ഇടുക്കി – ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തിയ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി

ഇടുക്കി – ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ചന്ദനം മുറിച്ചുകടത്തിയ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി. ഇച്ഛാമ്പെട്ടി ആദിവാസി കുടിയില്‍ മാരിയപ്പന്‍ മകന്‍ മധീഷ് ആണ് കീഴടങ്ങിയത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇയാള്‍ തമിഴ്നാട്ടില്‍ ഒളിവിലായിരുന്നെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ നിരീക്ഷണവലയത്തില്‍ ആയിരുന്നു.

ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചുരുളിപ്പെട്ടി, ഒട്ടച്ചിപ്പാലം എന്നീ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2 ചന്ദനമരങ്ങള്‍ മധീഷും, പാളപ്പെട്ടി കുടിയിലെ അരുണ്‍ കുമാറും ഏതാനും സുഹൃത്തുക്കളും മുറിച്ചു കടത്തിയിരുന്നു.

എന്നാല്‍ ചുരുളിപ്പെട്ടി ഭാഗത്തു നിന്നും മുറിച്ചു കടത്തിയ ചന്ദനവും ആയുധവും അടുത്ത ദിവസം തന്നെ ഒളിപ്പിച്ച നിലയില്‍ ഇരുന്നൂറു മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെടുത്തു.

ഇതറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് ഒരു മാസത്തിനുള്ളില്‍ ആണ് ഒട്ടച്ചിപ്പാലം ഭാഗത്തുള്ള മറ്റൊരു ചന്ദനമരം പ്രതികള്‍ മുറിച്ചു കടത്തിയത്.

ഉടന്‍ തന്നെ ഡോഗ് സ്‌ക്വഡ് സഹിതം അന്വേഷണം നടത്തിയെങ്കിലും തൊണ്ടിയോ പ്രതികളേയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് രഹസ്യാന്വേഷണത്തിലൂടെ പ്രധാന പ്രതികള്‍ ആരെല്ലാമാണെന്നു ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുകയും അവരെ പിന്തുടരുകയും ചെയ്തു.

കോടാന്തൂര്‍, ഈസല്‍ത്തട്ട്, ജെല്ലിപ്പെട്ടി തുടങ്ങിയ തമിഴ്നാട്ടിലെ വിവിധ കുടികളിലായി മധീഷ് ഒളിവില്‍ താമസിച്ചു വരികയായിരുന്നു. പ്രധാന പ്രതികളില്‍ ഒരാളായ അരുണ്‍ കുമാര്‍ ഏതാനും മാസങ്ങള്‍ക്ക് ശേഷം ചിന്നാര്‍ അസി. വൈല്‍ഡ്ല്‍ഡ്‌ലൈഫ് വാര്‍ഡന്‍ മുന്‍പാകെ കീഴടങ്ങിയിരുന്നു.

തുടര്‍ന്ന് മാതിനി ഭാഗത്തു പാറായിടുക്കില്‍ ഒളിപ്പിച്ചു വച്ച 9 കഷ്ണം ചന്ദനക്കാതല്‍, ചന്ദനം മുറിക്കാന്‍ ഉപയോഗിച്ച കൈവാള്‍ എന്നിവ അരുണ്‍കുമാര്‍ വനം വകുപ്പിന് കാണിച്ചു കൊടുത്തിരുന്നു.

ഒടുവില്‍ താനും പിടിക്കപ്പെടുമെന്നു ഉറപ്പായതോടെ കുറ്റസമ്മതം നടത്തി പ്രധാന പ്രതിയായ മധീഷ് വ്യാഴാഴ്ച കീഴടങ്ങുകയായിരുന്നു. മറ്റു പ്രതികള്‍ ഒളിവില്‍ കഴിഞ്ഞു വരികയാണ്.

മധീഷും, അരുണ്‍ കുമാറും കാന്തല്ലൂര്‍ ചന്ദനക്കാടുകളില്‍ നിന്നും ചന്ദനം മുറിച്ചു കടത്തിയതിന് നിലവില്‍ കേസുണ്ട്. പ്രതിയെ കുറ്റകൃത്യം നടത്തിയ വനഭാഗങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി . ദേവികുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News