ഓക്ക്ലന്‍ഡില്‍ നടന്ന രണ്ടാം ട്വന്‍റി-20യില്‍ ന്യൂസിലന്‍ഡിനെ ഏ‍ഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ മൂന്ന് മതസരങ്ങളുടെ പരമ്പര സമനിലയിലാക്കി.

വെല്ലിങ്ങ്ടണ്‍ മത്സരത്തിലെ പി‍ഴവുകളെല്ലാം അതേ ടീമിനെക്കൊണ്ട് തിരുത്തിയെ‍ഴുതിയാണ് ഇന്ത്യ വിജയം നേടിയത്.

സ്കോര്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ്, ഇന്ത്യ 18.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 162 റണ്‍സ്.

ന്യൂസിലന്‍ഡിൽ ഇന്ത്യയുടെ ആദ്യ ട്വന്‍റി-20 ജയമാണിത്. ന്യൂസിലൻഡിന്‍റെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീ‍ഴ്ത്തിയ ക്രുനാൽ പാണ്ഡ്യയാണ് (നാല് ഓവറിൽ 28 റൺസിന് മൂന്നു വിക്കറ്റ്) മാന്‍ ഓഫ് ദ മാച്ച്.

പരമ്പരയിലെ നിർണായകമായ മൂന്നാം മൽസരം ഞായറാഴ്ച ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടക്കും

തകർപ്പൻ അർധസെഞ്ചുറിയുമായി മുന്നിൽനിന്ന് പടനയിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

29 പന്തുകൾ നേരിട്ട രോഹിത് മൂന്നു ബൗണ്ടറിയും നാലു സിക്സും സഹിതം 50 റൺസെടുത്ത് പുറത്തായി.

ഓപ്പണിങ് വിക്കറ്റിൽ ശിഖർ ധവാനൊപ്പം 77 റൺസിന്‍റെ കൂട്ടുകെട്ട് തീർത്ത് രോഹിത് ശർമ ഇന്ത്യൻ വിജയം അനായാസമാക്കിയിരുന്നു.

ആറ് ഓവറിൽ ഇന്ത്യ 50 കടന്നു. 28 പന്തിൽ മൂന്നു ബൗണ്ടറിയും നാലു സിക്സും സഹിതം രോഹിത് ട്വന്‍റി-20യിലെ 16–ാം അർധസെഞ്ചുറി നേടി.

എന്നാൽ തൊട്ടുപിന്നാലെ ഇഷ് സോധിയുടെ പന്തിൽ ടിം സൗത്തിക്ക് ക്യാച്ച് സമ്മാനിച്ച് പുറത്താകുകയും ചെയ്തു.

അധികം വൈകാതെ ലോക്കി ഫെർഗൂസനെ സിക്സിനു പറത്താനുള്ള ശ്രമം പിഴച്ച് ധവാനും കൂടാരം കയറി.

31 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 30 റൺസെടുത്ത ധവാനെ കോളിൻ ഗ്രാൻഡ്ഹോം ക്യാച്ചെടുത്താണ് മടക്കിയത്.

എട്ട് പന്തില്‍ 14 റണ്‍സെടുത്ത് വിജയ് ശങ്കര്‍ മടങ്ങിയെങ്കിലും പിരിയാത്ത നാലാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്ത ഋഷഭ് പന്ത് – ധോണി സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു.

പന്ത് 28 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 40 റൺസോടെയും ധോണി 17 പന്തിൽ ഒരു ബൗണ്ടറി സഹിതം 20 റൺസോടെയും പുറത്താകാതെ നിന്നു.

രോഹിത്തിന്‍റെ റെക്കോഡുകള്‍

അർധസെഞ്ച്വറിയുമായി മത്സരം നിയന്ത്രിച്ച രോഹിത് ശർമ ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിലാക്കി.

ഇതോടെ രാജ്യാന്തര ട്വന്‍റി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി രോഹിത് മാറി.

92 മൽസരങ്ങളിലായി 84 ഇന്നിങ്സുകളിൽനിന്ന് 2288 റൺസ് നേടിയ രോഹിത്, ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിലിനെയാണ് മറികടന്നത്.

60 ഇന്നിങ്സുകളിൽനിന്ന് 2167 റൺസുമായി നാലാം സ്ഥാനത്താണ് കോഹ്‍ലി. മൽസരത്തിലാകെ നാലു സിക്സ് നേടിയ രോഹിത് ശർമ, രാജ്യാന്തര ട്വന്‍റി-20യിലെ സിക്സുകളുടെ എണ്ണം 100 കടത്തി.

102 സിക്സ് തികച്ച രോഹിത്, രാജ്യാന്തര ട്വന്‍റി-20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി.

103 സിക്സ് വീതം നേടിയ വിൻഡീസ് താരം ക്രിസ് ഗെയ്‍ൽ, ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ എന്നിവരാണ് മുന്നിൽ.

ട്വന്‍റി-20യിൽ ഏറ്റവും കൂടുതൽ തവണ 50ന് മുകളിൽ റൺസ് നേടുന്ന താരവുമായി രോഹിത്. 16 അർധസെഞ്ചുറികളും നാലു സെഞ്ചുറികളും ഉൾപ്പെടെ 20 തവണയാണ് രോഹിത് 50 പിന്നിട്ടത്.

19 തവണ 50 കടന്ന വിരാട് കോഹ്‍ലിയുടെ റെക്കോർഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. ക്യാപ്റ്റനെന്ന നിലയിൽ 13–ാം ഇന്നിങ്സ് കളിച്ച രോഹിത് 500 റൺസും പിന്നിട്ടു.

19 ഇന്നിങ്സിൽനിന്ന് ക്യാപ്റ്റനെന്ന നിലയിൽ 500 റൺസ് പിന്നിട്ട കോഹ്‍ലിയുടെ റെക്കോർഡും രോഹിത്ത് സ്വന്തം പേരിലാക്കി.

നേരത്തെ, തുടക്കത്തിലും അവസാന ഓവറുകളിലും ഇന്ത്യൻ ബോളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ന്യൂസിലൻഡിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റൺസെടുക്കാനെ ക‍ഴിഞ്ഞുള്ളു.

ട്വന്‍റി-20യിലെ ആദ്യ അർധസെഞ്ചുറി കുറിച്ച കോളിൻ ഗ്രാൻഡ്ഹോമാണ് (28 പന്തിൽ 50) കിവീസിന്‍റെ ടോപ് സ്കോറർ.

ന്യൂസിലൻഡിനെതിരെ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

4ന് 50 റൺസ് എന്ന നിലയില്‍ തകര്‍ന്ന കീവീസിനെ അഞ്ചാം വിക്കറ്റിൽ കോളിൻ ഗ്രാൻഡ്ഹോം–റോസ് ടെയ്‌ലർ സഖ്യം കൂട്ടിച്ചേർത്ത അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഉയര്‍ന്ന സ്കോറിലേക്ക് നയിച്ചത്.

7.5 ഓവർ ക്രീസിൽ നിന്ന ഈ സഖ്യം 77 റൺസടിച്ചെടുത്തു. 10 ഓവർ പൂർത്തിയാകുമ്പോൾ നാലിന് 60 റൺസ് എന്ന നിലയിലായിരുന്ന കിവീസിനെ, 15 ഓവർ പൂർത്തിയാകുമ്പോൾ നാലിന് 121 റൺസ് എന്ന നിലയിലെത്തിച്ചത് ഗ്രാൻഡ്ഹോമിന്റെ തകർപ്പൻ ബാറ്റിങ്ങാണ്.

എന്നാൽ, ഗ്രാൻഡ്ഹോം പുറത്തായശേഷം അവസാന അഞ്ച് ഓവറിൽ അവർക്കു നേടാനായത് 37 റൺസ് മാത്രം

ഇന്ത്യയ്ക്കായി ഖലീൽ അഹമ്മദ് രണ്ടും, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.