ആര്‍എസ്എസ് ബിജെപിയുമായി വോട്ട് കച്ചവടത്തിനാണ് യുഡിഎഫ് നീക്കം; മലയിന്‍കീഴ്, കോട്ടുകാല്‍, കരിയോട് അനുഭവം അത് തെളിയിക്കുന്നുവെന്ന് കോടിയേരി

ലോക്‌സ്ഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക് സംവാദത്തില്‍ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഒരുപാട് ചോദ്യങ്ങള്‍ വന്നു. ഒരു മണിക്കൂറിലെ സംവാദമായതിനാല്‍ എല്ലാത്തിനും ആ സമയത്തിനുള്ളില്‍ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. പക്ഷേ, ആ ചോദ്യങ്ങളില്‍ ഉയര്‍ന്നുനിന്ന ഒരു സംശയം, ശബരിമലവിഷയം കാരണം ലോക്‌സ ഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറാന്‍ വേണ്ടത്ര കഴിയുമോ എന്നതായിരുന്നു.

അത്തരം സന്ദേഹത്തിന് അടിസ്ഥാനമില്ല. ഈ ആശങ്ക പരത്തുന്നതിന്, ബിജെപിയുഡിഎഫ് കേന്ദ്രങ്ങളെ പിന്തുണച്ച് വിവിധ മാധ്യമങ്ങളുടെ പേരില്‍ പുറത്തുവന്ന സര്‍വേ പ്രവചനങ്ങള്‍ കാരണമായിട്ടുണ്ട്. ജനമനസ്സുകളെ പാകപ്പെടുത്താനായി വിലയ്‌ക്കെടുക്കപ്പെടുന്ന രാഷ്ട്രീയതന്ത്രമാണ് ഇത്തരം സര്‍വേ റിപ്പോര്‍ട്ടുകള്‍. 2004ലെ ലോക്‌സകഭാ വോട്ടെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ആറും യുഡിഎഫിന് 14 ഉം സീറ്റാണ് ചാനല്‍ സര്‍വേകള്‍ പ്രവചിച്ചത്. എന്നാല്‍, ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 18 ഉം യുഡിഎഫിനും എന്‍ഡിഎയ്ക്കും ഓരോ സീറ്റുവീതവുമാണ് ലഭിച്ചത്. അതുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇത്തരം പ്രവചന സര്‍വേ റിപ്പോര്‍ട്ടുകള്‍ക്ക് കഴമ്പില്ല. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ നല്‍കാന്‍ പോകുന്നത് 2004ലെ പോലുള്ള വന്‍ വിജയമാകും.

മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരണം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കേന്ദ്രവിഷയം ശബരിമല യുവതീപ്രശ്‌നമല്ല. കൊള്ളരുതായ്മയില്‍ റെക്കോഡിട്ട മോഡി ഭരണത്തിന്റെ പരാജയം മറച്ചുവയ്ക്കാന്‍ ശബരിമലവിഷയത്തെ രാഷ്ട്രീയ തിരശ്ശീലയാക്കാന്‍ ചില ശക്തികള്‍ പരിശ്രമിക്കുകയാണ്. അഞ്ച് ആണ്ടാകാന്‍ പോകുന്ന മോഡി ഭരണം രാജ്യത്തെ അപകടത്തിലാക്കി. ഈ കാലയളവില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ്ര ഭരണത്തിലെ അഴിമതി മുതലെടുത്ത് ഭരണത്തിലേറിയവര്‍ അഴിമതിയില്‍ മുന്നേറിയിരിക്കുകയാണ്. റഫേല്‍ വിമാന ഇടപാട് ഉള്‍പ്പെടെ അതാണ് അടിവരയിടുന്നത്. രണ്ടുകോടി പേര്‍ക്ക് ഒരുവര്‍ഷം തൊഴില്‍ നല്‍കും എന്ന് പ്രകടനപത്രികയില്‍ വാദ്ഗാനം ചെയ്തു. അത് പ്രകാരം പത്തുകോടി പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കണമായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരാണ്ടിലെ കാര്യംമാത്രം എടുത്താല്‍ ഒരുകോടി പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ പോയി. തൊഴിലില്ലായ്മയുടെ വര്‍ധനയിലാണ് മോഡി സര്‍ക്കാരിന് സര്‍വകാലനേട്ടം. കര്‍ഷക ആത്മഹത്യ, വിലക്കയറ്റം, തൊഴില്‍സുരക്ഷിതത്വം നഷ്ടപ്പെടല്‍ തുടങ്ങിയവയെല്ലാം സങ്കീര്‍ണവിഷയങ്ങളായി. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം തീവ്രമായി നടപ്പാക്കിയതിന്റെ ഫലമാണ് ഇത്. ഇതിനും പുറമെയാണ് തീവ്രഹിന്ദുത്വ അഴിഞ്ഞാട്ടം. ഇതിന്റെയെല്ലാം ഫലമായി ഭരണഘടന, ജനാധിപത്യം, ബഹുസ്വരത എന്നിവയെല്ലാം ആര്‍എസ്എസ്‌നയിക്കുന്ന ബിജെപിയുടെ ഭരണത്തില്‍ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. ബിജെപി വീണ്ടും അധികാരത്തില്‍വന്നാല്‍ ഭരണഘടനാസംവിധാനങ്ങളെല്ലാം അട്ടിമറിക്കപ്പെടുമെന്നത് പകല്‍പോലെ വ്യക്തം. ഇങ്ങനെ ഏറ്റവും അപകടകരമായ ഹിന്ദുത്വ വര്‍ഗീയശക്തിയെ അധികാരത്തില്‍നിന്ന്‌ന പുറത്താക്കുകയെന്നതാണ് ഈ ലോക്‌സിഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം. ബിജെപിയെ പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരണം. അതിന് ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റിലെ ശക്തി വര്‍ധിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് ആവശ്യമാണ്.

ഇതെല്ലാം മറച്ചുവച്ച് ശബരിമലയാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമെന്ന് പ്രചരിപ്പിക്കുന്നത് മോഡി ഭരണത്തെയും സംഘപരിവാറിനെയും സഹായിക്കുന്നതാണ്. ശബരിമല യുവതീപ്രവേശം എല്‍എഡിഎഫ് സര്‍ക്കാരോ കമ്യൂണിസ്റ്റുകാരോ കൊണ്ടുവന്നതല്ല. യുവതികള്‍ക്ക് പ്രവേശനം കിട്ടാനായി ഏതാനും സ്ത്രീകള്‍ സമര്‍പ്പിച്ച കേസില്‍ ഒരു വ്യാഴവട്ടക്കാലത്തെ വാദപ്രതിവാദത്തിനൊടുവില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ച വിധിയാണ്. അതിനെ പിന്തുണയ്ക്കുകയായിരുന്നു കോണ്‍ഗ്രസും ബിജെപിയും ആദ്യഘട്ടത്തില്‍ ചെയ്തത്. ഈ വിധി നടപ്പാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങോ സംസ്ഥാന സര്‍ക്കാരിനെ ഉപദേശിച്ചിട്ടില്ല. വിധി നടപ്പാക്കണമെന്നാണ് കേന്ദ്ര വനിതാക്ഷേമമന്ത്രി മേനക ഗാന്ധി അഭിപ്രായപ്പെട്ടത്. പട്ടാളത്തെ ഇറക്കിയിട്ടാണെങ്കിലും സ്ത്രീകള്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കണമെന്നാണ് ബിജെപി എംപി സുബ്രഹ്മണ്യന്‍സ്വാമി പറഞ്ഞത്. വിധിക്കെതിരെ ഒരുവിഭാഗം പ്രക്ഷോഭം സംഘടിപ്പിച്ചപ്പോള്‍ അത് മനസ്സിലാക്കി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാനും മറ്റു നിയമനടപടി സ്വീകരിക്കുന്നതിനുമാണ് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടത്. മോഡിയും മറ്റും കേരളത്തില്‍ വന്ന് അടിക്കടി എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ശബരിമലയിലെ കോടതിവിധി നടപ്പാക്കരുതെന്ന് പരസ്യമായി ഇതുവരെ മോഡി ആവശ്യപ്പെട്ടിട്ടില്ല.

സുപ്രീംകോടതി വിധി, ഉണ്ടിരിക്കുന്ന യജമാനന് വെളിപാടുണ്ടായതുപോലെ പൊടുന്നനവെ വന്ന ഒന്നല്ല എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ക്ഷേത്രാചാരത്തെയടക്കം തലനാരിഴകീറി പരിശോധിച്ച്ി 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിധിയുണ്ടായത്. ഇതിനോട് സ്ത്രീസമൂഹം പൊതുവിലും പുരോഗമനചിന്താഗതിക്കാരും ഭരണഘടനാവിശ്വാസികളും പ്രത്യേകിച്ചും യോജിച്ചു. എന്നാല്‍, വിശ്വാസികളില്‍ ഒരുവിഭാഗം വിധിയോട് വിയോജിച്ചു. അത്തരക്കാരുടെ വികാരത്തെ ചൂഷണംചെയ്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ വിരുദ്ധ സമരത്തിന് സംഘപരിവാര്‍ ഇറങ്ങി. പിന്നാലെ കോണ്‍ഗ്രസും യുഡിഎഫിലെ കക്ഷികളും കൂടി. ഇതിനിടെ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ നല്‍കി. അത്തരം ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച് വാദം കേള്‍ക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിശ്ചയിച്ചിരിക്കുകയുമാണ്. യുവതീപ്രവേശനത്തിന് അനുകൂലമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ആ നിലപാടില്‍ ചാഞ്ചാട്ടമില്ല. അതുള്ളപ്പോള്‍ത്തന്നെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഈ വിഷയത്തില്‍ പ്രഖ്യാപിക്കുന്ന വിധി എന്തായാലും അത് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകും. അതിനര്‍ഥം ശബരിമല വിഷയത്തില്‍ ഭരണഘടനാനുസൃതമായിമാത്രമേ എല്‍എഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകൂ എന്നാണ്.

നാടിനെ വികസനോന്മുഖമാക്കുന്ന ഭരണം

പുനഃപരിശോധനാ ഹര്‍ജിയുടെ വാദവേളയില്‍, സ്ത്രീപ്രവേശനത്തിനെതിരെ വാദിക്കാന്‍ കോണ്‍ഗ്രസിലെ പ്രയാര്‍ ഗോപാലകൃഷ്ണനെ പ്രതിനിധാനംചെയ്തയ്ത മനു അഭിഷേക് സിങ്വി ഹാജരാകുകയും വിശ്വാസവും ആചാരവും ഭരണഘടനയുമായി ബന്ധിപ്പിക്കരുതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ്മ നേതാവ് സിങ്വി ഉന്നയിച്ച വാദം രാജ്യത്ത് നടപ്പാക്കിയാല്‍ അയോധ്യയില്‍ ബാബ്‌റി് മസ്ജിദ് പൊളിച്ച ഹിന്ദുത്വ കാവിപ്പടയ്ക്ക് ന്യായീകരണമാകും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ലൈസന്‍സുമാകും. രാജ്യത്തെ നൂറുകണക്കിന് പള്ളികള്‍ പണ്ട് അമ്പലമാണെന്ന് സംഘപരിവാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത് ഹിന്ദുത്വശക്തികളുടെ വിശ്വാസമാണെന്നും ഇത് നടപ്പാക്കുന്നതിന് ഭരണഘടന തടസ്സം നില്‍ക്കരുത് എന്നും വന്നാല്‍ എന്താകും രാജ്യത്തിന്റെ അവസ്ഥ. വിശ്വാസവും ആചാരവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നാണ് 2018 സെപ്തംബര്‍ 28ലെ ശബരിമലവിധിയില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ച് വ്യക്തമാക്കിയത്. ഇങ്ങനെ രാജ്യത്തിന്റെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തെ സാരമായി ബാധിക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സുപ്രീംകോടതി വിധി. ഈ വിധിയെ കേരളത്തില്‍ എല്‍ഡിഎഫിനെ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ ആയുധമാക്കുന്നതില്‍ ബിജെപിക്കും ആര്‍എസ്എസിനും കൂട്ടായി നില്‍ക്കുകയാണ് കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പെടുന്ന യുഡിഎഫ്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസ് ബിജെപിയുമായുളള വോട്ട് കച്ചവടത്തിനുള്ള അടിത്തറയാക്കി ശബരിമല വിഷയത്തെ മാറ്റാനാണ് നോട്ടം. ഈ പരിശ്രമത്തിന്റെ പരസ്യവിളംബരമാണ് മലയിന്‍കീഴ്, കോട്ടുകാല്‍, കരിയോട് പഞ്ചായത്തുകളിലെ എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തതില്‍ തെളിയുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ജാഥയില്‍ എ കെ ആന്റണി മുതലുള്ള നേതാക്കള്‍ വര്‍ഗീയതയ്‌ക്കെതിരായി സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ആരും ചിരിച്ചുപോകും. കോണ്‍ഗ്രസ്സ നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആരാണ്? കെപിസിസി ഭാരവാഹിയായ കെ സുധാകരന്‍ ആരാണ്? ഇവരെല്ലാം ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനെ തോല്‍പ്പിക്കുന്ന വര്‍ഗീയതയല്ലേ വിളമ്പുന്നത്. പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ്. നേതാവ് അഭിഷേക് സിങ്വി ഹാജരായത് കെപിസിസിയുടെയും ഹൈക്കമാന്‍ഡിന്റെയും പിന്തുണയോടെയല്ലേ. ശബരിമലയില്‍ യുവതീപ്രവേശനം ഉണ്ടായാല്‍ ഹിന്ദുമതം തകരുമെന്ന ഭീതി പരത്തുന്നത് ദേശീയത്വമോ മതവിശ്വാസമോ അല്ല, തനി വര്‍ഗീയതയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിനെ ഒറ്റപ്പെടുത്തുന്നതിനുള്ള മാര്‍ഗം ബിജെപിക്കൊപ്പം ചേര്‍ന്ന് കണ്ടുപിടിക്കുന്നതിന് കേരളത്തിലെ യുഡിഎഫുകാര്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ്‌ന നേതാക്കള്‍ തങ്ങളുടെ ഭാവനാശക്തിയും ചിന്തയും കേന്ദ്രീകരിക്കുന്നതിനുപകരം മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരാതിരിക്കാനുളള മാര്‍ഗത്തെപ്പറ്റി ചിന്തിക്കുകയാണ് വേണ്ടത്. ഇത് ഒരു പഴയ ലോകമല്ല. കേരളത്തില്‍ എ കെ ആന്റണി പ്രസംഗിക്കുമ്പോള്‍ അത് ഇന്ത്യയിലാകെ കേള്‍ക്കും. മോഡി സര്‍ക്കാരിനെയും പിണറായി സര്‍ക്കാരിനെയും ഒരു തട്ടില്‍ തൂക്കുമ്പോള്‍, മോഡിക്ക് പവിത്രത നല്‍കുകയാണ്. അത് ബിജെപിയെ സഹായിക്കലാണ്. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ എല്ലാവരും യോജിക്കണം. അങ്ങനെ യോജിക്കുന്നതില്‍ കക്ഷികള്‍ തമ്മിലുള്ള വ്യത്യാസം മാറ്റിവയ്‌ക്കേണ്ടതില്ല. കക്ഷികള്‍തമ്മില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലോ മറ്റു തെരഞ്ഞെടുപ്പുകളിലോ മത്സരിക്കുന്നത് ഒഴിവാക്കേണ്ടതില്ല. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ടു കൊണ്ടു പോകുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഈ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനുള്ള ആയുധമാക്കി ശബരിമല വിഷയത്തെ മാറ്റരുത്. പ്രളയക്കുഴപ്പം മറികടക്കാന്‍ കേരളത്തിന് 31000 കോടി രൂപ വേണം. ഇതില്‍ അയ്യായിരം കോടി രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചത്. വിദേശ സഹായം വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. കേരളത്തെ ഒരു ശത്രുരാജ്യത്തെപ്പോലെയാണ് കേന്ദ്രം പരിഗണിക്കുന്നത്. ഇതിന് അറുതിവരുത്താന്‍ എല്ലാ കേരളീയരും മുന്നോട്ടുവരണം. പ്രളയത്തെ മറികടക്കാനും നവകേരളം സൃഷ്ടിക്കാനുമുള്ള യജ്ഞത്തിന്റെ ഭാഗമാണ് 25 ഇന നവപദ്ധതികള്‍ നിര്‍ദേശിക്കുന്ന സംസ്ഥാന ബജറ്റ്. പിണറായി വിജയന്‍ സര്‍ക്കാരിനെയും മോഡി സര്‍ക്കാരിനെയും കേന്ദ്രത്തിലെയും കേരളത്തിലെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരുകളെയും താരതമ്യംചെയ്യാനുള്ള അവസരമാണ് ലോക്‌സ്ഭാ തെരഞ്ഞടുപ്പ്. നാടിനെ വിസ്മരിക്കുന്ന ഭരണമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും. എന്നാല്‍, നാടിനെ വികസനോന്മുഖമാക്കുന്നതിലും ജനങ്ങളുടെ കണ്ണീരൊപ്പുന്നതിലും ഇന്ത്യയ്ക്ക് മാതൃകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇതെല്ലാം തിരിച്ചറിയുന്ന കേരളത്തിലെ ജനങ്ങള്‍ ലോക്‌സെഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം ഉണ്ടാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here