തിരുവനന്തപുരം: ഇടതുപക്ഷത്തിന് വിലയിടാന്‍ രാജ്യത്ത് ഒരു പണച്ചാക്കും ധൈര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ ഇടതുപക്ഷം രാജ്യത്ത് അത്ര ശക്തമല്ലല്ലോ എന്ന് സംശയിക്കുന്നവരുണ്ടാകാം.

ഇടതുപക്ഷ സാന്നിധ്യം എന്ത് മാറ്റമുണ്ടാക്കും എന്ന് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കണ്ടതാണ്.അന്ന് ജനക്ഷേമകരമായ ഒട്ടേറെ തീരുമാനങ്ങള്‍ എടുപ്പിക്കാന്‍ ഇടതുപക്ഷ ഇടപെടല്‍ വഴിയൊരുക്കി.

ആ വഴിക്കാണ് ഇന്ന് ദേശീയ രാഷ്ട്രീയം തിരിഞ്ഞിരിക്കുന്നത്’; മുഖ്യമന്ത്രി വിശദീകരിച്ചു.

കെഎസ്ടിഎ സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഇകെ നായനാര്‍ പാര്‍ക്കില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന വിപത്തുകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ.

മോഡിക്കും കൂട്ടര്‍ക്കും ഒരിക്കല്‍ കൂടി രാജ്യത്തിന്റെ നിയന്ത്രണം കൈവന്നാല്‍ മതനിരപേക്ഷതയും ജനാധിപത്യവും തകരും. ഈ അപകടകാരികളെ രാജ്യത്തിന്റെ നിയന്ത്രണം ഏല്‍പിക്കരുത്.

ഇത്തരം ശക്തികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംസ്‌കാരമാണ് കേരളത്തിന്റേത്. അത് നിലനിര്‍ത്താനാകണം. കോടികള്‍ വിലയിടുന്നതിന് അനുസരിച്ച് രാഷ്ട്രീയ നിലപാട് എടുക്കുന്ന ആഭാസന്മാര്‍ പ്രത്യേക രാഷ്ട്രിയത്തിന്റെ ഭാഗമായി നിലകൊള്ളുന്നുണ്ട്.

അവര്‍ ഒരിക്കലും ജനപ്രതിനിധികളായി വന്നുകൂടാ. ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണം. നവോത്ഥാനത്തെയും നവോത്ഥാന നായകരെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഇന്ന് കുറഞ്ഞിരിക്കുന്നു.

ചരിത്രത്തിന്റെ ഭാഗമായ നവോത്ഥാന നായകരെ കുറിച്ച്‌പോലും വേണ്ടത്ര പഠിപ്പിക്കുന്നില്ല. ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. നവോത്ഥാനകാലം കുട്ടികള്‍ നന്നായി അറിയണം.

വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ നവോത്ഥാന നായകര്‍ വലിയതോതില്‍ ഇടപെട്ടു. മിഷനറിമാരുടെ പങ്കും പ്രധാനമാണ്. നാടിന്റെ ഇന്നത്തെ അവസ്ഥക്ക് അടിത്തറയിട്ടത് നവോത്ഥാനമാണ്. എന്നാല്‍ നവോത്ഥാനം മാത്രമാണ് സാമൂഹ്യമാറ്റത്തിന് ഇടയാക്കിതെന്ന് പറയാനാകില്ല.

കേരളത്തില്‍ നവോത്ഥാനത്തിന് ശരിയായ തുടര്‍ച്ചയുണ്ടായി. ദേശീയ പ്രസ്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുടെ ഫലമായി നവോത്ഥാന ആശയം പുതിയ മാനത്തിലേക്ക് ഉയര്‍ന്നു. വര്‍ഗപരമായ ഐക്യമുണ്ടായി. ജാതിവ്യവസ്ഥ ഇല്ലാതായി.

ഇതിലൂടെ നവോത്ഥാന നായകര്‍ ആഗ്രഹിച്ചപോലെ ജാതിഭേദമില്ലാത്ത സമൂഹത്തെ വാര്‍ത്തെടുക്കാനായി. യാഥാസ്ഥിതിക വിഭാഗം ഇതില്‍ അസംതൃപ്തരായിരുന്നു. നവോത്ഥാന നായകര്‍ എന്തിനെതിരെ പോരാടിയോ അതിനെ പുനഃസ്ഥാപിക്കാന്‍ അവര്‍ തുടര്‍ച്ചയായി ശ്രമിച്ചു. നാട് വേണ്ടത്ര ഇത് ശ്രദ്ധിച്ചില്ല.

ഇപ്പോള്‍ പ്രത്യേക രീതിയില്‍ അത് പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് നമ്മുടെ നാട്ടിലും ഇങ്ങനെ ചിന്തിക്കുന്നവരുണ്ടോ എന്ന് നാം ആശ്ചര്യപ്പെട്ടത്. നാടിനെ ഇരുണ്ടനാളുകളിലേക്ക് തള്ളിയിടാനുള്ള പരിശ്രമങ്ങള്‍ക്ക് എതിരെ ജാഗ്രതപാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.