വാണിജ്യ രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ എം എഫ് എന്‍ പദവി പിന്‍വലിച്ചു; പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നീക്കം

കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ വാണിജ്യ രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ എം എഫ് എന്‍ പദവി പിന്‍വലിച്ചു. പാകിസ്താനെ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനും തീരുമാനം .

സുരക്ഷാകാര്യമന്ത്രിസഭാസമിതിയുടേതാണ് തീരുമാനം. അക്രമം നടത്തിയവര്‍ക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും സൈന്യത്തിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

കശ്മീര്‍ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ നടപടികള്‍ കടുപ്പിക്കുകയാണ് ഇന്ത്യ. വാണിജ്യ രംഗത്ത് ഇന്ത്യ പാക്കിസ്ഥാന്‍ നല്‍കിയ എംഎഫ്എന്‍ പദവി റദ്ദാക്കികൊണ്ടാണ് ഇന്ത്യ പാക്കിസ്ഥാനോട് നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനെ അന്തരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള സാധ്യമായ നയതന്ത്ര ചര്‍ച്ചകള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിക്കും.

പാകിസ്താനുമായുള്ള വ്യാപാര ബന്ധങ്ങള്‍ പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം മറ്റ് രാജ്യങ്ങളോട് ചര്‍ച്ച നടത്തും. തീവ്രവാദത്തിനെതിരായ അന്താരാഷ്ട്ര ഉച്ചകോടി വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെടാനും ഇതിനായി ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദ്ദം ചെലുത്താനും ഇന്ന് ചേര്‍ന്ന ദേശീയ സുരക്ഷാകാര്യമന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചിട്ടുണ്ട്

പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാനും ഇന്ത്യ തീരുമാനിച്ചു. അതേസമയം അക്രമത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന കൃത്യമായ സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കി.

സൈന്യത്തിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നുവെന്നും ഇന്ത്യയില്‍ അസ്ഥിരത ഉണ്ടാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here