‘ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’; എല്‍ഡിഎഫ് കേരള സംരക്ഷണയാത്ര മുന്നോട്ട്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജനപിന്തുണ ഉറപ്പാക്കി എല്‍ഡിഎഫ് കേരള സംരക്ഷണയാത്ര മുന്നോട്ട്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലായാത്രയ്ക്ക് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ആവേശകരമായ സ്വീകരണം ലഭിച്ചു.

പേരൂര്‍ക്കടയില്‍നിന്ന് പ്രയാണമാരംഭിച്ച തെക്കന്‍ മേഖലാ യാത്രയ്ക്ക് ഉത്സവാന്തരീക്ഷത്തിലായിരുന്നു സ്വീകരണം. തൊഴിലാളികളുള്‍പ്പെടെയുള്ള വിവിധ വര്‍ഗ ബഹുജനസംഘടനാ പ്രവര്‍ത്തകരും പൊതുജനങ്ങളും കോടിയേരിയെ വേദികളിലേക്കാനയിച്ചു.
വട്ടിയൂര്‍ക്കാവ്, കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലായിരുന്നു സ്വീകരണം.

ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും മതരാഷ്ട്രവാദത്തിനും എതിരെ ജാഥ ജനമനസ്സുണര്‍ത്തുകയാണ്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരിന്റെ ജനക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജനപിന്തുണയും ഉറപ്പാക്കുന്നു.

രാവിലെ പത്തിന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പേരൂര്‍ക്കട ജങ്ഷനിലായിരുന്നു ആദ്യസ്വീകരണം. തുറന്ന ജീപ്പിലെത്തിയ ജാഥാ ലീഡറെ പ്രവര്‍ത്തകര്‍ പ്രകടനമായി വേദിയിലേക്ക് ആനയിച്ചു. റെഡ് വളന്റിയര്‍ പരേഡും -മുത്തുക്കുടയും കരകാട്ടവും സ്വീകരണത്തിന് മിഴിവേകി. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയെത്തി.

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളായ അബ്ദുള്‍റഹ്മാന്‍, ഷെല്‍ട്ടന്‍ എന്നിവര്‍ കോടിയേരിയെ ഷാളണിയിച്ചു. പാറശാലയിലെ കുന്നത്തുകാല്‍ ജാഥാ ലീഡര്‍ എത്തുംമുമ്പേ ജനനിബിഡമായിരുന്നു. പ്രവര്‍ത്തകര്‍ കോടിയേരിയെ പുഷ്പകിരീടമണിയിച്ചു.

നെയ്യാറ്റിന്‍കരയിലും മുത്തുക്കുടയും ചെണ്ടമേളവും ഉള്‍പ്പെടെയായിരുന്നു സ്വീകരണം. ശനിയാഴ്ച കാട്ടാക്കട മണ്ഡലത്തിലെ പേയാട് നിന്നാരംഭിക്കുന്ന യാത്ര വാമനപുരം മണ്ഡലത്തിലെ വെഞ്ഞാറമൂട് സമാപിക്കും.

വിവിധ കേന്ദ്രങ്ങളില്‍ ജാഥാ അംഗങ്ങളായ കെ പ്രകാശ് ബാബു (സിപിഐ), പി സതീദേവി (സിപിഐ എം), അഡ്വ. ബിജിലി ജോസഫ് (ജനതാദള്‍), പി കെ രാജന്‍ (എന്‍സിപി), യു ബാബു ഗോപിനാഥ് (കോണ്‍ഗ്രസ് എസ്), ഡീക്കന്‍ തോമസ് കയ്യത്ര (കേരള കോണ്‍ഗ്രസ്), ഡോ. വര്‍ഗീസ് ജോര്‍ജ് (ലോക് താന്ത്രിക് ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), പി എം മാത്യു (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിവിധ കേന്ദ്രങ്ങളില്‍ ജാഥയ്‌ക്കൊപ്പമുണ്ടായി.

‘ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എല്‍ഡിഎഫ് രണ്ട് മേഖലാ യാത്രകള്‍ നടത്തുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ യാത്ര ശനിയാഴ്ച മഞ്ചേശ്വരത്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News