വേനല്‍ കടുത്തതോടെ മറയൂര്‍ കാന്തല്ലൂര്‍ മേഖലകളിലെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍. ജലസ്രോതസുകള്‍ വറ്റിവരണ്ടതോടെ കൃഷിയിറക്കാന്‍ കഴിയാത്തതാണ്, നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയത്.

ഇത്തവണ വേനല്‍ നേരത്തെ കടുത്തതാണ് കാര്‍ഷിക മേഖലയായ മറയൂര്‍ കാന്തല്ലൂര്‍ എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങളെ ദുരിതത്തിലാക്കിയത്.

ജലസ്രോതസുകള്‍ വറ്റിവരണ്ടത് കാരണം കൃഷിയിറക്കാനാകാത്ത സാഹചര്യമാണ്. കൃഷിയിടത്തിലേക്കുള്ള ജലസ്രോതസുകളില്‍ പലതും വറ്റി വരണ്ടു. ആദിവാസി സെറ്റില്‍മെന്റ് പ്രദേശത്തോട് ചേര്‍ന്നുള്ള മലഞ്ചെരിവുകളിലാണ് ഇവര്‍ കൃഷിയിറക്കിയിരുന്നത്.

ആദിവാസി കുടികളിലെ പ്രധാന ഭക്ഷണമായ കേപ്പ, ഗോതമ്പ്, ചോളം എന്നിവയും വില്‍പനയ്ക്കായി ഉല്‍പാദിപ്പിക്കുന്ന കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീന്‍സ് തുടങ്ങിയ കൃഷികളും ജലദൗര്‍ലഭ്യം കാരണം ഇറക്കാനാകാത്ത അവസ്ഥയിലാണെന്ന് ആദിവാസികള്‍ പറയുന്നു.

തീര്‍ഥമല ആദിവാസി കുടിക്ക് സമീപമുള്ള ആറില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.