മൂന്നാറിനുവേണ്ടി പ്രത്യേക നിയമം നിർമിക്കും; ഭൂമി കണ്ടെത്താൻ 35,000 കോടി രൂപ: മുഖ്യമന്ത്രി

മൂന്നാറിനുവേണ്ടി പ്രത്യേക നിയമം നിർമിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്നാറിലെ പ്രത്യേക അവസ്ഥയും ടൂറിസം സാധ്യതകളും പരിഗണിച്ചായിരിക്കും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിൽ ചേർന്ന എഡിറ്റേഴ‌്സ‌് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങൾക്ക‌് ഭൂമി കണ്ടെത്താൻ 35,000 കോടി രൂപ മുടക്കും. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാക്കുന്നതിൽ സർക്കാർ നല്ലരീതിയിൽ ഇടപെടുന്നുണ്ട‌്.

നോക്കുകൂലി നിരോധിച്ചത‌് അതിലൊന്നാണ‌്. നിർമാണരംഗത്ത‌് പ്രത്യേക കേന്ദ്രത്തിൽനിന്ന‌് ജീവനക്കാരെയും തൊഴിലാളികളെയും വിതരണംചെയ്യുന്ന ഏർപ്പാട‌് അവസാനിപ്പിക്കാൻ ഇടപെട്ടു. ഇവയോട‌് ട്രേഡ‌് യൂണിയനുകൾ അനുകൂലമായാണ‌് പ്രതികരിച്ചത‌്.

എന്നിട്ടും കേരളം നിക്ഷേപ സൗഹൃദമല്ലെന്നതരത്തിൽ ബോധപൂർവമായ പ്രചാരണം നടക്കുന്നുണ്ട‌്. എൽഡിഎഫ‌് സർക്കാർ വന്നശേഷം പുതിയ സംരംഭങ്ങൾ തുടങ്ങാനെത്തിയവർക്ക‌് ദുരനുഭവമുണ്ടായിട്ടില്ല.ഒരു വ്യവസായംപോലും അടഞ്ഞിട്ടുമില്ല.

ഇക്കാര്യങ്ങൾ ദേശീയ ശ്രദ്ധയിൽകൊണ്ടുവരാൻ മാധ്യമങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ഭൂമിയുടെ ദൗർലഭ്യമാണ‌് കേരളം നേരിടുന്ന ഒരു വിഷയം. ഇത‌് പരിഹരിക്കാനും സർക്കാർ ഇടപെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കേരളം നിർമിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ‌്. 600 കിലോമീറ്റർ ജലപാത 2020ൽ പൂർത്തീകരിക്കും. ഇത‌് ടൂറിസം രംഗത്ത‌് വൻ കുതിച്ചുചാട്ടത്തിന‌് ഇടയാക്കും.

കേന്ദ്രസർക്കാർ പുതിയ പദ്ധതികളിൽ കേരളത്തെ അവഗണിക്കുന്നുവെന്ന‌ുമാത്രമല്ല; വാഗ‌്ദാനം ചെയ‌്തതും ആരംഭിച്ചതുമായ പദ്ധതികൾ പൂർത്തീകരിക്കാൻ ഒന്നും ചെയ്യുന്നില്ല. എഡിറ്റേഴ‌്സ‌് മീറ്റിൽ കേരളത്തിലെയും ദേശീയതലത്തിലെയും മാധ്യമങ്ങളിലെ ചീഫ‌് എഡിറ്റർമാരടക്കം മുതിർന്ന മാധ്യമപ്രവർത്തകർ പങ്കെടുത്തു.

വ്യവസായാനുകൂല അന്തരീക്ഷം ഉണ്ടാക്കിയതിൽ സർക്കാർ അഭിനന്ദനം അർഹിക്കുന്നതായി വിവിധ മാധ്യമപ്രവർത്തകർ പറഞ്ഞു. ഇതിനുവേണ്ടിയുള്ള സർക്കാർ ഇടപെടലുകൾക്ക‌് പിന്തുണയും അവർ അറിയിച്ചു. മന്ത്രി ഇ പി ജയരാജൻ പങ്കെടുത്തു.

യോഗത്തിൽ ചീഫ‌് സെക്രട്ടറി ടോം ജോസ‌് ആമുഖാവതരണം നടത്തി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ സർക്കാരിന്റെ ഇടപെടലുകൾ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News