ആയുഷ് ചികിത്സാരീതികൾ ലോകമെങ്ങും പരിചയപ്പെടുത്താനും  ശക്തിപ്പെടുത്താനും ആയുഷ് കോൺക്ലേവ് 

കേരളത്തിലെ ആയൂർവേദവും ഇതര ആയുഷ് ചികിത്സാ സമ്പ്രദായങ്ങളായ യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയവയും അന്തർദേശീയ തലത്തിൽത്തന്നെ ശ്രദ്ധേയമാണ്. വിവിധ രോഗങ്ങൾക്കുള്ള ആയൂർവേദ ചികിത്സയ്ക്കും ആരോഗ്യസംരക്ഷണ സൗഖ്യ ചികിത്സാരീതികൾക്കും കേരളത്തെ തേടിയെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്.

എന്നാൽ, അർഹിക്കുന്ന അംഗീകാരത്തോടെ ഈ ചികിത്സാവിഭാഗങ്ങളെ ലോകത്തിന്റെ മുന്നിലെത്തിക്കാൻ നമുക്കായിട്ടില്ല. ഈയൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ആയുഷ് വിഭാഗങ്ങളുടെ വിവിധ സ്പെഷ്യാലിറ്റി ചികിത്സാരീതികൾ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനുമായി ഫെബ്രുവരി 15 മുതൽ 19 വരെ തിരുവനന്തപുരത്ത് ആയുഷ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

അന്താരാഷ്ട്രമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളും സംരംഭകരുമായി കേരളത്തിലെ ആയുഷ് മേഖലയ്ക്ക് പരസ്പര സഹകരണത്തിനുള്ള അവസരം സൃഷ്ടിക്കാനും ഇതിലൂടെ കഴിയും.

ഒത്തുചേരലിനുള്ള വേദി
ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയമായ അടിത്തറ വിപുലപ്പെടുത്താനും ലോകസമക്ഷം പ്രസിദ്ധപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണ് ആയുഷ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ആയുഷ് ചികിത്സാ സമ്പ്രദായങ്ങളിൽ അധിഷ്ഠിതമായ വെൽനെസ് ടൂറിസംമേഖലയിൽ കേരളത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യം.

വെൽനെസ് ചികിത്സാരംഗത്തെ വിദഗ്ധരെ കേരളത്തിന് പരിചയപ്പെടുത്താനും നമ്മുടെ ശേഷി അവരെ ബോധ്യപ്പെടുത്താനും സാധിക്കുക വഴി ഈ മേഖലയിലെ നമ്മുടെ വൈദഗ്ധ്യമാർന്ന മാനവ വിഭവശേഷി ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ കഴിയും.

ആയൂർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ വിവിധ സ്പെഷ്യാലിറ്റി ചികിത്സാരീതികൾ ലോകമെങ്ങും പരിചയപ്പെടുത്താനും അവയെ ശക്തിപ്പെടുത്താനും സാധിക്കുന്നതാണ്.

ആയുഷ് കോൺക്ലേവ് ലോകമെങ്ങുമുള്ള ആയുഷ്, വിശിഷ്യ ആയുർവേദ സമൂഹത്തിന്റെ ഒത്തുചേരലിനും വേദിയാകുന്നു. ശാസ്ത്രസാങ്കേതിക വ്യാവസായിക മേഖലയിലെ പുതിയ കണ്ടെത്തലുകൾ ആയുഷ്മേഖലയ്ക്ക് മനസ്സിലാക്കാനും സ്വാംശീകരിക്കാനുമുള്ള ഒരവസരവും കൂടിയാണ് ഈ ആയുഷ് കോൺക്ലേവ്.

പൊതുജനാരോഗ്യ മേഖലയിൽ ഏറ്റവും ജനകീയവും ചെലവുകുറഞ്ഞതും തദ്ദേശീയവുമായ വൈദ്യസമ്പ്രദായങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ കേരള ആരോഗ്യമാതൃകയെ ശക്തിപ്പെടുത്തും.

അന്താരാഷ്ട്ര സെമിനാർ, നാഷണൽ ആരോഗ്യ എക്പോ്പ, ബിസിനസ് മീറ്റ്, എൽഎസ്ജി ലീഡേഴ്സ് മീറ്റ്, ആയുർവേദ, സിദ്ധ, യുനാനി ആൻഡ് ഹോമിയോപ്പതി ഔഷധനയം‐ശിൽപ്പശാല, കാർഷികസംഗമം, ആരോഗ്യവും ആഹാരവും ‐ ശിൽപ്പശാല, ആയുഷ് ഐക്യദാർഢ്യസമ്മേളനം, ആയുഷ് സ്റ്റാർട്ടപ് കോൺക്ലേവ് തുടങ്ങിയവയാണ് ആയുഷ് കോൺക്ലേവിലെ ആകർഷകമായ ഇനങ്ങൾ.

ഹെർബൽ ബസാർ, ആയുഷ് ഹെൽത്ത് ട്രാവൽബസാർ എന്നിങ്ങനെ തരംതിരിച്ചാണ് ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്. ഔഷധ നിർമാതാക്കൾക്ക് അവരുടെ മാർക്കറ്റ് വിപുലപ്പെടുത്തുന്നതിന് സഹായകമാണ് ഹെർബൽ ബസാർ.

കേരളത്തിലെ വിവിധ ആയുർവേദ ചികിത്സാസ്ഥാപനങ്ങളും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ അന്തർദേശീയ ടൂർ ഓപ്പറേറ്റർമാരും അന്താരാഷ്ട്ര‐ആരോഗ്യ‐വിനോദസഞ്ചാര മാധ്യമപ്രതിനിധികളും പങ്കെടുക്കുന്നതാണ് ആയുഷ് ഹെൽത്ത് ട്രാവൽബസാർ.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഈ സെഷനിൽ അവതരണങ്ങൾ ഉണ്ടാകും. ടൂറിസം രംഗത്ത് ആയുഷിനെ കേരളത്തിന്റെ മികവുറ്റ ഉൽപ്പന്നമായി മാറ്റുന്നതിനുള്ള കർമപദ്ധതികൾ ചർച്ചചെയ്യും.

ഈ രണ്ടു പരിപാടിയുടെയും ഭാഗമായി തയ്യാറാക്കപ്പെടുന്ന ധാരണപത്രങ്ങൾ സംബന്ധിച്ച്, കോൺക്ലേവിനുശേഷം കൃത്യമായ ഇടവേളകളിൽ പുരോഗതി വിലയിരുത്തപ്പെടുകയും സംസ്ഥാന താൽപ്പര്യത്തിനും യോഗ്യമായതരത്തിൽ തടസ്സങ്ങൾ നീക്കുന്നതിനുള്ള ഇടപെടൽ ഉണ്ടാകുകയും ചെയ്യും. അതിനായി കോൺക്ലേവിനുശേഷം ഒരു വർഷക്കാലത്തേക്ക് പ്രവർത്തിക്കുന്നതിന് ഒരു സെക്രട്ടറിയറ്റ് രൂപീകരിക്കും.

തെരഞ്ഞെടുക്കപ്പെട്ട പൊതുജനാരോഗ്യ പ്രോജക്ടുകൾ പരിശോധിക്കുന്നതിനും ചർച്ചചെയ്യുന്നതിനും പ്രാദേശിക ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ വേദി ഒരുക്കുന്നതിനാണ് എൽഎസ്ജി ലീഡേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. മികച്ച പ്രോജക്ടുകൾ അവതരിപ്പിക്കപ്പെടുകയും അംഗീകാരം നൽകുകയുംചെയ്യുക ഈ പരിപാടിയുടെ ഉദ്ദേശ്യങ്ങളിൽ ഒന്നാണ്.

ആയുർവേദ, സിദ്ധ, യുനാനി ആൻഡ് ഹോമിയോപ്പതി ഔഷധനയം സംബന്ധിച്ച ശിൽപ്പശാലയിൽ ആയുർവേദ ഔഷധനിർമാണ മേഖലയും ഇതര ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ഔഷധനിർമാണ മേഖലയും ചർച്ചചെയ്യപ്പെടുന്നു.

ഔഷധസസ്യക്കൃഷിമുതൽ വിപണനംവരെയുള്ള വിവിധ തലങ്ങളും കർഷകരുടെയും വ്യവസായികളുടെയും വിൽപ്പനക്കാരുടെയും ചികിത്സകരുടെയും പൊതുജനങ്ങളുടെയും ഭാഗത്തുനിന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും അഭിപ്രായങ്ങളും ചർച്ചചെയ്യപ്പെടുന്ന ഒരു ശിൽപ്പശാലയായിരിക്കും ഇത്. കേരള സർക്കാരിന്റെ പ്രകടന പത്രികയിൽ ആയുർവേദ ഔഷധനയം രൂപീകരിക്കുമെന്ന പ്രഖ്യാപനം സാക്ഷാൽക്കരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പ്രസ്തുത ശിൽപ്പശാല.

പൊതുജനാരോഗ്യസംരക്ഷണം

ആയുഷ് പുതിയ ആശയങ്ങൾ വളർത്തുന്നതിനും അവയ്ക്ക് മൂലധനം കണ്ടെത്തുന്നതിനും വ്യവസായ സമൂഹത്തിന്റെ സഹായത്തോടെയാണ് സ്റ്റാർട്ടപ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കേരള സുസ്ഥിര വികസനത്തിൽ ആയുഷിന്റെ നവസംരംഭകത്വം ഉപയോഗപ്പെടുത്തുന്നതിന് ഈ സ്റ്റാർട്ടപ് സഹായിക്കും.

രജിസ്റ്റർ ചെയ്ത 2000 പ്രതിനിധികൾ, വിദഗ്ധരായ 500 പ്രത്യേക ക്ഷണിതാക്കൾ, ഗവേഷകർ, വ്യവസായമേഖലയിൽ നിന്നുമുള്ള 200 വിദഗ്ധർ, 50 സർക്കാർ/സ്വയംഭരണ ഏജൻസികൾ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്ന് 200 പ്രതിനിധികൾ എന്നിവർ ആയുഷ് കോൺക്ലേവിൽ പങ്കെടുക്കും.

സംസ്ഥാന ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ആയുഷ് മിഷൻ കേരള സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ടൂറിസംവകുപ്പ്, വ്യവസായവകുപ്പ്, തദ്ദേശഭരണവകുപ്പ്, കായികവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, കൃഷിവകുപ്പ്, വനംവകുപ്പ്, ശാസ്ത്രസാങ്കേതികവകുപ്പ്, കെഎസ്ഐഡിസി കിൻഫ്ര, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, പൊല്യൂഷൻ കൺട്രോൾ ബോർഡ്, നാഷണൽ ഹെൽത്ത് മിഷൻ, സ്റ്റേറ്റ് മെഡിസിനിൽ പ്ലാന്റ് ബോർഡ്, ആരോഗ്യ സർവകലാശാല, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, ടിബിജിആർഐ തുടങ്ങിയ വകുപ്പുകളുടെയും ഏജൻസികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

കേരളത്തിലെ ആയുഷ് വൈദ്യശാസ്ത്ര വിഭാഗങ്ങളുടെ ചരിത്രത്തിൽ സർക്കാർ മുൻകൈയിൽ നടക്കുന്ന ആദ്യത്തെ സംരംഭമാണിത്.

കേരളത്തിന്റെ സുസ്ഥിരവികസനമെന്ന സമീപനവും പൊതുജനാരോഗ്യസംരക്ഷണമെന്ന കാഴ്ചപ്പാടും മുൻനിർത്തി ആയുഷ്മേഖലയിൽ ആദ്യമായി നടക്കുന്ന പ്രമുഖ പരിപാടിയും ഇതുതന്നെയാണ്.

കേരളത്തിന്റെ ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ സവിശേഷതകൾ ലോകമെമ്പാടും വിളംബരം ചെയ്യുന്ന പരിപാടിയായി ആയുഷ് കോൺക്ലേവിനെ മാറ്റാനായി എല്ലാവരുടെയും ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News