കാസര്‍ഗോഡ് കൊലപാതകം: കൊലപാതകികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു; അന്വേഷണം ഒരു ജീപ്പിനെ കേന്ദ്രീകരിച്ച്; ഏഴു പേര്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ്: കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകികളെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായി സൂചന.

സ്ഥലത്ത് എത്തിയ കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ ജീപ്പാണ് കൃപേഷിനെയും ശരത്‌ലാലിനെയും ഇടിച്ചിട്ടതെന്നാണ് കരുതുന്നത്.

സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളില്‍ ഒരാളുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കൊല നടന്ന സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് ബൈക്ക് സംബന്ധിച്ചും അന്വേഷണം നടത്തുന്നു. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന വടിവാളിന്റെ പിടി സംഭവസ്ഥലത്തുനിന്ന് കണ്ടത്തി. കൊലയാളി സംഘത്തില്‍ മൂന്ന് പേരുള്ളതായാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കൊലപാതകത്തിന് പിന്നിലുള്ളവര്‍ കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. സംസ്ഥാന അതിര്‍ത്തി പ്രദേശമായതിനാല്‍ പ്രതികളെ പിടികൂടാന്‍ കര്‍ണാടക പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News