25 വര്‍ഷമായി തങ്ങളെ കൈവിടാത്ത ആലത്തൂരില്‍ വിശ്വാസമര്‍പ്പിച്ച് ഇടതുപക്ഷം

കേരളത്തിലെ പാര്‍ലിമെന്റ് മണ്ഡലങ്ങളില്‍ ആലത്തൂരിനോളം ഇടതുപക്ഷം വിശ്വാസമര്‍പ്പിക്കുന്ന മറ്റൊരു മണ്ഡലമുണ്ടാവില്ല. രാഷ്ട്രീയസാഹചര്യവും, മണ്ഡലാതിര്‍ത്തിയും മാറി മറിഞ്ഞപ്പോഴും കഴിഞ്ഞ 25 വര്‍ഷമായി പഴയ ഒറ്റപ്പാലവും ഇപ്പോഴത്തെ ആലത്തൂരും ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിലേക്കെത്തിയപ്പോള്‍ ജനസമ്മതി മൂന്നിരട്ടിയോളം വര്‍ധിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞത് ആലത്തൂര്‍ ഇളകാത്ത ഇടതുകോട്ടയാണെന്ന് തെളിയിക്കുന്നു.

തമിഴ്‌നാട് അതിര്‍ത്തി മുതല്‍ തൃശൂര്‍ ജില്ല വരെ നീണ്ടുകിടക്കുന്ന ആലത്തൂര്‍ ഇടതുപക്ഷത്തെ മനസ്സറിഞ്ഞ് പിന്തുണക്കുന്ന മണ്ഡലമാണ്. ഒറ്റപ്പാലം മണ്ഡലം 2009ലെ മണ്ഡലപുനര്‍നിര്‍ണയത്തിലാണ് ആലത്തൂര്‍ മണ്ഡലമായി മാറിയത്. പഴയ ഒറ്റപ്പാലം മണ്ഡലത്തിന്റെയും ആലത്തൂരിന്റെയും 42 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 8 തവണ മണ്ഡലം എല്‍ഡിഎഫിനും 4 തവണ യുഡിഎഫിനും അനുകൂലമായി വിധിയെഴുതി.

സംവരണ മണ്ഡലത്തില്‍ 1984, 89, 91 തിരഞ്ഞെടുപ്പുകളില്‍ മുന്‍രാഷ്ട്രപതി കെ ആര്‍ നാരായണന്‍ യുഡിഎഫിന് ഹാട്രിക് വിജയത്തിന്റെ മധുരം സമ്മാനിച്ചതാണ് യുഡിഎഫിന്റെ മണ്ഡലത്തിലെ പ്രതാപമുള്ള ഓര്‍മ.

93ല്‍ കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചു പിടിച്ചതിന് ശേഷം ഇടതുപക്ഷത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, ആലത്തൂര്‍, നെന്‍മാറ, തരൂര്‍ നിയമസഭാമണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം നിയമസഭാമണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ആലത്തൂര്‍ മണ്ഡലം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 7 ല്‍ ആറ് മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ചത് എല്‍ഡിഎഫ്. വിജയിച്ച വടക്കാഞ്ചേരിയിലാകട്ടെ യുഡിഎഫിന്റെ ഭൂരിപക്ഷം 43 വോട്ട് മാത്രം. യുഡിഎഫ് തുടര്‍ച്ചയായി വിജയിച്ചിരുന്ന ചിറ്റൂര്‍ മണ്ഡലം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്ത് ആലത്തൂരിന്റെ ഇടതു ആഭിമുഖ്യം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കെഎ ഷീബക്കെതിരെ എല്‍ഡിഎഫിന്റെ പി കെ ബിജു 37312 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പെത്തിയപ്പോള്‍ ഭൂരിപക്ഷം മൂന്നിരട്ടിക്കടുത്തെത്തിച്ച് 91846 വോട്ടാക്കി മാറ്റി. എല്‍ഡിഎഫ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ ആലത്തൂരില്‍ നിന്നാണെന്നതും മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നു.

തരൂരില്‍ നിന്ന് വിജയിച്ച എകെ ബാലനും കുന്നംകുളത്ത് നിന്നുള്ള എസി മൊയ്തീനും ചിറ്റൂരില്‍ നിന്നുള്ള കെ കൃഷ്ണന്‍കുട്ടിയും മന്ത്രിസഭയിലുള്ളത് കൂടുതല്‍ നേട്ടമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

കാര്‍ഷികമേഖലയായ ആലത്തൂരില്‍ കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കുമിടയിലുള്ള സ്വാധീനമാണ് എല്‍ഡിഎഫിന്റെ കരുത്ത്. കോണ്‍ഗ്രസും സിപിഐഎമ്മും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലമാണിത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്ത യുഡിഎഫിന് മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച വെക്കേണ്ടത് അനിവാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here