പൊതുനന്മ മുന്‍ നിര്‍ത്തി ലോകത്തെങ്ങുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നതാണ് ലോക കേരളാ സഭയെന്ന് മുഖ്യമന്ത്രി. ദുബായില്‍ ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോര്‍ക്ക റൂട്‌സില്‍ വനിതാ സെല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ പ്രാധാന്യവും ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ലോക കേരള സഭയുടെ ഏഴു സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ തയ്യാറാക്കിയ ശുപാര്‍ശകള്‍ പൊതുവില്‍ സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി രൂപീകരിക്കും. പ്രവാസികള്‍ക്ക് പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കും, അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം മാസം തോറും നിശ്ചിത തുക ഡിവിഡന്റ് ആയി ലഭിക്കുന്നതാണ് ഈ പദ്ധതി.

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. യു എ ഇ യിലെ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിംഗ് സൂരി , കെ സി ജോസഫ് , ചീഫ് സെക്രട്ടറി ടോം ജോസ്, എം എ യുസഫലി, ഡോക്ടര്‍ രവിപിള്ള, ഡോക്ടര്‍ ആസാദ് മൂപ്പന്‍, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞു മുഹമ്മദ് , ഡോക്ടര്‍ ഷംഷീര്‍ വയലില്‍ , ഓ വി മുസ്തഫ, ആശാ ശരത്, കൊച്ചു കൃഷ്ണന്‍ , സി വി റപ്പായി ,ഡോക്ടര്‍ പുത്തൂര്‍ റഹ്മാന്‍, മഹാദേവന്‍ വാഴശ്ശേരി, കെ മുരളീധരന്‍, വി എ ഹസന്‍ തുടങ്ങിയവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.