സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം പരിഗണിക്കും

കൊച്ചി: സിനിമ വ്യവസായ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിനിമ സംഘടനാ പ്രതിനിധികള്‍. മുഖ്യമന്ത്രിയുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിവിധ സംഘടനാ പ്രതിനിധികള്‍.

സിനിമാ ടിക്കറ്റിന് ഏര്‍പ്പെടുത്തിയ വിനോദ നികുതിയില്‍ ഇളവ് നല്‍കണമെന്ന ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ചലച്ചിത്ര പ്രവര്‍ത്തകരെ അറിയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

എറണാകുളം ഗസ്റ്റ്ഹൗസില്‍ രാവിലെ എട്ടരയോടെയായിരുന്നു സിനിമ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍, മമ്മൂട്ടി, ഫെഫ്ക്ക പ്രതിനിധി ബി ഉണ്ണികൃഷ്ണന്‍, ഫിയോക്ക് പ്രതിനിധി ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ തീരുമാനം സിനിമ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

അതിനാല്‍ നികുതിയില്‍ ഇളവു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയം ഗൗരവത്തിലെടുത്ത മുഖ്യമന്ത്രി ഇക്കാര്യം അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിക്കാമെന്ന് അറിയിച്ചതായി പ്രതിനിധികള്‍ പറഞ്ഞു.

ധനകാര്യ മന്ത്രി ഉള്‍പ്പടെയുള്ളവരുമായി ഇക്കാര്യം സംസാരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞതായും കൂടിക്കാഴ്ച്ചക്കു ശേഷം ഫെഫ്ക്ക പ്രതിനിധി ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചു.

അമ്മ WCC തര്‍ക്കം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് രംഗത്തുള്ള വന്‍കിട കമ്പനികള്‍ അമിത കമ്മീഷന്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കലും മറ്റ് വിഷയങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്തില്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും അറിയിച്ചു. അര മണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്കു ശേഷമാണ് താരങ്ങള്‍ ഉള്‍പ്പടെയുള്ള സിനിമ സംഘടനാ പ്രതിനിധികള്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here