ആലുവയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവൻ സ്വർണ്ണാഭരണങ്ങളും എഴുപതിനായിരം രൂപയും കവർന്നു.
പൊട്ടിയ മദ്യക്കുപ്പി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. മലയാളികളായ രണ്ട് പേരായിരുന്നു കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്നതെന്ന് വീട്ടുടമ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
നിക്കർ മാത്രം ധരിച്ച മുഖം മൂടിയിട്ട രണ്ട് പേരാണ് അത്താണി കെ.എസ്.ഇ.ബി ക്ക് സമീപം റോഡരികിലുള്ള ഡോക്ടറുടെ വീട്ടിൽ കയറി കവർച്ച നടത്തിയത്.
വീടിന്റെ പിൻവശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നത്. ആദ്യം വീടു മുഴുവൻ പരിശോധന നടത്തി പണം കവർന്നു.
പിന്നീട് ഉറങ്ങുകയായിരുന്ന വനിതാഡോക്ടറുടെ മുറിയിൽ കടന്നു. മദ്യകുപ്പി പൊട്ടിച്ച് കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ധരിച്ചിരിക്കുന്ന ആഭരണങ്ങൾ അഴിച്ചെടുത്തു.
ആകെ നൂറ് പവനോളം നഷ്ടപ്പെട്ടു. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ വിവാഹാവശ്യത്തിനായി കഴിഞ്ഞ ദിവസമാണ് കവർച്ച നടന്ന വീട്ടിലേക്ക് കൊണ്ടുവന്നത് .
ഭർത്താവ് വിദേശത്തും മകൻ നാവിക സേനയിലുമായതിനാൽ വനിതാ ഡോക്ടർ ഒറ്റക്കായിരുന്നു താമസം .
മോഷ്ടാക്കൾ വീട് വിട്ട ഉടനെ വീട്ടിലെ മുഴുവൻ ലൈറ്റുകളും കത്തുന്ന സ്വിച്ചിട്ടതോടെ മോഷ്ടാക്കൾ ഓടി ഒളിച്ചു. തൊട്ടടുത്ത വീട്ടിൽ വിവരമറിയിച്ചതോടെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി ചുറ്റു പാടും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
റൂറൽ എസ്.പി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ മറ്റൊരു വീട്ടിൽ നിന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് മുപ്പതോളം പവൻ സ്വർണം കവർന്നെങ്കിലും പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല .
Get real time update about this post categories directly on your device, subscribe now.