
കുമ്പളങ്ങി നൈറ്റ്‌സ് അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകലോകം ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ സിനിമയുടെ നിരൂപണങ്ങള്‍ നിറയുകയാണ്. പോത്തേട്ടന്‍സ് ബ്രില്യന്‍സ് പോലെ സിനിമയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശ്യാമേട്ടന്‍സ് ബ്രില്യന്‍സിനെക്കുറിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രന്‍ എഴുതുന്നത്.
സിനിമയുടെ രചയിതാവായ ശ്യാം പുഷകരനെക്കുറിച്ചും സിനിമയെക്കുറിച്ചും രാജീവ് രാമചന്ദ്രന്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം:
‘കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ച് ഇനി എഴുതാനൊന്നും ബാക്കിയുണ്ടെന്ന് തോന്നുന്നില്ല. അതു കൊണ്ട് അതിന്റെ പരിസരത്തെ കുറിച്ച് ചിലത് പറയട്ടെ.
ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ എഴുതാന്‍ പടത്തിന്റെ ഹാര്‍ഡ് ഡ്രൈവുമായി വന്നപ്പോഴാണ് Syam നെ ജീവനോടെ ആദ്യമായി കാണുന്നത്; Unnimaya യേയും.
‘അലമ്പ് പടമാണ് ചേട്ടാ’ എന്നായിരുന്നു മുഖവുര തന്നെ 🙂 കൃത്യം എഴുതിത്തയ്യാറാക്കിയ സ്‌ക്രിപ്റ്റില്ലാതെ
കഥാസന്ദര്‍ഭങ്ങള്‍ ഡെവലപ് ചെയ്‌തെടുത്തതിനെ പറ്റിയെല്ലാമാണ്
ശ്യാം സംസാരിച്ചത്. ഉണ്ണിമായ പക്ഷെ നല്ല കോണ്‍ഫിഡന്‍സിലായിരുന്നു. ‘ശ്യാം വെറുതെ പറയുന്നതാ, ഇത് നല്ല പടമാണെ’ന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞു.
പിന്നീട് പടം എനിക്ക് നല്ല ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ‘ഐവ’ എന്ന സന്തോഷാശ്ചര്യമായിരുന്നു ശ്യാമിന്റെ പ്രതികരണം. അവകാശവാദങ്ങളിലല്ല, അനുഭവത്തിലാണ് കാര്യം എന്ന ഈ വിശ്വാസം തന്നെയാണ് ശ്യാം പുഷ്‌കരനെ സ്റ്റാന്‍ഡ് ഔട്ട് ആക്കുന്നതെന്ന് തോന്നുന്നു.
മഹേഷിന്റെ പ്രതികാരം പൊന്‍മുട്ടയിടുന്ന താറാവിന്റെ ‘വികലാനുകരണ’മാണെന്ന് സ്വയം വിലയിരുത്താന്‍ പറ്റുന്നതും അതുകൊണ്ടുതന്നെയാവണം.
കഥാപാത്രങ്ങളെ പരിചിതമായസന്ദര്‍ഭങ്ങളില്‍ ജീവിതത്തോളം സ്വാഭാവികമായി കൊണ്ടുനിറുത്താനും മനുഷ്യരെ പോലെ സംസാരിപ്പിക്കാനും കഴിയുന്നു എന്നതാണ് ശ്യാം എന്ന എഴുത്തുകാരന്റെ വലിയ വിജയം.
‘ഇത് നടപടിയാവുന്ന കേസല്ല ബേബി മോളേ എന്ന് ഏത് സിമിയും ‘യേശു നമുക്കറിയാത്ത ആളല്ലല്ലോ’ എന്ന് ഏത് ബേബി മോളും പറയും, എന്നാല്‍ അവരങ്ങനെ പറയുമെന്ന് കൃത്യമായി ശ്യാമിനറിയാമെന്നതാണ് കാര്യം.
‘കൂട്ടുകാരന്‍ പ്രശാന്ത്’ ബോബിയെ ‘ഗോപീ’ എന്ന് വിളിക്കുന്നത് നോട്ടപ്പിശകാണോ എന്ന് ഞാന്‍ സംശയിച്ചപ്പോള്‍, ‘കൂട്ടുകാരന് കൊള്ളാവുന്ന പേരുണ്ടെങ്കില്‍ നമ്മളത് തെറ്റിച്ചേ വിളിക്കൂ, ചേട്ടാ’ എന്ന് ശ്യാം എന്നെ അപ്‌ഡേറ്റ് ചെയ്തു.
ഓരോ സന്ദര്‍ഭങ്ങളിലൂടെയും സംഭാഷണത്തിലൂടെയും മുന്നോട്ടു പോയപ്പോള്‍ ഫിലിം മേക്കിംഗിലെ ബ്രില്യന്‍സ് ‘ശ്യാമേട്ടന്‍സ്’ കൂടിയാണെന്ന് വീണ്ടും വീണ്ടും ബോധ്യമായി.
ഫഹദ് ഫാസിലിന് ഷമ്മിയെന്നും ചിറ്റപ്പന് സുഗോഷെന്നും സജിയുടെ വയസ്സായ കൂട്ടുകാരന് ജപ്പാന്‍ കുഞ്ഞെന്നും പേര് കൊടുക്കാന്‍ ചില്ലറ ബ്രില്യന്‍സ് ഒന്നും പോര.
ചില കഥകളെ കുറിച്ചു പറഞ്ഞപ്പോള്‍ എഴുത്തിന്റെ / മേക്കിംഗിന്റെ ക്രാഫ്റ്റ് കൈവിട്ടാല്‍ ഇന്റന്‍ഷനും റിസള്‍റ്റും വേറെയാകുമെന്ന അഭിപ്രായം കൂടി കേട്ടപ്പോള്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു. ഈ യുവാവാണ് മലയാള സിനിമയിലെ ഇന്നത്തെ ആന്ദ്രേ തര്‍ക്കരഹിതോവ്‌സ്‌കി!
എനിക്കെന്തായാലും ഇല്ല, തര്‍ക്കം!’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here