മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ വിവാദ കെട്ടിടനിര്‍മാണം ഹൈക്കോടതി സ്റ്റേ ചെയ്തു

മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ വിവാദ കെട്ടിടനിര്‍മാണം ഹൈക്കോടതി സ്റ്റേ ചെയ്തു. നിര്‍മ്മാണം അനധികൃതമാണെന്ന സര്‍ക്കാര്‍ നിലപാടു കൂടി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

യുഡിഎഫ് നിയന്ത്രണത്തിലുള്ള മൂന്നാര്‍ ഗ്രാമപഞ്ചായത്ത്, കെട്ടിടം നിര്‍മ്മിച്ചത് 2010 ലെ കോടതി ഉത്തരവ് ലംഘിച്ചാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മൂന്നാറിലെ അനധികൃത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയും, മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവ് എം വൈഔസേപ്പ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയും പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം അനധികൃതമാണെന്നും, 2010ലെ കോടതി ഉത്തരവിന്റെ ലംഘനമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

2010ലെ കോടതി ഉത്തരവ് അനുസരിച്ച് ഗ്രാമപഞ്ചായത്ത്, സബ് കളക്ടറില്‍ നിന്നും എതിര്‍പ്പില്ലാ രേഖ വാങ്ങേണ്ടതായിരുന്നു.

എന്നാല്‍ സബ് കളക്ടറുടെ എന്‍ഒസി ഇല്ലാതെ തന്നെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിര്‍മ്മാണം ആരംഭിച്ചു. റവന്യൂ അധികൃതര്‍ നല്‍കിയ സ്റ്റോപ് മെമ്മോ പഞ്ചായത്ത് അവഗണിച്ചതായും നിയമം നടപ്പാക്കാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞുവെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്നും പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മാണം നടത്തിയത്. അത് പാട്ടക്കരാറിന് ലംഘനമാണെന്നും, പാര്‍ക്കിംഗിന് അനുവദിച്ച ഭൂമിയിലാണ് പഞ്ചായത്ത് കെട്ടിടം നിര്‍മ്മിമിച്ചതെന്നും കമ്പനി അധികൃതര്‍ വാദിച്ചു.

ഹര്‍ജികളില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിവാദ കെട്ടിട നിര്‍മ്മാണം താത്കാലികമായി തടഞ്ഞത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News