തിരുവനന്തപുരം: കേരള ജനതയെ എല്ലാ തരത്തിലും പുരോഗതിയിലേക്ക് നയിക്കുന്ന മൗലികവീക്ഷണമാണ് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

പ്രളയത്തില്‍ പോലും അതിജീവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാനാകുമെന്നും സര്‍ക്കാര്‍ തെളിയിച്ചു. ഇത്തരം ഒരു സര്‍ക്കാരിനെ ദുര്‍ഭലപ്പെടുത്തുക എന്ന ലക്ഷ്യം വലതുപക്ഷ ശക്തികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു

ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങളും മോഡി സര്‍ക്കാരിന്റെ തീവ്രവര്‍ഗീയതയും ജനങ്ങളെ അറിയിക്കുക എന്നതിന്റെ ഭാഗമായി വിപുലമായ ജാഥാ പരിപാടികള്‍ സംസ്ഥാനത്ത് നടക്കുകയാണ്.

എല്ലാ നിയമസഭ മണ്ഡലത്തിലും ജാഥ വിജയിപ്പിക്കുന്നതിനുള്ള സ്വീകരണ സമിതികള്‍ രൂപീകരിച്ചു.14-ാം തീയതി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി തിരുവനന്തപുരത്ത് പൂജപ്പുര മൈതാനിയില്‍ ജാഥ ഉദ്ഘാടനം ചെയ്യും.

16-ാം തീയതി നാലുമണിക്ക് കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ജാഥ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. അതേ ദിവസം തന്നെ കാസര്‍കോട് പൊതുയോഗവും സംഘടിപ്പിക്കും. മാര്‍ച്ച് രണ്ടിന് ഈ ജാഥകള്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെ സമാപിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം കൂടിയാണത്.

ഉഭയകക്ഷി ചര്‍ച്ചകള്‍ സീറ്റ് ചോദിക്കുന്നതിനുവേണ്ടി മാത്രമുള്ള ചര്‍ച്ചയല്ല. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കു വേണ്ടിയാണത്. നവോത്ഥാന മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനെതിരെയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.

അതില്‍ രാഷ്ട്രീയമില്ല. ഒരാള്‍ വൈകാരികമായി സംസാരിച്ചിട്ടുണ്ടാകാം. അത് ആ സംഭവവുമായി ബന്ധപ്പെട്ട കാര്യമാണ്. മോശമായി ഒരു സ്ത്രീയോട് സംസാരിക്കുന്നത് എംഎല്‍എ ആയാലും ആരായാലും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും എംഎല്‍എ എസ് രാജേന്ദ്രനുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിജയരാഘവന്‍ പറഞ്ഞു.

സ്ത്രീപക്ഷ വീക്ഷണത്തില്‍ ഒന്നാമത്തേത് സ്ത്രീകളോടുള്ള ബഹുമാനമാണ്.മൂന്നാറുമായി ബന്ധപ്പെട്ട വിഷയം നിരവധി തവണ ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് നിലപാടും തീരുമാനവുമുള്ള വിഷയമാണ്.

മൂന്നാറില്‍ നടന്ന സംഭവത്തില്‍, എംഎല്‍എയുടെ സംസാരത്തില്‍ ഉദ്യോഗസ്ഥയെ വേദനിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ നീങ്ങി എന്നതാണ് ആക്ഷേപമായി വന്നിരിക്കുന്നത്.

അത്തരം പെരുമാറ്റങ്ങളില്‍, അങ്ങനെയാണ് നടന്നതെങ്കില്‍ ശരിയല്ല എന്ന നിലപാട് നമുക്കെല്ലാവര്‍ക്കും ഉള്ളതാണ്. അങ്ങനെ ഉണ്ടായെങ്കില്‍ ശരിയായ കാര്യമല്ല, ചെയ്യാന്‍ പാടില്ലാത്തതാണ്.

ഏറ്റവും ഐക്യത്തോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരെ പരമാവധി സഹായിക്കുക എന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.