തിരുവനന്തപുരം: വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ പ്രളയ സെസ‌് പ്രാബല്യത്തിൽ വരികയുള്ളൂവെന്നും അതിനായി കേരള ചരക്കുസേവന നികുതി നിയമത്തിൽ മാറ്റംവരുത്തുമെന്നും ധനമന്ത്രി നിയമസഭയിൽ അറിയിച്ചു.

അഷ്ടമുടിക്കായലിന്റെയും ശാസ്താംകോട്ട കായലിന്റെയും പാരിസ്ഥിതിക പുനഃസ്ഥാപനം റീ ബിൽഡ് കേരളയിൽ പരിഗണിക്കും. ശാസ്താംകോട്ട കായലിന്റെ പുനരുദ്ധാരണത്തിന് അധിക തുക അനുവദിക്കും. വനിതാ സംവിധായകരുടെ ബജറ്റ‌് സിനിമകൾക്ക് പ്രത്യേക ധനസഹായം നൽകാൻ മൂന്നു കോടി അനുവദിച്ചു.

പ്രേംനസീർ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ സ‌്മാരകം നിർമിക്കാൻ സ്‌മാരക ഫണ്ടിൽ നിന്ന്‌ പണം കണ്ടെത്തും. എറണാകുളത്ത് പണ്ഡിറ്റ് കെ പി കറുപ്പന്റെ സ്മാരകത്തിനായി 25 ലക്ഷം പ്രത്യേകമായി ഉൾപ്പെടുത്തി. വെങ്ങാനൂരിൽ അയ്യൻകാളി സ്ഥാപിച്ച സ്കൂൾ സർക്കാർ ഏറ്റെടുത്ത് അയ്യൻകാളി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളായി മാറ്റും.

പരിവർത്തിത ക്രൈസ്തവ കോർപറേഷനുള്ള വകയിരുത്തൽ 10 കോടിയിൽ 20 കോടിയാക്കി. ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനത്തിന്റെ നികുതി നിരക്ക് 28.75 ശതമാനത്തിൽനിന്ന് അഞ്ച‌ു ശതമാനമായി കുറച്ചു. ഇതുവഴി നൂറുകോടിരൂപയുടെ നികുതി നഷ്ടം വരുമെന്ന‌് കണക്കാക്കുന്നു. വൻകിട പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ഒരു ലക്ഷം കോടിയോളം രൂപ പൊതുനിക്ഷേപമായി ലഭിക്കുമെന്ന‌് മന്ത്രി പറഞ്ഞു.

റെയിൽപാതയ‌്ക്ക് 55,000 കോടിയും ജില്ലാ റോഡുകൾ വരെയുള്ളത് ബിഎംബിസി നിലവാരത്തിൽ നവീകരിക്കാൻ 50,000 കോടിയും ആവശ്യമാണ്. മൂലധന നിക്ഷേപത്തിലും പശ്ചാത്തല വികസനത്തിലും വൻകുതിപ്പാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നതെന്നും മൂലധനച്ചെലവിന് ഏറ്റവും കൂടുതൽ വിഹിതം നീക്കിവച്ച ബജറ്റാണിതെന്നും മന്ത്രി പറഞ്ഞു.