മുല്ലപ്പള്ളിയുടെ യാത്രക്ക് തൃശൂരില്‍ ആളില്ല; സ്വീകരിക്കാന്‍ കെ.എസ്.യു പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസിലെ പ്രതിയും

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്ര തൃശൂര്‍ ജില്ല വിടും മുമ്പ് വിവാദം. സ്വീകരണച്ചടങ്ങില്‍ നിറഞ്ഞു നിന്നത് കെ.എസ്.യു പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസിലെ പ്രതി. ജാഥയില്‍ മുല്ലപ്പള്ളി നോട്ട് മാല അണിഞ്ഞതിനെതിരെ പൊലീസിന് പരാതിയും ലഭിച്ചു.

വ്യാഴാഴ്ച നാട്ടിക നിയോജകമണ്ഡലത്തിലെ സ്വീകരണം നടന്ന തൃപ്രയാറിലെ സമ്മേളനത്തിലാണ് കെ.എസ്.യു പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്ത കോണ്‍ഗ്രസ് നേതാവും തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.ജെ.യദുകൃഷ്ണനാണ് മുല്ലപ്പള്ളിയെ നോട്ട് മാലയിട്ട് സ്വീകരിച്ചത്.

ഇത് കണ്ട ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരിപാടിയില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തക കൂടിയായ പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.

എന്നാല്‍ പരാതിയില്‍ ഒരു നടപടിയുമുണ്ടായില്ല. ഇതോടെ രാഹുല്‍ ഗാന്ധിക്കും പരാതി അയച്ചുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഈ സാഹചര്യത്തില്‍ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

വലപ്പാട് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനിടയില്‍ രാഷ്ട്രീയ വൈരാഗ്യമാണ് തനിക്കെതിരെയുള്ള കേസെന്ന വാദമുയര്‍ത്തി മുന്‍കൂര്‍ ജാമ്യത്തിലാണ് ഇയാള്‍.

ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.അടുത്ത ദിവസം കോടതി പരിഗണിക്കും. ഇതിനിടെ മുല്ലപ്പള്ളിക്ക് നോട്ട് മാലയിട്ട് സ്വീകരിക്കുന്നതിനെതിരെ പൊലീസിന് പരാതിയെത്തി.

റിസര്‍വ് ബാങ്കിന്റെ ഉത്തരവനുസരിച്ച് നോട്ടുമാല അണിയിക്കുന്നതും നോട്ടില്‍ എഴുതുന്നതും ചുക്കിച്ചുളിക്കുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ജനപ്രതിനിധിയും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാവുമായ മാതൃകയാവേണ്ടയാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കൂട്ടു നിന്നുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ സുജോബി ജോസ് ആണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here