ഗവര്‍ണ്ണര്‍ പദവിയെ അവഹേളിച്ച് കുമ്മനം രാജശേഖരന്‍; ഇന്നും പഴയ ആര്‍എസ്എസുകാരന്റെ നിലപാടില്‍ തന്നെയാണ് കുമ്മനം

ഗവര്‍ണ്ണര്‍ പദവിയെ അവഹേളിച്ച് മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍.

ഗവര്‍ണ്ണര്‍ നിയമനം രാഷ്ട്രീയ തീരുമാനമാണെങ്കിലും പദവിയിലെത്തിയാല്‍ കക്ഷി രാഷ്ട്രീയം മാറ്റി വെച്ച് പ്രവര്‍ത്തിക്കുക എന്ന കീഴ്വഴക്കം ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ലംഘിച്ചിരിക്കുകയാണ് കുമ്മനം.

ഗവര്‍ണ്ണര്‍ പദവിയുടെ സര്‍വ്വ മര്യാദകളും കീഴ്വഴക്കങ്ങളും ലംഘിച്ച് കൊണ്ടാണ് കഴിഞ്ഞ ഞായറാഴ്ച തൃശൂര്‍ ചാവക്കാട് സംഘടിപ്പിച്ച ആര്‍എസ്എസ് പരിപാടിയില്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ പങ്കെടുത്തത്.

മത്സ്യ തൊഴിലാളി സംഘ് എന്ന പരിവാര്‍ സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്താണ് ഇന്ത്യന്‍ ഭരണ ഘടനയില്‍ തന്നെ നിര്‍ണ്ണായക സ്ഥാനമുള്ള ഗവര്‍ണ്ണര്‍ പദവിയെ കുമ്മനം രാജശേഖരന്‍ അവഹേളിച്ചത്.

കേരളത്തില്‍ ഇതിന് മുന്‍പ് ഒരു ഗവര്‍ണ്ണറും ഇത്തരത്തില്‍ രാഷ്ട്രീയ സംഘടനാ പരിപാടികളില്‍ പങ്കെടുത്ത ചരിത്രമില്ല.

ഗവര്‍ണ്ണര്‍ നിയമനങ്ങള്‍ക്ക് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പരിഗണിക്കപെടാറുണ്ടെങ്കിലും ഗവര്‍ണര്‍ പദവിയില്‍ എത്തിയാല്‍ ഏതൊരു വ്യക്തിയും രാജ്യത്തിന്റെ ഭരണഘടനക്ക് ആണ് പ്രാധാന്യം നല്‍കുക. എന്നാല്‍ ഇന്നും പഴയ ആര്‍എസ്എസുകാരന്റെ നിലപാടില്‍ തന്നെയാണ് കുമ്മനം.

രാജ്യത്തിന്റെ ഭരണഘടനാ പദവികള്‍ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും അതിന്റെ അന്തസ് തകര്‍ക്കുകയുമാണ് കുമ്മനം രാജശേഖരനെ പോലുള്ളവര്‍ എന്ന് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here