ഒരിടത്തും കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് കോടിയേരി; ജനങ്ങള്‍ ഇടതുപക്ഷത്തിന് ഒപ്പം; ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തെ

തിരുവനന്തപുരം: ബംഗാളിലടക്കം ഒരിടത്തും സിപിഐഎം കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വേ റിപ്പോര്‍ട്ടുകള്‍ അപ്രസക്തമെന്ന് തെളിയിക്കുന്നതാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനുശേഷം നടന്ന 14 ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ. ഇപ്പോഴത്തെ ഫലം മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്നും കോടിയേരി പറഞ്ഞു. കേരള സംരക്ഷണയാത്രയോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെങ്ങന്നൂരില്‍ വിജയിച്ചതും മലപ്പുറത്തും വേങ്ങരയിലും വോട്ട് വര്‍ധിച്ചതും ജനങ്ങള്‍ ഇടതുപക്ഷത്തിന് ഒപ്പമാണെന്നതിന്റെ തെളിവാണ്. ആര്‍എസ്എസിനോട് നെഞ്ചോട് നെഞ്ച് പോരാടുന്നത് ഇടതുപക്ഷമാണെന്ന് ജനങ്ങള്‍ക്കറിയാം.

ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തെയാണ്. ഇടതുപക്ഷം ഇല്ലാത്ത പാര്‍ലമെന്റ് എന്ന ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും മോഹം നടക്കില്ല.

പശ്ചിമബംഗാളിലും ത്രിപുരയിലും ശക്തമായ തിരിച്ചുവരവ് നടത്തും. എന്‍എസ്എസ് ഉള്‍പ്പെടെ ഒരു സമുദായ സംഘടനയോടും എല്‍ഡിഎഫിന് ശത്രുതാപരമായ നിലപാടില്ല. എന്‍എസ്എസുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. എന്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ ബഹുഭൂരിപക്ഷം എല്‍ഡിഎഫിന് ഒപ്പമാണ്. നേതൃത്വത്തിന് ചിലപ്പോള്‍ യോജിപ്പുണ്ടാകില്ല. അത് അവരുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. അതിന്റെ പേരില്‍ ശത്രുതയില്ല.

സമുദായ സംഘടനകളുടെ മതനിരപേക്ഷ നിലപാട് സ്വാഗതാര്‍ഹമാണ്. ടി കെ രാമകൃഷ്ണന്‍, സിഎച്ച് കണാരന്‍ എന്നീ സിപിഐ എം നേതാക്കള്‍ ആദ്യകാലത്ത് എസ്എന്‍ഡിപി പ്രവര്‍ത്തകരായിരുന്നു. സര്‍ക്കാരിന്റെ മൂന്നാം വര്‍ഷത്തിലും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കും. അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കിയാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നത്.

ക്രമസമാധാനരംഗത്ത് രാജ്യത്തെ ഏറ്റവും സുരക്ഷിത സംസ്ഥാനമായി കേരളം മാറി. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും കുറഞ്ഞു. ഇതിനെല്ലാമുള്ള അംഗീകാരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.

2004ലും തെരഞ്ഞെടുപ്പ് സര്‍വേകള്‍ എല്‍ഡിഎഫിന് എതിരായിരുന്നു. പക്ഷേ, കേരളത്തില്‍ എല്‍ഡിഎഫ് തരംഗമാണ് ഉണ്ടായത്. പി ജെ ജോസഫ് യുഡിഎഫില്‍ പാഴ് വെടിയാണ് പൊട്ടിക്കുന്നത്. അത് വിജയിക്കില്ല. ശരിക്കുള്ള നിലപാടെടുത്താല്‍ ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും -കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here