ഇടതുപക്ഷം നിര്‍ണ്ണായക ശക്തിയായാല്‍ മാത്രമേ ബിജെപിയെ പുറത്താക്കാന്‍ കഴിയൂയെന്ന് കോടിയേരി; കോണ്‍ഗ്രസിന് മാത്രമായി ബിജെപിയെ നേരിടാന്‍ കഴിയില്ല; ജനാധിപത്യ-മതനിരപേക്ഷ കക്ഷികളെ ഏകോപിപ്പിച്ചുകൊണ്ടേ അത് കഴിയൂ

തിരുവനന്തപുരം: രാജ്യത്ത് ഇടതുപക്ഷം നിര്‍ണായക ശക്തിയാകുമ്പോള്‍ മാത്രമേ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നത് ഉറപ്പുവരുത്താന്‍ കഴിയൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള കേരളസംരക്ഷണ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദക്ഷിണമേഖലാ യാത്രയുടെ ക്യാപ്റ്റന്‍ കൂടിയായ കോടിയേരി.

ലോക്‌സഭയില്‍ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിച്ചാല്‍ മാത്രമേ ബിജെപിയെ പുറത്താക്കുകയെന്നത് ഉറപ്പുവരുത്താന്‍ കഴിയൂ. 2004ല്‍ ബിജെപി സര്‍ക്കാരിനെ പുറത്താക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷം ഒരു നിര്‍ണായക ശക്തിയായി മാറിയതുകൊണ്ടാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബദല്‍ ശക്തിയായി മാറാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരിക്കയാണ്. കോണ്‍ഗ്രസിന് മാത്രമായി ബിജെപിയെ നേരിടാന്‍ കഴിയില്ല. രാജ്യത്തെ ജനാധിപത്യ-മതനിരപേക്ഷ കക്ഷികളെ ഏകോപിപ്പിച്ചുകൊണ്ടേ അത് കഴിയൂ.

അത്തരം ഒരു ഏകോപനം 2014ല്‍ ഉണ്ടായില്ല. അന്ന് 31 ശതമാനം വോട്ട് മാത്രമേ ബിജെപിക്ക് ലഭിച്ചുള്ളൂ. 69 ശതമാനം വോട്ട് നേടിയ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ ഭിന്നിച്ച് മത്സരിച്ചപ്പോഴാണ് അവസരം മുതലെടുത്ത് ബിജെപി ലോക്‌സഭയില്‍ ഭൂരിപക്ഷം നേടിയത്. അന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയിലുണ്ടായിരുന്ന പല പ്രമുഖ കക്ഷികളും ഇന്ന് ആ മുന്നണിയെ ഉപേക്ഷിച്ചിരിക്കയാണ്.

തെലുഗുദേശം പാര്‍ടിയും പിഡിപിയും എന്‍ഡിഎ വിട്ടു. ബിഹാറിലെ പ്രമുഖ പാര്‍ടികള്‍ എന്‍ഡിഎ വിട്ടു. ശിവസേന ബിജെപിയുമായി നിരന്തര കലഹത്തിലാണ്. ഈ സാഹചര്യത്തില്‍ ബിജെപിക്കോ എന്‍ഡിഎക്കോ ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ല.

ഒരു രാഷ്ട്രീയകക്ഷിക്കും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം കിട്ടാന്‍ പോകുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായി ഇടപെടാന്‍ കഴിയും.ഇടതുപക്ഷം നിര്‍ണ്ണായക ശക്തിയായി മാറുമെന്ന സ്ഥിതിയുള്ള ഘട്ടത്തിലെല്ലാം കേരളം ഇടതുപക്ഷത്തിനൊപ്പം തന്നെ നില്‍ക്കും. ഇടതുപക്ഷം ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകുമ്പോള്‍ അതിന്റെ നേട്ടം കേരളത്തിന് കിട്ടും. കേരളത്തെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലുണ്ടാകുന്നതിനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതെല്ലാം എല്‍ഡിഎഫിന് കേരളത്തില്‍ കൂടുതല്‍ സീറ്റ് കിട്ടാന്‍ അവസരമൊരുക്കും.

ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക, കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുക, പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കാന്‍ സിപിഐഎം തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി മറുപടി നല്‍കി.

അത്തരത്തിലൊരു മുന്നണി അവിടെയില്ല. ദേശീയതലത്തിലും കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കാന്‍ സിപിഐഎം തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുകയെന്നതാണ് മുഖ്യ കടമ. ഇടതുപക്ഷമോ ഇടതുപക്ഷം പിന്തുണയ്ക്കുന്ന കക്ഷികളോ മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യും.

യുപിയില്‍ സമാജ് വാദി പാര്‍ടി, ബിഎസ്പി എന്നീ പാര്‍ടികള്‍ക്ക് അത്തരത്തില്‍ വോട്ടുചെയ്യും. ഓരോ സംസ്ഥാനത്തെയും പ്രത്യേകത കണക്കിലെടുത്ത് അക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇടതുപക്ഷം മത്സരിക്കാത്തതും പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയില്ലാത്തതുമായ മണ്ഡലങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കുകയെന്നതാണ് അടവുനയമെന്ന് കോടിയേരി മറുപടി നല്‍കി.

കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹത്തിനരികില്‍ നിന്ന് സെല്‍ഫിയെടുത്ത കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ നടപടിയെപ്പറ്റി ചോദിച്ചപ്പോള്‍, എന്തെങ്കിലും പ്രത്യേകത കാണിച്ചാലല്ലേ കണ്ണന്താനമുള്ളൂ എന്ന് അദ്ദേഹം മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News