
ആര്‍ജെഡിനേതൃത്വം നല്‍കുന്ന മതേതരസഖ്യവും ബിജെപിയും ജെഡിയുവും അടങ്ങുന്ന എന്‍ഡിഎയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ് ബിഹാറിൽ നടക്കുന്നത്.
2014ല്‍ നിന്ന് നിന്നും വ്യത്യസ്തമായി മുന്നണി സമവാക്യങ്ങള്‍ ഉള്‍പ്പെടെ ബിഹാര്‍ അടിമുടി മാറിയിരിക്കുന്നു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാര്‍ ഇന്ന് എന്‍ഡിഎ മുഖ്യമന്ത്രിയാണ്.
എന്‍ഡിഎയുടെ കേന്ദ്രമന്ത്രിയായിരുന്ന ഉപേന്ദ്രകുശ്വാഹയും പാര്‍ട്ടിയുമാകട്ടെ മഹാസഖ്യത്തിനൊപ്പം. നാല്‍പത് സീറ്റുകളുള്ള ബിഹാറില്‍ കാര്യങ്ങള്‍ ഏകപക്ഷീയമല്ല.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു സഖ്യം ഇല്ലാതെ ബിജെപിയും എല്‍ജെപിയും ആര്‍എല്‍എസ്പിയും ചേര്‍ന്ന് 31 സീറ്റുകള്‍ പിടിച്ചപ്പോള്‍ പ്രതിപക്ഷം 7 സീറ്റുകളിലേക്കും ഒറ്റയ്ക്ക് മത്സരിച്ച ജെഡിയു രണ്ട് സീറ്റുകളിലും ഒതുങ്ങി.
2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിത്രം വീണ്ടും മാറി. നിതീഷ് കുമാര്‍ കൂടി ഭാഗമായ മഹാസഖ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്തു. കൂടുതല്‍ സീറ്റുകളുണ്ടായിട്ടും മുഖ്യമന്ത്രിസ്ഥാനം വരെ വിട്ടുവീഴ്ച ചെയ്ത ആര്‍ജെഡിയെയും മറ്റ് സഖ്യകക്ഷികളെയും വഞ്ചിച്ച് നിതീഷ് സൗകര്യപൂര്‍വം മറുകണ്ടം ചാടി.
നിതീഷിന്റെ ഈ കാലുവാരലിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് മതേതര പ്രതിപക്ഷ സഖ്യം.
ആര്‍ജെഡി, കോണ്‍ഗ്രസ്, ആര്‍എല്‍എസ്പി, എച്ച്എഎം, വികാസ് പാര്‍ട്ടി, ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങി എട്ടോളം പാര്‍ട്ടികള്‍ ഒരുമിച്ചാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരം, ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ ആര്‍ജെഡിയുടെ വിജയം,അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന മാറിയ സാഹചര്യത്തില്‍ ലാലുപ്രസാദ് യാദവിന് ലഭിച്ചുകൊണ്ടിരിക്കുന്ന സഹതാപം, രാജ്യത്ത് തുടരുന്ന കര്‍ഷകരോഷം, യാദവ, കുശ്വാഹ വിഭാഗങ്ങളെ കൂടാതെ ന്യൂനപക്ഷങ്ങളുടെ പിന്തുണ. ഇങ്ങനെ പോകുന്നു പ്രതിപക്ഷത്തിന് കരുത്ത് പകരുന്ന ഘടകങ്ങള്‍.
എന്നാല്‍ സഖ്യത്തിന്റെ സീറ്റ് വിഭജനം പോലും ഇപ്പോഴും കീറാമുട്ടിയായി തുടരുന്നു. ജാതിമതസമവാക്യങ്ങളില്‍ നേരിയ മേല്‍ക്കൈ ഉണ്ടെന്ന വിശ്വാസത്തിലാണ് എന്‍ഡിഎ. സാമ്പത്തിക സംവരണം മുന്നാക്ക വോട്ടുകള്‍ പെട്ടിയില്‍ വീഴ്ത്തുമെന്ന്് ബിജെപി കരുതുന്നു.
കുറുമി സമുദായക്കാരനായ നിതീഷ് കുമാറും എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാനും പിന്നാക്ക വോട്ടുകളെ ആകര്‍ഷിക്കുമെന്ന് എന്‍ഡിഎ കരുതുന്നു. ബിജെപിയും ജെഡിയുവും 17 സീറ്റുകളിലും എല്‍ജെപി 6 സീറ്റുകളിലുമാണ് മത്സരിക്കുക. മാര്‍ച്ച് 3ന് മഹാറാലി നടത്തി മത്സരിക്കുന്ന സീറ്റുകള്‍ എന്‍ഡിഎ പ്രഖ്യാപിക്കും. സഖ്യചര്‍ച്ചകളില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ബിജെപിയാണ്.
22 സീറ്റുകളുള്ള ബിജെപി സഖ്യം നിലനിര്‍ത്താന്‍ 5 സീറ്റുകള്‍ വിട്ടുവീഴ്ചചെയ്യേണ്ടിവന്നു. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയുടെ മേല്‍ പ്രതിപക്ഷ മതേതര സഖ്യത്തിന് നേരിയ മേല്‍ക്കൈ ഉണ്ടെന്നാണ് വിലയിരുത്തല്‍.
ശത്രുഘ്‌നന്‍ സിന്‍ഹ മേതതര സഖ്യത്തിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമോ, കനയ്യകുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ,ബിജെപി വിടുകയാണെങ്കില്‍ കീര്‍ത്തി ആസാദ് കോണ്‍ഗ്രസിന് വേണ്ടി പോരിനിറങ്ങുമോ ബിഹാറില്‍ പല ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here