കരിവെള്ളൂരിന് പ്രണയദിനാഘോഷം കാദര്‍ച്ചയ്ക്കും കല്ല്യാണിച്ചേച്ചിക്കുമൊപ്പം

ദേശീയ പാത വികസനത്തിന് മുമ്പ് കരിവെള്ളൂരിലൂടെ കടന്നു പോയവരുടെ മനസ്സില്‍ ഇപ്പോഴും ആ ചുവരെഴുത്തുണ്ടാകും അടിയന്തരാവസ്ഥ അറബിക്കടലില്‍. കരിവെള്ളൂരിന്റെ ചുവന്ന ഹൃദയം കൊണ്ടെഴുതിയ ആ ചുവരെഴുത്തിന് പിന്നില്‍ ബീഡി തൊഴിലാളിയായ കാദര്‍ച്ചയുടെയും കൈകളാണ്.

വിപ്ലവകാരിയായ കാദര്‍ച്ചയുടെ പ്രണയവും ജീവിതവുമെല്ലാം വിപ്ലവമാണ്. എല്ലാ സാമുദായിക എതിര്‍പ്പുകളെയും തോല്‍പ്പിച്ചാണ് മുസ്ലീം സമുദായാംഗമായ നങ്ങാരത്ത് അബ്ദുള്‍ഖാദര്‍ എന്ന കാദര്‍ച്ച ഹിന്ദു സമുദായത്തില്‍ നിന്നുള്ള കല്ല്യാണി ചേച്ചിയെ ഒപ്പം കൂട്ടിയത്.

ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണ്. അവര്‍ക്കും മക്കളുണ്ടായി. എന്നാല്‍ ജാതിയും മതവും എന്തെങ്കിലും കുഴപ്പമുണ്ടാക്കാന്‍ ഇരുവരുടെയും ജീവിതത്തില്‍ കയറിവരാന്‍ ധൈര്യപ്പെട്ടിട്ടില്ല. അത് കാദര്‍ച്ച കമ്മ്യൂണിസ്റ്റായത് കൊണ്ടായിരിക്കാമെന്നാണ് എല്ലാവരും കരുതുന്നത്.

മരണാനന്തരം സ്വന്തം മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിക്കൊണ്ടുള്ള സമ്മതപത്രം നല്‍കിയിട്ടുണ്ട് കാദര്‍ച്ച. അതുകൊണ്ട് മതങ്ങള്‍ക്ക് അവിടെയും കാര്യമില്ല. എന്തായാലും വിപ്ലവഗ്രാമമായ കരിവെള്ളൂര്‍ ഈ വാലന്റൈന്‍സ് ഡേ കാദര്‍ച്ചയുടെയും കല്ല്യാണിച്ചേച്ചിയുടെയും പ്രണയവിപ്ലവത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്.

്അധികമാരുമാറിയാത്ത ഈ സാധാരണ മനുഷ്യന്റെ അസാധാരണ ജീവിതത്തെക്കുറിച്ച് ശിവകുമാര്‍ കാങ്കോല്‍ സംവിധാനം ചെയ്ത ആകാശമുട്ടായി’ എന്ന ഡോക്യുമെന്ററി സിനിമ പ്രണയദിന ദിവസം വൈകീട്ട് 6.30ന് വെള്ളച്ചാലില്‍ വെച്ച് നാട്ടുകാര്‍ പ്രദര്‍ശിപ്പിക്കും.

ആകാശമുട്ടായി ഡോക്യുമെന്ററിയെക്കുറിച്ച് സംവിധായകന്‍ ശിവകുമാര്‍ കാങ്കോല്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

കരിവെള്ളൂര്‍ വെള്ളച്ചാലിലെ നങ്ങാരത്ത് അബ്ദുള്‍ ഖാദറും മുണ്ടവളപ്പില്‍ കല്യാണിയും വിവാഹം ചെയ്ത്, പ്രണയപൂര്‍വം ഒന്നിച്ച് ജീവിക്കുവാന്‍ തുടങ്ങിയിട്ട് ഈ ഫെബ്രുവരി 14 ന് നാല്‍പത്തിനാല് വര്‍ഷം പൂര്‍ത്തിയാകുന്നു.

ജാതിയും മതവും ദൈവങ്ങളും സമുദായക്കമ്മറ്റിക്കാരും സമൂഹത്തെ കൂടുതല്‍ പിറകോട്ടു നയിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്തും , നാലര പതിറ്റാണ്ടുകാലമായി ജാതിയേയും മതത്തേയും എതിരിട്ട് അവരവരായിത്തന്നെ തലയുയര്‍ത്തി ജീവിക്കുന്ന ഈ ദമ്പതികള്‍ നമുക്ക് ആശ്ചര്യവും അഭിമാനവുമാണ്.

അടിയന്തിരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കരിവെള്ളൂര്‍ ദേശീയ പാതയോരത്തെ കെട്ടിടത്തിന്റെ ചുമരില്‍ അടിയന്തിരാവസ്ഥ അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഏവര്‍ക്കും വായിക്കാവും വിധം വലിപ്പത്തില്‍ എഴുതിവച്ചത് അബ്ദുള്‍ ഖാദറായിരുന്നു.

2019 ഫെബ്രുവരി 14 ന് പ്രണയദിനത്തില്‍(വാലന്റൈന്‍സ് ഡേ) അവരുടെ വിവാഹവാര്‍ഷിക ദിനത്തില്‍, വൈകുന്നേരം 6.30ന് അവരുടെ ജീവിതത്തെയും പ്രണയത്തേയും സമരത്തെയും അടയാളപ്പെടുത്തുന്ന ആകാശമുട്ടായി എന്ന ചെറു ഡോക്യുമെന്ററി വെള്ളച്ചാലില്‍ വച്ച് ആദ്യ പ്രദര്‍ശനം നടത്തുന്നു. ..

ജീവിതം വ്യവസ്ഥക്കെതിരായ സമരമാക്കിമാറ്റിയ അപൂര്‍വവ്യക്തികളെക്കുറിച്ചുള്ള ദൃശ്യപരമ്പരയില്‍ ഒന്നാമത്തേതാണ് ആകാശ മുട്ടായി.
മുഴുവന്‍ സുഹൃത്തുക്കളേയും ക്ഷണിക്കുന്നു….”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News