ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ വീട്ടിലെത്തിയതോടെ രണ്ടു വയസ്സുകാരി നിയമോൾക്ക് എല്ലാവരോടുമുള്ള പിണക്കം മാറി.

നിയമോൾക്കുള്ള കേൾവി സഹായി ഉപകരണവുമായാണ് ശൈലജ ടീച്ചർ എത്തിയത്.ട്രെയിൻ യാത്രയ്ക്കിടെ കേൾവി സഹായി കള്ളൻ കൊണ്ടുപോയത്തോടെ നഷ്ടപ്പെട്ട സന്തോഷമാണ് നിയമോളുടെ വീട്ടിലേക്ക് തിരിച്ചു വന്നത്.

നിയമോൾ ഇപ്പോൾ ഹാപ്പിയാണ്.അവളുടെ അച്ഛനും അമ്മയും അതിലേറെ സന്തോഷത്തിൽ.ഇപ്പോൾ നിയ മോൾക്ക് എല്ലാവരും അവളെ കൊഞ്ചിക്കുന്നതും കിളികളുടെ ശബ്ദവും എല്ലാം കേൾക്കാം.

ഒരാഴ്ചയോളമായി നഷ്ടപ്പെട്ട കളിയും ചിരിയുമാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കൊപ്പം നിയ മോളുടെ വീട്ടിലേക്ക് തിരിച്ചെത്തിയത്.

ട്രെയിൻ യാത്രയ്ക്കിടെ കള്ളൻ കൊണ്ടുപോയ കേൾവി സഹായിക്ക് പകരം പുതിയതുമായാണ് ശൈലജ ടീച്ചർ നിയ മോളെ കാണാൻ എത്തിയത്.

4 ലക്ഷത്തോളം രൂപ വില വരുന്ന പുതിയ കേൾവി സഹായി വാങ്ങാൻ കഴിയാതെ നിസഹായാവസ്ഥയിൽ ആയിരുന്നു നിയ മോളുടെ മാതാ പിതാക്കൾ.

മാധ്യമ വർത്തകളിലൂടെ ഇക്കാര്യം അറിഞ്ഞാണ് ആരോഗ്യ മന്ത്രി സഹായവുമായി എത്തിയത്.

സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലുള്ള വീ കെയർ പദ്ധതി പ്രകാരമാണ് നിയമോൾക്ക് പുതിയ കേൾവി സഹായി നൽകിയത്.

ഇപ്പോൾ നൽകിയ താൽക്കാലിക ഹിയറിങ് എയ്ഡ് മാറ്റി പിന്നീട് പുതിയത് നൽകും.

കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിൽ നിന്നും കോഴിക്കോടേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ് രണ്ടു വയസ്സുകാരി നിയ മോളുടെ കേൾവി സഹായി ഉപകരണം കള്ളൻ കൊണ്ടു പോയത്.

ജന്മനാ കേൾവി പ്രശ്നമുള്ള നിയ മോൾക്ക് നാല് മാസം മുൻപി കോക്ലിയർ ഇമ്പ്ലാന്റ് ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് ഉപകരണത്തിന്റെ സഹായത്തോടെ കേട്ട് തുടങ്ങിയത്.

സ്പീച്ച് തെറാപ്പിക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകും വഴിയാണ് സ്പീച്ച് പ്രൊസസ്സർ ഉൾപ്പെട്ട ബാഗ് ആരോ തട്ടിയെടുത്തത്.