരുന്നത്. ഇതാണ് ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.

മുന്‍പരിചയമില്ലാത്തവര്‍ ഇങ്ങനെ പണമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്‍ഡ് മെഷീനില്‍ കുടുങ്ങിയതായാണ് കരുതുക. ഇതോടെ ശ്രമം തന്നെ ഉപേക്ഷിക്കുകയാണ് മിക്കയാളുകളും ചെയ്യുന്നത്.

പഴയ എടിഎമ്മുകളില്‍ ഈ പ്രതിസന്ധിയുണ്ടാകില്ല. ഇത്തരത്തില്‍ കാര്‍ഡ് മെഷീനില്‍ കുടുങ്ങിയെന്നു കരുതി പരിഭ്രമിക്കേണ്ടെന്നാണ് ബാങ്കുകള്‍ ഉപഭോക്താക്കളോട് പറയുന്നത്.

ഉപയോഗം കഴിയുന്നതോടെ കാര്‍ഡ് തിരിച്ചെടുക്കാനാകുമെവന്നും അധികൃതര്‍ പറയുന്നു.