വര്‍ഗ്ഗീയതയുടെ എ ടീമിനെയും ബി ടീമിനെയും സിപിഐഎം ഒരുപോലെ എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി ജെ പിയുമായി സമരസപ്പെട്ടുപോകുന്ന രീതി കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചില വിഷയങ്ങളില്‍ സിപിഐഎമ്മും, ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐഎം പറവൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് എങ്ങനെയെങ്കിലും പിണറായി വിജയനെ കുടുക്കാന്‍ വേണ്ടി ഒരേ തൂവല്‍ പക്ഷികളായ കോണ്‍ഗ്രസ്സും ബി ജെ പിയും ചേര്‍ന്ന് നടത്തിയ ശ്രമത്തെക്കുറിച്ചായിരിക്കും മുല്ലപ്പള്ളി സൂചിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സഹമന്ത്രിയായിരുന്ന കാലത്ത് അത്തരത്തില്‍ നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ ഇപ്പോള്‍ എന്തിന് നാട്ടുകാരോട് പറഞ്ഞ് നടക്കണം.

അതില്‍ തങ്ങള്‍ക്കെന്തെങ്കിലും വിരോധമുണ്ടാവുമെന്ന് കരുതേണ്ട. അങ്ങനെ എന്തെങ്കിലും വിരോധംവെച്ച് പെരുമാറാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ധാരാളം വിവരങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് മുല്ലപ്പള്ളി ഓര്‍ക്കണമെന്നും മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ചില ഉപാധികള്‍ അംഗീകരിക്കുകയാണെങ്കില്‍ ബിജെപിയെ നേരിടാന്‍ കേരളത്തില്‍ സിപിഐഎമ്മിന് കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന അപഹാസ്യമാണ്.

ഒപ്പം നില്‍ക്കാമെന്ന് പറയാന്‍ കോണ്‍ഗ്രസ്സിന് അര്‍ഹതയില്ല. കേരളത്തെ ഈ നിലയില്‍ കാത്തുസൂക്ഷിക്കുന്നത് ഇടതുപക്ഷമാണ്. വര്‍ഗ്ഗീയതയുടെ എ ടീമിനെയും ബി ടീമിനെയും സിപിഐഎം എതിര്‍ക്കും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 2004 ലെ വിജയം ആവര്‍ത്തിക്കാവുന്ന സാഹചര്യമാണുള്ളത്.

എന്നാല്‍ അത് പൊളിക്കാന്‍ കോണ്‍ഗ്രസ്സും ബിജെപിയും ചേര്‍ന്ന് നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇക്കാര്യങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തിയുള്ളവരാണ് കേരളത്തിലെ ജനങ്ങള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് പാര്‍ലമെന്റിനോട് പുച്ഛമാണ്. അവര്‍ പാര്‍ലമെന്റിനെ അവഹേളിക്കുന്നു. ജനാധിപത്യത്തെ മാനിക്കാത്ത സര്‍ക്കാരാണ് ബിജെപി നേതൃത്വത്തില്‍ കേന്ദ്രത്തിലിപ്പോള്‍ അധികാരത്തിലിരിക്കുന്നത്.ബി ജെ പിയെ എതിര്‍ക്കേണ്ടത് അത്യാവശ്യമാണെന്ന് രാജ്യമെമ്പാടും അംഗീകരിക്കപ്പെട്ടുക!ഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.