
1995ന് ശേഷം ആ ഗ്രാമത്തില്‍ ആത്മഹത്യകള്‍ തുടര്‍കഥ പോലെ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ആത്മഹത്യകള്‍ പെരുകി പെരുകി വന്നപ്പോള്‍ മിക്ക കുടുംബങ്ങള്‍ക്കും അവരുടെ വേണ്ടപ്പെട്ടവരെ നഷ്ടമായി.
നിസ്സാരകാരണങ്ങള്‍ക്ക് പോലും നാട്ടുകാര്‍ ആത്മഹത്യയയില് അഭയം തേടിക്കൊണ്ടിരുന്നു. വര്‍ഷങ്ങളോളം തുടര്‍ന്ന ആ ദുരന്തകഥയ്ക്ക് അവസാനമുണ്ടായത് ആ നാട്ടിലേയ്ക്ക് ഒരു രക്ഷനെത്തിയപ്പോഴാണ്.
അയാളാണ് ആനന്ദ് ത്യാഗരാജന്, ഒരു നാടിനെ കൂട്ട ആത്മഹത്യയില്‍ നിന്ന് മോചിപ്പിച്ച രക്ഷകന്, ഒരു സ്കൂള്‍ അധ്യാപകന്.
ഒരു സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് തമിഴ്നാട് തിരുവാരൂര്‍ ജില്ലയിലെ നിദമംഗലം എന്ന ഗ്രാമത്തില്‍ നടന്നു വന്നിരുന്നത്.
ആ ഗ്രാമത്തിലെ സ്കൂളില്‍ പഠിപ്പിക്കാനെത്തിയ ആനന്ദാണ് ഗ്രാമത്തില്‍ തുടര്‍ക്കഥയായ ആത്മഹത്യകള്‍ക്ക് അവസാനമുണ്ടാക്കിയത്.
സ്കൂളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സ്കൂളിലെ അധ്യാപക രക്ഷകര്‍തൃ യോഗങ്ങളില്‍ എത്താതിരുന്നത് ആനന്ദിന്റെ ശ്രദ്ധയില്‍ പെട്ടു.
സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും മാതാപിതാക്കളില്ലെന്നറിഞ്ഞ ആനന്ദ് അതിനു പിന്നിലെ കാരണം അറിഞ്ഞപ്പോള്‍ ഞെട്ടി.
1995-2011 കാലയളവില്‍ മാത്രം നിദമംഗലം ഗ്രാമത്തില്‍ ആകെ നടന്ന 92 മരണങ്ങളില്‍ 83 മരണങ്ങളും ആത്മഹത്യകളായിരുന്നു.
വീട്ടിലും അയല്പക്കത്തുമുള്ള നിസ്സാര വഴക്കുകളും പിണക്കങ്ങളും പോലും ആളുകളെ ആത്മഹത്യ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു.
നാടിന്റെ ഗുരഗതരാവസ്ഥ തിരിച്ചറിഞ്ഞയുടന്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അധ്യാപകനായ ആനന്ദ് ത്യാഗരാജന് തീരുമാനിച്ചു.
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായ ആനന്ദ് സ്കൂളിലെ കുട്ടികളെയും കൂട്ടിയിറങ്ങി. ആത്മഹത്യയില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല.
ആദ്യ ഘട്ടത്തില്‍ ഉപദേശങ്ങളൊന്നും ഫലം കണ്ടില്ല. പിന്നെ കുട്ടികളെയും ആനന്ദ് കൂടെക്കൂട്ടി.
ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികള്‍ ചേര്‍ന്ന് ഒരു നാടകമൊരുക്കി അത് ഗ്രാമവാസികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
ആത്മഹത്യ പ്രമേയമാക്കിയ നാടകത്തില്‍ നിസ്സാരമായ തര്‍ക്കത്തിന്റെ പേരില്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ ആത്മഹത്യ ചെയ്യുന്നതും അനാഥരാക്കപ്പെടുന്ന കുട്ടികള്‍ അതിജീവനത്തിനായി തെരുവില്‍ ഭിക്ഷ തേടി അലയേണ്ടിവരുന്നതും ആനന്ദിന്റെ കുട്ടികള്‍ അവതരിപ്പിച്ചു.
കുട്ടികളുടെ അവതരണം ഗ്രാമവാസികളില്‍ ആഴത്തില്‍ തൊട്ടു. ആത്മഹത്യയുടെ പ്രത്യാഘാതങ്ങള്‍ നേരില്‍ കണ്ടവരില്‍ വലിയമാറ്റം സൃഷ്ടിക്കാന്‍ നാടകത്തിലൂടെ സാധിച്ചു.
അടുത്തഘട്ടത്തില്‍ ആനന്ദ് ഗ്രാമത്തിലെ യുവാക്കളെ കൂട്ടുപിടിച്ചു. ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് ഡയമണ്ട് ബോയ്സ് എന്ന പേരില്‍ യുവാക്കളെ ഉള്‍ക്കൊള്ളിച്ച് ഒരു യൂത്ത് ക്ലബ് ഇവര്‍ ആരംഭിച്ചു.
ക്ലബ് അംഗങ്ങള്‍ ഗ്രാമത്തിലെ 380 ഓളം വീടുകളില്‍ കയറിയിറങ്ങി കൗണ്‍സിലിങ് ഉള്‍പ്പെടെ നടത്തി.
ഗ്രാമത്തിലുടെനീളം ആനന്ദും യുവാക്കളും വിദ്യാർഥികളും ചേര്‍ന്ന് ബോധവത്ക്കരണ റാലികളും തെരുവു നാടകങ്ങളും സംഘടിപ്പിച്ചു.
സ്കൂള്‍ വാര്‍ഷികത്തിന് കുട്ടികളൊരുക്കിയ നാടകം തെരുവുകള്‍ തോറും നടത്തി. ആത്മഹത്യാ രഹിത സമൂഹം എന്ന സന്ദേശം നാടൊട്ടുക്കെ മുഴങ്ങി.
പതിയെ പതിയെ ആത്മഹത്യ എന്ന വിപത്ത് നാടിനെ വിട്ടുപോയി. 2013 ല്‍ ഗ്രാമത്തില്‍ നിന്ന് ആനന്ദും കൂട്ടരും ആത്മഹത്യയെ പൂര്‍ണ്ണമായും തുടച്ചു നീക്കി.
ഒരു സ്കൂളിലെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് നടത്തിയ സാമൂഹികമാറ്റം കൊണ്ട് സ്കൂളും കുട്ടികളും ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
Comments