റഫേല്‍ കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ബുധനാഴ്ച്ച പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. അതേ സമയം പാര്‍ലമെന്റിലും ഇരുസഭകളിലും വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷം.

രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ലോക്‌സഭയിലെ ശൂന്യവേളയില്‍ കര്‍ണ്ണാടക വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രൂക്ഷമായ വാക്‌പോര്. ജനാധിപത്യ സംവിധാനത്തില്‍ നടക്കാത്ത സംഭവങ്ങളാണ് കര്‍ണ്ണാടകയില്‍ അരങ്ങേറുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ കുറ്റപ്പെടുത്തി.

കര്‍ണ്ണാടകയില്‍ രാഷ്ട്രിയ കുതിരകച്ചവടമാണ് അരങ്ങേറുന്നത് ലോക്‌സഭയിലെ ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ച് കൊണ്ട് കോണ്ഗ്രസ് നേതാവ് മല്ലിഗാര്‍ജുന ഗാര്‍ഗെ ചൂണ്ടികാട്ടി.

കൂറ്മാറാന്‍ എം.എല്‍എമാര്‍ക്ക് ബിജെപി നേതാവ് യെദൂരിയപ്പ കോടികള്‍ വാഗ്ദാനം ചെയ്യുന്ന ഓഡിയോ കാസറ്റിനേക്കുറിച്ചും മല്ലിഗാര്‍ജുന ഗാര്‍ഗെ വിശദീകരിച്ചു.

ഓപ്പറേഷന്‍ കമല എന്ന പേരില്‍ ജനാധിപത്യ സംവിധാനത്തില്‍ നടന്ന് കൂടാത്ത കാര്യങ്ങളാണ് ബിജെപി കര്‍ണ്ണാടകയില്‍ നടത്തുന്നതെന്ന് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും കുറ്റപ്പെടുത്തി.

ഇതിനെതിരെ രംഗത്ത് എത്തിയ കര്‍ണ്ണാടകയില്‍ നിന്നുള്ള ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സദാനന്ദഗൗഡ, സ്വന്തം നിയമസഭയെ കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്ന് തിരിച്ചടിച്ചു.

കോണ്‍ഗ്രസ്-ബിജെപി വാഗ്വാദം രൂക്ഷമാകുന്നതിനിടയില്‍ ആന്ധ്രയില്‍ നിന്നുള്ള ടിഡിപി എം.പിമാര്‍ സംസ്ഥാന വിഷയം ഉന്നയിച്ച് സഭയുടെ നടുത്തളത്തിലും ഇറങ്ങി.

പല തവണ നിറുത്തി വച്ച ലോക്‌സഭയില്‍ പിന്നീട് ബഡ്ജറ്റ് ചര്‍ച്ചയിലേയ്ക്ക് കടന്നു.രാജ്യസഭയിലും സമാനമായ പ്രതിഷേധം ഉണ്ടായതോടെ ഒരു തവണ നിറുത്തി വച്ച. പിന്നീട് ഇന്നത്തേയയ്ക്ക് പിരിഞ്ഞു.

റഫേല്‍ കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിനെ അവസാന ദിവസമായ ബുധനാഴ്ച്ച ഇരുസഭകളിലും വയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.