എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തീരുമാനം. 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകളാണ് എഴുതിത്തള്ളുക. 455 കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ 4.39 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഇടപെടലാണ് സര്‍ക്കാര്‍ കൈകൊണ്ടത്. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4,39,41,274 രൂപയാണ് സാമൂഹ്യനീതി വകുപ്പ് അനുവദിച്ചത്.
ഇത് സംബന്ധിച്ച ഉത്തരവിറക്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായത്.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ 2018 മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 2011 ജൂണ്‍ വരെയുള്ള ദുരിതബാധിതരുടെ 50,000 രൂപ വരെയുള്ള 1083 കടബാധ്യതകള്‍ എഴുതിത്തള്ളാനായി 2,17,38,655 രൂപ കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായാണ് ഇപ്പോള്‍ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാനുള്ള തുക സര്‍ക്കാര്‍ അനുവദിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here