ഉറപ്പുകള്‍ പാലിക്കാതെ മഹാരാഷ്ട്ര സര്‍ക്കാര്‍; വീണ്ടും ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ച് കിസാന്‍ സഭ

ദില്ലി: വീണ്ടും കിസാന്‍ ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ച് അഖിലേന്ത്യാ കിസാന്‍ സഭ. കഴിഞ്ഞ വര്‍ഷം നല്‍കിയ ഉറപ്പ് നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകാത്തതോടെയാണ് വീണ്ടും മാര്‍ച്ച് പ്രഖ്യാപിച്ചത്. കിസാന്‍ ലോംഗ് മാര്‍ച്ച് ഈ മാസം 20ന് നാസികില്‍ തുടങ്ങി 27ന് മുംബൈയില്‍ അവസാനിക്കും.

കഴിഞ്ഞ സമരത്തെ അപേക്ഷിച്ച് ഇരട്ടി കര്‍ഷകര്‍ സമരത്തില്‍ അണിനിരക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന നാസിക് മുംബൈ കിസാന്‍ ലോംഗ് മാര്‍ച്ച് രാജ്യത്തെ കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഉജ്വലമായ ഏടായിരുന്നു.

കാര്‍ഷിക കടം എഴുതിതള്ളുക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക, ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍, മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ലോംഗ് മാര്‍ച്ചിലെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഈ ഉറപ്പ് പാലിക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് കിസാന്‍ സഭ വീണ്ടും ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ചത്. കര്‍ഷകരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പകരം ദിവസം മൂന്ന് രൂപ നല്‍കുമെന്ന് പറയുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. കര്‍ഷക വിരുദ്ധ സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ക്കെതിരെയാണ് വീണ്ടും മാര്‍ച്ച് പ്രഖ്യാപിച്ചതെന്ന് കിസാന്‍ സഭ നേതാക്കള്‍ പറഞ്ഞു.

ഫെബ്രുവരി 20ന് നാസികില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ഫെബ്രുവരി 27ന് മുംബൈയില്‍ എത്തും. കഴിഞ്ഞ വര്‍ഷത്തെ കര്‍ഷക പങ്കാളിത്തം 50000ത്തോളമായിരുന്നെങ്കില്‍ ഇത്തവണ അതിന്റെ ഇരട്ടി കര്‍ഷക പങ്കാളിത്തം ഉണ്ടാകുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

23 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ റാലിയില്‍ അണിനിരക്കും. നഗ്‌നപാദരായി കിലോമീറ്ററുകള്‍ താണ്ടി കര്‍ഷകര്‍ സമരവുമായി എത്തുന്നത് ഫട്‌നാവിസ് സര്‍ക്കാരിനും ബിജെപിക്കും സൃഷ്ടിക്കാന്‍ പോകുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here