കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് കാരണം തൊഴിലാളികളാണോ? അല്ല എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. തൊഴിലാളികൾ സംഘടിക്കുന്നതിനോടും കൂട്ടായ വിലപേശൽ നടത്തുന്നതിനോടും കടുത്ത എതിർപ്പ് പുലർത്തുന്ന ഒരുകൂട്ടം ആളുകൾ നമുക്ക് ചുറ്റുമുണ്ട്.

എന്തിനും ഏതിനും അവർ തൊഴിലാളിപ്രസ്ഥാനങ്ങളെ അധിക്ഷേപിച്ചുകൊണ്ടിരിക്കും. തൊഴിലാളികളുടെ അധ്വാനം ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന സമ്പത്തിൽ, തങ്ങൾക്ക് മാന്യമായി ജീവിക്കാനാവശ്യമായ തുക ലഭിക്കണമെന്ന തൊഴിലാളികളുടെ വാദം എങ്ങനെ അന്യായമാകും?

ഗതാഗതമേഖല ഉൾപ്പെടെയുള്ള സേവനമേഖലയ‌്ക്ക് സർക്കാർ സബ്സിഡി നൽകുന്നത് ജനങ്ങളെ സഹായിക്കാനാണ്. അല്ലാതെ, “തൊഴിലാളി’കൾക്ക് നൽകാനല്ല. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും പൊതുമേഖലാ ട്രാൻസ്പോർട്ട‌് കോർപറേഷനുകൾ പ്രവർത്തിക്കുന്നുണ്ട്.

എല്ലാം നഷ്ടത്തിലാണ്. സർക്കാർ സഹായം കൊണ്ടാണവ പ്രവർത്തിക്കുന്നത്. കേരളത്തിലെപോലെ തൊഴിലാളിപ്രസ്ഥാനം ശക്തിപ്പെടാത്ത സംസ്ഥാനങ്ങളിലും ട്രാൻസ്പോർട്ട‌് കോർപറേഷനുകൾ നഷ്ടത്തിലോടുന്നതിന് ട്രേഡ് യൂണിയനുകളെ കുറ്റപ്പെടുത്താനാകുമോ?

സ്വകാര്യ ബസ‌് വ്യവസായവും തകരുന്നു

കേരളത്തിലെ സ്വകാര്യ ബസ് വ്യവസായവും തകർച്ചയിലാണ്. അഞ്ച് വർഷംമുമ്പ് സംസ്ഥാനത്ത് 49,000ത്തിൽപ്പരം സ്വകാര്യബസുകൾ വിവിധ റൂട്ടുകളിൽ സ്റ്റേജ് കാര്യേജ് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നുണ്ടായിരുന്നു.

ഇപ്പോൾ സ്വകാര്യ ബസുകളുടെ എണ്ണം 12,000 മാത്രമാണ്. ഇതിൽ ഭൂരിപക്ഷവും നഷ്ടത്തിലാണ്. ആരാണുത്തരവാദി? ബസുകളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഗണ്യമായി വർധിച്ചതോടെ ബസുകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നു; വരുമാനം കുറയുന്നു. നടത്തിപ്പ് ചെലവ് വർധിക്കുന്നതിനനുസരിച്ച് യാത്രാനിരക്ക് വർധിപ്പിക്കാൻ സാധ്യമല്ല.

ഈ കാരണങ്ങളാലാണ് ബസ് വ്യവസായം പ്രതിസന്ധിയിലാകുന്നത്. മേൽപറഞ്ഞ എല്ലാ പ്രശ്നങ്ങളും കെഎസ്ആർടിസിക്കും ബാധകമാണ്.

പൊതുഗതാഗതമേഖലയെ സംരക്ഷിക്കുക എന്ന നയമാണ് എക്കാലത്തും എൽഡിഎഫ് സർക്കാരുകൾ സ്വീകരിച്ചത്. 2006 ൽ എൽഡിഎഫ് അധികാരത്തിൽ വന്ന സമയത്ത് കെഎസ്ആർടിസി ഗുരുതരമായ പ്രതിസന്ധിയിലായിരുന്നു. ഷെഡ്യൂൾ ഓപ്പറേഷൻ ഗണ്യമായി കുറഞ്ഞു. ബസ് യാത്രക്കാരുടെ 13 ശതമാനം മാത്രമായിരുന്നു കെഎസ്ആർടിസി ഷെയർ.

എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടലിനെത്തുടർന്ന് കെഎസ്ആർടിസി പ്രതിസന്ധി അതിജീവിച്ചു. 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്ഥിതി വീണ്ടും മാറി. ഷെഡ്യൂൾ ഓപ്പറേഷൻ കുറഞ്ഞു. വരുമാനവും ചെലവും തമ്മിലുള്ള വിടവ് കൂടി. കൂടിയ പലിശയ‌്ക്കുള്ള വായ്പത്തുക വർധിച്ചു. ശമ്പളവും പെൻഷനും മുടങ്ങി.

ഈ സാഹചര്യത്തിൽ തൊഴിലാളികൾ ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങി. 2014 ഡിസംബർ 21 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിളിച്ചുചേർത്ത യോഗത്തിൽ പെൻഷൻ ബാധ്യതയിലേക്ക് പ്രതിമാസം 20 കോടിരൂപവീതം സർക്കാർ നൽകാൻ തീരുമാനമുണ്ടായി.

ഷെഡ്യൂൾഡ് ബാങ്കുകളുടെ കൺസോർഷ്യമുണ്ടാക്കി വായ്പയെടുത്ത് കൂടിയ പലിശയ‌്ക്കുള്ള വായ്പ അവസാനിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, ഷെഡ്യൂൾഡ് ബാങ്ക് കൺസോർഷ്യത്തിൽനിന്ന‌് വായ്പയെടുത്തത് വലിയ പലിശയ‌്ക്കുള്ള വായ്പ തീർക്കാൻ ഉപയോഗിക്കാതെ ശമ്പളം കൊടുക്കാനുപയോഗിച്ചു. ആകെ 93 ഡിപ്പോയിൽ 57 ഡിപ്പോ പണയപ്പെടുത്തി.

പുനരുദ്ധാരണത്തിന‌് പദ്ധതികൾ

എൽഡിഎഫ് സർക്കാർ വീണ്ടും 2016 ൽ അധികാരത്തിൽ വരുമ്പോൾ കെഎസ്ആർടിസി വെന്റിലേറ്ററിലായിരുന്നു. എൽഡിഎഫിന്റെ പ്രഖ്യാപിത നയമനുസരിച്ച് ട്രാൻസ്പോർട്ട‌് കോർപറേഷനെ പുനരുദ്ധരിക്കാൻ പദ്ധതി തയ്യാറാക്കാനായി പ്രൊഫസർ സുശീൽ ഖന്നയെ നിയോഗിച്ചു.

മുഖ്യമന്ത്രി മുൻകൈയെടുത്ത് ഷെഡ്യൂൾഡ് ബാങ്കുകളുടെ യോഗം വിളിച്ചുചേർത്ത് ബാങ്ക് കൺസോർഷ്യം രൂപീകരിച്ചു. 3100 കോടിരൂപ 9 ശതമാനം പലിശയ‌്ക്ക് കൺസോർഷ്യം ലോൺ അനുവദിച്ചു. അതുപയോഗിച്ച് കെടിഡിഎഫ്സിയുടെ കൂടിയ പലിശയ‌്ക്കുള്ള വായ്പകൾ അടച്ചുതീർത്തു.

ഇതോടെ പ്രതിമാസകടം തിരിച്ചടവിനത്തിൽ 65 കോടിരൂപ കുറവുവന്നു. 2017 ഡിസംബർ മുതൽ സഹകരണ ബാങ്കുകളിൽനിന്ന് വായ്പ ലഭ്യമാക്കി പെൻഷൻ നൽകാൻ സർക്കാർ നടപടിയെടുത്തു. പെൻഷൻ വകയിൽ ഒരുമാസത്തെ ചെലവിൽ കെഎസ്ആർടിസിക്ക് 60 കോടിരൂപ കുറവുവന്നു.

പ്രതിദിന വരുമാനത്തിൽ 30 കോടിരൂപ വർധിച്ചാൽ നഷ്ടംകൂടാതെ നടത്താമെന്നായി. ഇതിനായി പുതിയ ബസുകൾ വാങ്ങാൻ 324 കോടിരൂപ കിഫ്ബി വഴി നൽകാൻ സർക്കാർ തീരുമാനിച്ചു. അനുകൂലമായ ഈ നടപടികളുടെ പശ്ചാത്തലത്തിൽ വരുമാന വർധനയ‌്ക്കായി തൊഴിൽശക്തി പരമാവധി ഉപയോഗപ്പെടുത്താൻ സിഐടിയു യൂണിയൻ ശ്രമം ആരംഭിച്ചു.

ഈ ഘട്ടത്തിലാണ് 2018 ഏപ്രിലിൽ ടോമിൻ തച്ചങ്കരി എംഡി ആയി ചുമതലയെടുക്കുന്നത്. ഈസമയത്ത് പെൻഷൻ ബാധ്യത കെഎസ്ആർടിസിക്കുണ്ടായിരുന്നില്ല. ഖന്ന റിപ്പോർട്ടിലെ നിർദേശപ്രകാരം 1000 കോടിരൂപ ഗഡുക്കളായി സർക്കാർസഹായം മാസംതോറും നൽകുന്നുണ്ടായിരുന്നു.

അതുപയോഗിച്ച് ശമ്പളം നൽകാൻ പ്രയാസം നേരിടേണ്ടി വന്നില്ല. കിഫ്ബി ഫണ്ടുപയോഗിച്ച് പുതിയ ബസുകൾ വാങ്ങാൻ കെഎസ്ആർടിസി മാനേജ്മെന്റ് നടപടിയെടുത്തില്ല. പുതിയ ബസുകളുടെ ബോഡി നിർമിക്കാൻ 215 പ്രവൃത്തിദിവസങ്ങളെന്ന തത്വം യൂണിയനുകൾ അംഗീകരിച്ചു.

നേരത്തെ 340 പ്രവർത്തി ദിവസങ്ങളായിരുന്നു. ഇതുപയോഗിച്ച് പുതിയ ബസുകൾ നിരത്തിലിറക്കിയില്ല. സ്വകാര്യ ബസുകൾ വാടകയ‌്ക്കെടുക്കുക എന്നതായിരുന്നു ബദൽ നിർദേശം. ട്രാൻസ്പോർട്ട‌് കോർപറേഷനെ സ്വകാര്യവൽക്കരിക്കലായിരിക്കും ഫലം എന്ന് മനസ്സിലാക്കിയ സർക്കാർ ഈനീക്കം തടഞ്ഞു.

തൊഴിലാളികൾക്ക് സംഘടനകൾ വേണ്ടെന്നും ഈ സംഘടനകളാണ് എല്ലാ കുഴപ്പത്തിനും കാരണമെന്നും മാനേജ്മെന്റിൽ ചിലർ പ്രസംഗിച്ചു. അംഗീകൃത ട്രേഡ് യൂണിയനുകളുടെ വരിസംഖ്യ ബാങ്ക് വഴി പിരിച്ചെടുക്കുന്നത് നിർത്താൻ ശ്രമിച്ചു.

ട്രേഡ് യൂണിയൻ പ്രവർത്തകരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി. തൊഴിൽ നിയമങ്ങളും, കെഎസ്ആർടിസി മാനേജ്മെന്റും യൂണിയനുകളും തമ്മിൽ ഒപ്പുവച്ച ദീർഘകാല കരാറിലെ വ്യവസ്ഥകളും മാനേജ്മെന്റ് ലംഘിച്ചു. യൂണിയനുകൾക്കെതിരെ മാധ്യമങ്ങളിലൂടെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചു.

എന്നിട്ടും ഒരു യൂണിയനും യാതൊരു സമരത്തിനും മുതിർന്നില്ല. 10 വർഷത്തിലേറെ സർവീസുള്ള മെക്കാനിക് ജീവനക്കാരെ നിർദാക്ഷിണ്യം പിരിച്ചുവിട്ടപ്പോൾ മാത്രമാണ് യൂണിയനുകൾ സമരത്തിനിറങ്ങിയത്.

മാനേജ്മെന്റിന്റെ പരിഷ്കാരങ്ങൾ ട്രാൻസ്പോർട്ട‌് കോർപറേഷന്റെ വരുമാനത്തിൽ വർധനയുണ്ടാക്കിയില്ല. 2018 ഏപ്രിലിലെ വരവ് 194. 9 കോടി രൂപയായിരുന്നു. 2018 മെയ്–- 207.35, ജൂൺ–- 189.98, ജൂലൈ–- 197.65, ആഗസ‌്ത‌്–-171.48, സെപ്തംബർ–- 184.74, ഒക്ടോബർ –-190.53, നവംബർ –-186.65, ഡിസംബർ–- 205.97, 2019 ജനുവരി–- 189.71 കോടി രൂപ എന്നിങ്ങനെയായിരുന്നു വരുമാനം.

ശബരിമല സ്പെഷ്യൽ സർവീസിന്റെ വരുമാനം ചേർന്നതാണ് 2018 ഡിസംബറിലെ വരുമാനം. ഇതിൽനിന്ന് ശമ്പളംനൽകി സർക്കാരിനെ ആശ്രയിക്കാതെ സ്വന്തം വരുമാനംകൊണ്ട് ശമ്പളം നൽകുന്ന അവസ്ഥയിൽ കെഎസ്ആർടിസിയെ എത്തിച്ചു എന്ന് പ്രചാരണം നടത്തി.

ശമ്പളംമാത്രം നൽകുകയാണെങ്കിൽ എല്ലാ മാസവും സ്വന്തം വരുമാനത്തിൽനിന്ന‌് നൽകാനാകും. കോർപറേഷന്റെ കണക്കുപ്രകാരം ഒരുമാസത്തെ ചെലവ് 296 കോടി രൂപയാണ്. 2018 ഡിസംബറിലെ വരുമാനം 189.71 കോടിരൂപമാത്രം.

2018 ഏപ്രിലിൽ 50 കോടിരൂപയും തുടർന്നുള്ള ഓരോ മാസവും 20 കോടിരൂപ വീതവും 2018 ഡിസംബറിൽ 24 കോടി രൂപയും സർക്കാർ കെഎസ്ആർടിസിക്ക് നൽകി. മുടങ്ങാതെ ശമ്പളം നൽകാൻ കഴിഞ്ഞത് ഈ പണംകൂടി ഉപയോഗിച്ചാണ്.

സർക്കാരിന്റെ സഹായം കൊണ്ടുമാത്രം ശമ്പളവും പെൻഷനും നൽകിയത് മറ്റാരുടെയോ നേട്ടമായി ചിത്രീകരിക്കുകയാണുണ്ടായത്. അതേസമയം ബാങ്ക് വായ്പകൾ, എൽഐസി പോളിസി ഇനങ്ങളിലേക്ക് തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന‌് പിരിച്ചെടുത്ത തുക എത്രയോ മാസങ്ങളായി അടയ‌്ക്കുന്നില്ല.

ആ പണവും ദൈനംദിന ചെലവിന് ഉപയോഗിക്കുകയാണ്. റിട്ടയർ ചെയ്തവർക്ക് ആ പണം ലഭിച്ചിട്ടില്ല. ഇത്രയുമെല്ലാമായിട്ടും ഒരക്ഷരം പുറത്തുപറയാതെ സഹിച്ചും ക്ഷമിച്ചും തൊഴിൽ ചെയ്തു എന്നതാണോ തൊഴിലാളികൾ ചെയ്ത അപരാധം?

കെഎസ‌്ആർടിസിയെ കരകയറ്റിയത‌് സർക്കാർ

കെഎസ്ആർടിസി ഇന്നു നിലനിൽക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തികൊണ്ടുമാത്രമാണ്. തകർച്ചയിൽനിന്ന് ട്രാൻസ്പോർട്ട‌് കോർപറേഷനെ കരകയറ്റിയത് സർക്കാരാണ്. സർക്കാരിന്റെ ആത്മാർഥമായ ഇടപെടൽ മനസ്സിലാക്കി മുഴുവൻ തൊഴിലാളികളും ട്രാൻസ്പോർട്ട‌് കോർപറേഷനുമായി സഹകരിച്ചുനിൽക്കുകയാണ് ചെയ്തത്.

അപവാദവും പഴിയും കേട്ട് അപമാനിതരാകുമ്പോഴും എല്ലാ സംഘടനകളും ക്ഷമയോടെ ജോലി ചെയ്യാൻ തൊഴിലാളികളെ ഉപദേശിച്ചു. ഈ തൊഴിലാളികളെ എന്തിന‌് വീണ്ടും വീണ്ടും അപമാനിക്കണം? നാളിതുവരെ ട്രാൻസ്പോർട്ട‌് കോർപറേഷൻ എംഡിമാരായിരുന്ന ഒരാളും ഈ വിധത്തിൽ പെരുമാറിയിട്ടില്ല. സംസ്ഥാനത്ത് നിരവധി പൊതുമേഖലാ വ്യവസായങ്ങളുണ്ട്.

ചിലത് ലാഭത്തിലും മറ്റ് ചിലത് നഷ്ടത്തിലുമാണ്. ആ സ്ഥാപനങ്ങളിലെ എംഡിമാർ ആരും തൊഴിലാളികൾക്കും ട്രേഡ് യൂണിയനുകൾക്കും എതിരെ അപവാദം പറയുന്നില്ല.

ഇത്തരം പ്രശ്നങ്ങളെല്ലാം രൂക്ഷമായി നിലനിൽക്കുമ്പോൾത്തന്നെ കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ മെമ്പർമാരിൽനിന്ന‌് പണം ശേഖരിച്ച് ഒരു പുതിയ ബസ് വാങ്ങി ട്രാൻസ്പോർട്ട‌് കോർപറേഷന് സംഭാവന ചെയ്തു. ഇത്തരം ഉദാഹരണങ്ങൾ പൊതുവിൽ കുറവാണ്.

അവരെയാണ് ചിലർ തെരുവിലിട്ട് അലക്കാൻ ശ്രമിക്കുന്നത്. ആഗോളവൽക്കരണനയം ആരംഭിച്ചതുമുതൽ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ചവരാണ് യുഡിഎഫ് സർക്കാരുകൾ. അന്നൊക്കെ തൊഴിലാളി സംഘടനകളാണ് അത്തരം നീക്കങ്ങളെ പരാജയപ്പെടുത്തിയത്. സ്വന്തം ജോലിയും വരുമാനവും മാത്രമല്ല ട്രേഡ് യൂണിയനുകളുടെ ലക്ഷ്യം.

സാമൂഹ്യ പ്രതിബദ്ധതയോടെ രാജ്യതാൽപ്പര്യം മുൻനിർത്തി പ്രവർത്തിക്കുന്നവരാണ് ട്രേഡ് യൂണിയനുകൾ. അവരെയാണ് അധിക്ഷേപിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും തൊഴിലാളികൾ പൊതുമേഖലാ സംരക്ഷണം എന്ന നയത്തിൽ ഉറച്ചുനിൽക്കും.