കാസര്‍ഗോഡ് കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് കോടിയേരി; പ്രതികള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കില്ല; കൊലപാതകത്തിന് ന്യായീകരണമില്ല, അത്യന്തം അപലപനീയം

തിരുവനന്തപുരം: കാസര്‍ഗോഡ് കൊലപാതകം അത്യന്തം അപലപനീയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സിപിഐഎം പ്രവര്‍ത്തകന്മാര്‍ മുന്‍കൈയെടുത്ത് യാതൊരു അക്രമസംഭവങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാനകമ്മിറ്റി പരസ്യമായി തന്നെ ആഹ്വാനം നല്‍കിയതാണ്.

ഈ കൊലപാതകത്തില്‍ സിപിഐഎമ്മിലെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടികള്‍ സിപിഐഎമ്മിന്റെ ഭാഗത്തുതന്നെ ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം സ്ഥാപിക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ചെയ്യുക. എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതിനുള്ള ന്യായീകരണം ആവില്ല.

സിപിഐഎമ്മിന്റെ ഭാഗമായി ആരെങ്കിലും ഇത്തരത്തിലുള്ള അക്രമം നടത്തിയാല്‍ അതിന്റെ പേരില്‍ പ്രസ്ഥാനമാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരിക. അത്തരം കാര്യങ്ങള്‍ മനസിലാക്കാതെ ആരെങ്കിലും ചെയ്യുന്ന സംഭവങ്ങളൊന്നും പാര്‍ട്ടി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.

സംഭവവുമായി ബന്ധമുള്ളവരെ പാര്‍ട്ടി ഒരുതരത്തിലും സഹായിക്കില്ല. അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പ്രതികള്‍ക്കെതിരെ പൊലീസ് ശക്തമായ നിയമ നടപടിയെടുക്കണം. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്നവരല്ല. അവര്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ കഴിയുന്നവരല്ല.

പ്രതികളെ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്. പ്രാദേശിക നേതൃത്വത്തിന് പങ്കുണ്ടെങ്കില്‍ അതും കണ്ടെത്തണം. അവരെ പ്രതി ചേര്‍ത്ത് നടപടി സ്വീകരിക്കണം. പാര്‍ട്ടിയില്‍ ഉള്ളവര്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെയും കണ്ടെത്തുമെന്ന് കോടിയേരി പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട ആരേയും സിപിഐഎം സംരക്ഷിക്കില്ല. രാഷ്ട്രീയ ബോധമുള്ള സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഇത്തരം അക്രമങ്ങള്‍ ചെയ്യാനാകില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പാര്‍ട്ടി നയങ്ങളെ അംഗീകരിക്കാത്തവര്‍ അണെന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാനത്തെ മികച്ച ക്രമസമാധാനനിലയെ ദുര്‍ബലപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News