യാചകനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് പണം കവർന്ന കേസിൽ പ്രത്രി പിടിയിൽ. പീരുമേട് സ്വദേശിയെ 27 വർഷത്തിന് ശേഷമാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മൂഴിയാർ സ്റ്റേഷൻ പരിധിയിൽ 1991 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ പീരുമേട് പാമ്പനാർ ലാൻഡ്രം സ്വദേശിയായ മുനിയാണ്ടി ശബരിമലയിൽ ജോലിചെയ്യവെയാണ് യാചകനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പണം കവർന്നത്.

സംഭവ ശേഷം പ്രതി ഒളിവിൽ പോയി. തുടർച്ചയായ അന്വേഷണത്തിനിടെ
ഇയാൾ പാമ്പനാറ്റിൽ നിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ കുമളിയിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.

കട്ടപ്പന ഡി.വൈ.എസ്.പിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വണ്ടിപ്പെരിയാർ എസ്.ഐ. സാഗറിന്റെ നേതൃത്വത്തിൽ ബസിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.

പ്രതിയ്ക്ക് ഇപ്പോൾ 62 വയസ് പ്രായമുണ്ട്. തുടരന്വേഷണത്തിനായി പ്രതിയെ മൂഴിയാർ പോലീസിന് കൈമാറി.