അമ്മയുമായി തൊട്ടുമുന്‍പ് മിണ്ടി; ധീരജവാന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ്

മലയാളി ജവാന്‍ വസന്തകുമാര്‍ ഒരാഴ്ച മുന്നെയാണ് നാട്ടിലെത്തിയത്. എന്നാല്‍ മടക്കം വീരമൃത്യുവിലേക്കായിരുന്നു. 18 വര്‍ഷം രാജ്യസേവനം നടത്തിയ വയനാട് ലക്കിടി സ്വദേശിയായ വസന്ത് കുമാര്‍ പഞ്ചാബില്‍ നിന്ന് പുല്‍വാമയിലെത്തിയത് സ്ഥാനക്കയറ്റത്തോടെയായിരുന്നു.

ജവാന്റെ മൃതദേഹം നാളെ രാവിലെ അഞ്ചു മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം.

ധീര ജവാന്റെ വീരമൃത്യു അറിഞ്ഞ നാട് വസന്ത് കുമാറിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് ശേഷം 2001 ലാണ് വസന്ത് കുമാര്‍ സിആര്‍പിഎഫില്‍ ചേര്‍ന്നത്. പഞ്ചാബില്‍ നിന്നും ഈ ഏപ്രില്‍ രണ്ടാം തിയതി നാട്ടില്‍ എത്തിയ വസന്ത് കുമാര്‍ എട്ടിന് ആണ് കശ്മീരിലേക്ക് മടങ്ങിയത്.

ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം ആദ്യം ഏറ്റെടുത്ത ജോലിക്കിടയിലായിരുന്നു ഭീകരാക്രമണം. സ്‌ഫോടനം ഉണ്ടാകുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പ് വസന്ത് കുമാര്‍ അമ്മയുമായി സംസാരിച്ചിരുന്നു. ശേഷം മരണ വിവരം ഇന്ന് പുലര്‍ച്ചെ ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

വസന്ത് കുമാറിന്റെ വീട്ടിലുള്ളത് ഭാര്യയും എട്ടും ആറും വയസുള്ള രണ്ട് മക്കളും അമ്മയുമാണ്. പിതാവ് എട്ട് മാസം മുമ്പ് മരിച്ചിരുന്നു. ഭൗതിക ശരീരം ലക്കിടി എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെക്കും. തൃക്കയ്പറ്റയിലെ തറവാട് വീടിനോട് ചേര്‍ന്നായിരിക്കും സംസ്‌കാരം.

രണ്ട് പതിറ്റാണ്ടോളം രാജ്യത്തെ സേവിച്ചിട്ടാണ് വസന്ത കുമാറിന്റെ വീരചരമം. എല്ലാവിധ ആദരവും നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും ജില്ലാ ഭരണകൂടവും നേതൃത്വവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News