മൂന്ന് കിലോ മാനിറച്ചിയുമായി നായാട്ട് സംഘം കുമളിയില്‍ പിടിയില്‍; വനം വകുപ്പ് ഉദ്യോഗസ്ഥരുടെ രാത്രികാല പട്രോളിങ്ങിനിടെയാണ് നാലംഗ സംഘം വലയിലായത്

കുമളി കുഴിഞ്ഞൊളു പോത്തുംകണ്ടം സ്വദേശിയായ കയ്യാണിയില്‍ ടോമി എന്ന് വിളിക്കുന്ന റോയി ലൂക്കോസ്, നാലാനിക്കല്‍ കളത്തില്‍ ജെയ്‌മോന്‍, പോത്തുംകണ്ടം റോയി തോമസ്, ഉള്ളാട്ട് കൊച്ചറ അപ്പാപ്പിക്കട അനില്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. പെരിയാര്‍ കടുവ സങ്കേതത്തിന്റെ തേക്കടി റെയിഞ്ച് സ്റ്റാഫ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടയിലാണ് പ്രതികള്‍ പിടിയിലായത്.

വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ ബൈക്കിലെത്തിയ ടോമിയെയും റോയിയെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി പരിശോധന നടത്തിയതാണ് നിര്‍ണായകമായത്.

ഇവരില്‍ നിന്ന് രണ്ട് പ്ലാസ്റ്റിക്ക് കവറുകളില്‍ സൂക്ഷിച്ച കൂരമാനിന്റെ ഇറച്ചിയും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പട്രോളിങ് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ വേട്ടയാടാന്‍ ഉപയോഗിച്ച തോക്ക് ജെയ്‌മോന്റെ കൈവശമാണെന്നും ഇയാള്‍ തോക്കുമായി വീട്ടിലേയ്ക്കു പോയതായും വിവരം ലഭിച്ചു.

ജെയ്‌മോന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം നാടന്‍ തോക്ക്, വാക്കത്തി, പിച്ചാത്തി, തിര എന്നിവ കണ്ടെത്തി. ലൈസന്‍സില്ലാത്ത നാടന്‍ തോക്കാണ് പിടിച്ചെടുത്തതെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ റ്റി.കെ ബിജു പറഞ്ഞു. ജയ്‌മോന് തോക്ക് കൈമാറിയ അനിലിനെയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News