ഗുജറാത്തില്‍ നടന്ന പെൺകുട്ടികളുടെ ദേശീയ സീനിയർ (അണ്ടർ 19) അത‌്‌‌ലറ്റിക‌് മീറ്റിൽ കേരളത്തിന്‌ കിരീടം. ആറ്‌ സ്വർണവും ഏ‍ഴ് വെള്ളിയും രണ്ട് വെങ്കലവും നേടിയാണ്‌ കേരളം കിരീടം ഉറപ്പിച്ചത്‌.

104 പോയിന്‍റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളത്തിന്‍റെ കിരീട നേട്ടം. രണ്ടാമതെത്തിയ തമിഴ്‌നാടിന് 54 പോയിന്‍റ് മാത്രമാണുള്ളത്. 41 പോയിന്‍റോടെ ഡല്‍ഹി മൂന്നാം സ്ഥാനത്തെത്തി.

മീറ്റിന്‍റെ അവസാന ദിവസമായ ഇന്ന്‌ കേരളം 2 സ്വർണവും 3 വെള്ളിയും നേടി. ട്രിപ്പിൽ ജംമ്പിൽ സാന്ദ്ര ബാബു സ്വര്‍ണം നേടിയപ്പോള്‍ മെറിന്‍ ബിജു ഇതേ ഇനത്തില്‍ വെള്ളി മെഡല്‍ നേടി.

4X 400 മീറ്റർ റിലേയില്‍ ജി രേഷ്മ, തെരേസ മാത്യു, സൂര്യ മോള്‍, റിയമോള്‍ ജോയ് എന്നിവരടങ്ങിയ ടീമും സ്വര്‍ണം നേടി.

400 മീറ്റർ ഹർഡിൽസിൽ ഡെൽനാ ഫിലിപ്പും 200 മീറ്റർ ഹർഡിൽസിൽ ആൻസി സോജനും വെള്ളി മെഡല്‍ സ്വന്തമാക്കി. ആൺകുട്ടികളുടെ മീറ്റ്‌ 15ന്‌ തുടങ്ങും.