പുല്‍വാമ ഇംപാക്ട് കളിക്കളത്തിലേക്കും; ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യം

പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ കളിക്കളത്തിലേക്കും വ്യാപിക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരം ഇന്ത്യ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി.

2011ലെ ലോകകപ്പില്‍ ഇന്ത്യ-പാക് സെമിഫൈനല്‍ നടന്ന മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിന്ന് പാകിസ്ഥാന്‍ താരങ്ങളുടെ ചിത്രങ്ങള്‍ തന്നെ നീക്കം ചെയ്തതിന് പിന്നാലെയാണ് അടുത്ത ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുതെന്ന ആവശ്യമുയരുന്നത്.

മെയ് മുപ്പതിന് ആരംഭിക്കുന്ന ലോകകപ്പില്‍ ജൂണ്‍ 16-നാണ് ഇന്ത്യ പാകിസ്ഥാനെ നേരിടേണ്ടത്. മത്സരം ഉപേക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അത് ലോകകപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും.

ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ഒരു കായിക സംഘടനയാണെങ്കിലും രാജ്യത്തിന് പ്രഥമ പരിഗണന നല്‍കുന്നതുകൊണ്ടാണ് ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരേ കളിക്കരുതെന്ന് ബിസിസിഐയോട് ആവശ്യപ്പെടുന്നതെന്ന് സെക്രട്ടറി സുരേഷ് ബഫ്ന പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സുരേഷ് ബഫ്‌ന ചൂണ്ടിക്കാട്ടി. അവരുടെ ഭാഗത്ത് എവിടെയോ തെറ്റുണ്ടെന്നാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ആക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെങ്കില്‍ എന്തുകൊണ്ട് ഇമ്രാന്‍ ഖാന്‍ ഇതിനെതിരേ പ്രതികരിച്ചില്ലെന്നും സുരേഷ് ചോദിക്കുന്നു.

അവരുടെ കൈയില്‍ രക്തക്കറ പുരണ്ടിട്ടുണ്ടെന്നാണ് അത് അര്‍ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണത്തിന് പിന്നാലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലെ ഇമ്രാന്‍ ഖാന്റെ ചിത്രം എടുത്തു മാറ്റിയിരുന്നു.

2011ല്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ലോകകപ്പ് സെമിഫൈനല്‍ കളിച്ച മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക് താരങ്ങളുടെ ചിത്രങ്ങള്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ നീക്കം ചെയ്തു.

മുന്‍ പാക് ക്യാപ്റ്റനും നിലവില്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്. സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ചിത്രങ്ങളാണ് നീക്കം ചെയ്തത്.

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങള്‍ മാറ്റിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News