രാജ്യത്ത് ഭയത്തിന്റെയും ഭീഷണിയുടേയും അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് സുധാകര്‍ റെഡ്ഢി; മോദി ഭരണത്തില്‍ നടക്കുന്നത് വ്യാപക കൊലപാതകങ്ങള്‍

തിരുവനന്തപുരം: രാജ്യത്ത് ഭയത്തിന്റെയും ഭീഷണിയുടേയും അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍, ബുദ്ധിജീവികള്‍, ദളിതര്‍ എന്നിവരെല്ലാം ഭയത്തിന്റെ നിഴലിലാണെന്നും കേരള സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്ത് സുധാകര്‍ റെഡ്ഢി പറഞ്ഞു.

വൈവിധ്യങ്ങളുള്ള രാജ്യമാണ് നമ്മുടേത്. വിവിധതരത്തില്‍പെട്ടവര്‍ ജീവിക്കുന്ന രാജ്യമാണിത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ വ്യാപകമായ കൊലപാതകങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

‘ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ…’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും കേരളത്തിന്റെ സര്‍വതോമുഖമായ വികസനത്തിന് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുമാണ് യാത്ര.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തെക്കന്‍ മേഖലാ ജാഥ നയിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കന്‍ മേഖലാജാഥ 16ന് മഞ്ചേശ്വരത്ത് തുടങ്ങും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് രണ്ടിന് ഇരുജാഥകളും തൃശൂരില്‍ മഹാറാലിയോടെ സമാപിക്കും.

കേരളസംരക്ഷണ യാത്രയുടെ സമാപനത്തോടെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കംകുറിക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

വലതുപക്ഷവല്‍ക്കരണത്തിനും വര്‍ഗീയതയ്ക്കുമെതിരെയുള്ള രാഷ്ട്രീയപ്രചാരണമാണ് ജാഥകളുടെ ലക്ഷ്യം. മോഡി സര്‍ക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരെ ജനവികാരം വളര്‍ത്താനും കേരളവികസനത്തിനും ജനക്ഷേമത്തിനും ജനങ്ങളെ സജ്ജരാക്കുക. ‘വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങളും ജാഥ മുന്നോട്ടുവയ്ക്കുന്നു.

കോടിയേരിക്ക് പുറമെ കെ പ്രകാശ്ബാബു(സിപിഐ), പി സതീദേവി (സിപിഐ എം), അഡ്വ. ബിജിലി ജോസഫ്(ജനതാദള്‍), പി കെ രാജന്‍ (എന്‍സിപി), യു ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്) ഡിക്കന്‍ തോമസ്(കേരള കോണ്‍ഗ്രസ്), ഡോ. വര്‍ഗീസ് ജോര്‍ജ്(ലോക്താന്ത്രിക് ജനതാദള്‍) കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍) ഡോ. ആന്റണി രാജു(ജനാധിപത്യ കേരള കോണ്‍ഗ്രസ്), പി എം മാത്യു (കേരള കോണ്‍ഗ്രസ് ബി) എന്നിവരാണ് തെക്കന്‍ മേഖലാ ജാഥാംഗങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News