ശമ്പള കുടിശികയ്ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി ക്ലബ് താരങ്ങളുടെ പ്രതിഷേധം അതിരുവിട്ടതോടെ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ നാണക്കേടായി മാറി ഇറ്റാലിയന്‍ സീരി സിയിലെ ച്യവൂനിയോക്ക്- പ്രൊപ്പിച്ചെന്‍സെ മത്സരം.
മാനേജ്മെന്‍റിനോടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍നിര താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ പ്രോപ്പിച്ചെന്‍സെ തോറ്റത് ഏകപക്ഷീയമായ 20 ഗോളുകള്‍ക്ക്.
ച്യവൂവിനിയോക്കിന്‍റെ 11 അംഗ പ്രൊഫഷണല്‍ ടീമിനെ എതിരിട്ടത് പ്രോപ്പിച്ചെന്‍സെയുടെ റിസര്‍വ് ലിസ്റ്റിലെ കളിക്കാരും യുവനിരയും ചേര്‍ന്നുള്ള ഏഴ് പേരും. ടീമിന് പരിശീലകനോ സപ്പോര്‍ട്ടിങ്ങ് സ്റ്റാഫോ ഉണ്ടായിരുന്നില്ല.
ക്ലബിന്‍റെ സാമ്പത്തിക ബാധ്യത മൂലം കഴിഞ്ഞ ആഗസ്ത് മുതല്‍ പ്രോപ്പിച്ചെന്‍സെ ടീമംഗങ്ങള്‍ക്ക് കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കിയിരുന്നില്ല. അരലക്ഷം യൂറോയോളമാണ് ഓരോ താരത്തിനുമുള്ള കുടിശിക.
ഇതിലെ പ്രതിഷേധമാണ് ഫുട്ബോളിന് തന്നെ നാണക്കേടാകുന്ന തരത്തിലേക്ക് ടീമംഗങ്ങള്‍ മാറ്റിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് മത്സരങ്ങള്‍ പ്രോപ്പിച്ചെന്‍സെ ടീം എതിരാളികളോട് മന:പൂര്‍വം തോറ്റുകൊടുത്തിരുന്നു. ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു ഈ നാല് തോല്‍വികളും.
ഈ മത്സരം മുഴുവന്‍ സമയം കളിച്ചില്ലെങ്കില്‍ ടീമിനെ തരംതാഴ്ത്തുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ടീമില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ മുതിര്‍ന്ന താരങ്ങളും കോച്ചും തീരുമാനിച്ചത്.
ഇതോടെ റിസർവ് നിരക്കാരെയും ടീനേജ് താരങ്ങളെയും സംഘടിപ്പിച്ച് ഒരു ഫുട്ബാൾ മത്സരത്തിന് ആവശ്യമായ 7 എന്ന അംഗസംഖ്യ ഒപ്പിച്ച് ടീം കളിക്കാനിറങ്ങുകയായിരുന്നു.
11 പ്രൊഫഷണലുകളെ 7 ടീനേജ് താരങ്ങള്‍ എതിരിട്ടപ്പോള്‍ മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ പിറന്നത് 16 ഗോളുകള്‍. ഇതില്‍ കാനിസിന്‍റെ ഡബിള്‍ ഹാട്രിക്കും ഉള്‍പ്പെടുന്നു.
രണ്ടാം പകുതിയിൽ ച്യവൂനിയോക്ക് ടീം റെക്കോഡ് ലക്ഷ്യമിട്ട് കളിച്ചില്ല. എതിര്‍ടീമിന്‍റെ നിസഹായാവസ്ഥ ഉള്‍ക്കൊണ്ട അവര്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കളിച്ചു.
എങ്കിലും ഡിസ്റ്റെഫാനോയുടെ ഹാട്രിക് അടക്കം നാല് ഗോളുകള്‍ ഈ പകുതിയിലും വീണു. 90 മിനിട്ട് പിന്നിടുമ്പോള്‍ എതിരില്ലാത്ത 20 ഗോളുകളുടെ ജയം ച്യവൂനിയോക്കിന്.
സീസണിലെ കഴിഞ്ഞ 24 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ മാത്രം നേടിയ ടീമിനാണ് ഇ തകര്‍പ്പന്‍ ജയം.
ഫുട്ബോളിനെ മാത്രമല്ല, കായിക വിനോദങ്ങളെയാകെ നാണംകെടുത്തിയ പ്രൊപ്പിച്ചെന്‍സെ ടീമിനും ക്ലബിനുമെതിരെ കടുത്ത നടപടി ഉറപ്പാണെന്ന് ഇറ്റാലിയൻ ഫുട്ബോൾ സമിതി അധ്യക്ഷൻ ഗാബ്രിയേലോ ഗ്രാവിനോ മുന്നിറിയിപ്പ് നല്‍കി.
ആദ്യപടി എന്ന നിലയില്‍ ഇനിയുള്ള നാല് മത്സരങ്ങളില്‍ നിന്ന് ടീമിനെ വിലക്കിയിട്ടുണ്ട്.
ക്ലബിനെ തരംതാഴുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അടുത്തമാസം ആദ്യം തീരുമാനിക്കുമെന്നും ഇറ്റാലിയന്‍ ഫുട്ബോള്‍ അധികൃതര്‍ അറിയിച്ചു.
മത്സരത്തിന്‍റെ ഹൈലൈറ്റ്സ് കാണാം

Get real time update about this post categories directly on your device, subscribe now.