കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ രാജസ്ഥാന്‍ സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

രാജസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്യാപിറ്റല്‍ സൊലൂഷന്‍സ് ആന്റ് കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനം വഴിയായിരുന്നു തട്ടിപ്പ്. റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരമോ മറ്റ് ലൈസന്‍സൊ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ എം ഡി യാണ് അറസ്റ്റിലായ അജ്മീര്‍ സ്വദേശി ത്രിലോക് കുമാര്‍.

ദക്ഷിണേന്ത്യയിലെ വന്‍ വ്യവസായികളെ ലക്ഷ്യമിട്ടായിരുന്നു ഇയാള്‍ വായ്പാ തട്ടിപ്പ് നടത്തിയത്. കുറഞ്ഞ പലിശയ്ക്ക് കോടികള്‍ വായ്പ നല്‍കാമെന്ന് മാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റിലൂടെയും പരസ്യം നല്‍കി ഇരകളെ ആകര്‍ഷിക്കുകയാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് സ്ഥാപനത്തിന് അംഗീകാരമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വലയില്‍ വീഴ്ത്തും.

ഒടുവില്‍ ലോണ്‍ പാസ്സായെന്ന് പറഞ്ഞ് സര്‍വ്വീസ് ചാര്‍ജ്ജായി ലക്ഷങ്ങള്‍ ഇവരില്‍ നിന്ന് വാങ്ങും. എന്നാല്‍ ലോണ്‍ കിട്ടാതാവുമ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായെന്ന് പലരും മനസ്സിലാക്കുന്നത്. അത്തരത്തില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ട കൊച്ചി സ്വദേശിയുടെ പരാതിയിലാണ് ത്രിലോക് കുമാറിനെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്ക് 9 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പിലൂടെ 10 കോടി രൂപ ഇയാള്‍ സമ്പാദിച്ചതായും വ്യക്തമായിട്ടുണ്ട്. രാജസ്ഥാനിലെത്തിയ പാലാരിവട്ടം എസ്‌ഐ സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 5 ദിവസം അവിടെ തങ്ങിയാണ് അജ്മീര്‍ പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here