കോട്ടയം: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്റെ സമര പോരാട്ടങ്ങളും രാഷ്ട്രീയ ജീവിതവും പ്രമേയമാക്കി രചിക്കപ്പെട്ട ‘തീക്കാറ്റു പോലെ’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കോട്ടയം സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളില്‍ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രൊഫ. എം കെ സാനു ഏറ്റുവാങ്ങി.

ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ആവേശമായ വൈക്കം വിശ്വന്റെ ജീവിതയാത്രയിലെ സമരതീക്ഷ്ണമായ അനുഭവങ്ങളാണ് ‘തീക്കാറ്റുപോലെ’ എന്ന കൃതി. സ്‌കൂള്‍ പഠനകാലത്തെ സംഘടനാ പ്രവര്‍ത്തനങ്ങളും എകെജിയെ ആദ്യം കണ്ടതും സംഘടനാ പ്രവര്‍ത്തനത്തിനു പോകുമ്പോഴുള്ള ഭീഷണികളു മൊക്കെ വൈകാരികമായ ഭാഷയില്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

സിഎംഎസ് കോളേജ് ഗ്രേറ്റ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും വൈക്കം വിശ്വന്റെ അധ്യാപകനുമായ പ്രൊഫ. എം കെ സാനു പുസ്തകം ഏറ്റുവാങ്ങി. വൈക്കം വിശ്വനോടൊപ്പമുള്ള വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രവര്‍ത്തന കാലത്തെ ഓര്‍മകള്‍ മുഖ്യമന്ത്രി പങ്കുവച്ചു.

ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് അധ്യക്ഷനായി. കവി ഏഴാച്ചേരി രാമചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. മന്ത്രി എംഎം മണി, സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ്, അഡ്വ. കെ സുരേഷ്‌കുറുപ്പ് എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ആര്‍ സാംബന്‍ തയ്യാറാക്കിയ കൃതി സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിക്കുന്നത്.