കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന് മാനസിക പീഡനം. സർജറി വിഭാഗം മേധാവിയാണ് നഴ്സിനെ മാനസികമായി പീഡിപ്പിച്ചത്.

ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്സുമാർ ഇന്ന് രാവിലെ 8 മുതൽ 10 വരെ പണിമുടക്കും.

ഐസിയുവിൽ രോഗികളെ പരിശോധിക്കുന്നതിനിടെ ഗ്ലൂക്കോമീറ്റർ കിടക്കയിൽ വെച്ചതിനെ തുടർന്നാണ് സർജറി വിഭാഗം മേധാവിയായ ഡോക്ടർ നഴ്സിനെ മാനസികമായി പീഡിപ്പിച്ചത്.

ഒഴിവുവന്ന ബെഡിൽ നഴ്സിനെ കിടത്തുകയും അവരുടെ ശരീരത്തിൽ ഗ്ലൂക്കോമീറ്റർ അടങ്ങിയ ട്രേ എടുത്ത കയറ്റി വച്ചായിരുന്നു മാനസിക പീഡനം.

ഇതേതുടർന്ന് രണ്ടു ദിവസമായി നഴ്സ് ആശുപത്രിയിലെത്തിയില്ല. മാതാപിതാക്കളോട് സംഭവം പറഞ്ഞതോടെ അവർ നേരിട്ടെത്തി ആശുപത്രി അധികൃതർക്ക് പരാതി നൽകുകയായിരുന്നു.

നഴ്സിനോട് മോശമായി പെരുമാറിയ സർജറി വിഭാഗം മേധാവി ജോൺസ് കുര്യനെതിരെ കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിംഗ് സൂപ്രണ്ട് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്സുമാർ രാവിലെ എട്ടുമുതൽ 10 വരെ പണിമുടക്കും. 500 ലധികം നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും.