രൂപേഷുമൊപ്പമുള്ള ജീവിതം 27 വര്‍ഷം കടന്നു പോയത് തിരിഞ്ഞു നോക്കുമ്പോള്‍ വിശ്വസിക്കാനാവുന്നില്ലെന്ന് മാവോയിസ്റ്റ് ഷൈന. 1992 ല്‍ ഒരു വര്‍ഗ്ഗീസ് ദിനത്തിലാണ് രൂപേഷിനൊപ്പം വീടുവിട്ടിറങ്ങിയത്.

രൂപേഷ് ഇപ്പോഴും ജയിലിലും താന്‍ പുറത്തുമായി കഴിക്കുമ്പോള്‍ ഒരു കണ്ടുമുട്ടല്‍ പോലും സാധ്യമാകാതെ ഒരു വിവാഹ വാര്‍ഷിക ദിനം കൂടി കടന്നു പോവുകയാണ്. ഭൂമി എത്രവേഗം കറങ്ങിയിട്ടും ഇരുമ്പഴികള്‍ക്കു പിന്നില്‍ നിന്ന് അവനിനിയും പുറത്തു വരാന്‍ കഴിഞ്ഞിട്ടില്ലെന്നും ഷൈന ഖേദത്തോടെ ഫേസ് ബുക്കില്‍ എഴുതുന്നു.

ഷൈനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

‘ഭൂമിയുടെ കറക്കത്തിന്റെ വേഗം ക്രമേണ കുറഞ്ഞു വരികയാണെന്നും അതും വൈകാതെ നിലക്കുമെന്നും (ഡിസംബര്‍ 13 നോ മറ്റോ നിലയ്ക്കുമെന്നാണെന്നു തോന്നുന്നു) ഒരു വ്യാജ പ്രചരണം കുറച്ചു നാള്‍ മുമ്പ് നാസയുടെ ശാസ്ത്രജ്ഞന്മാരുടേതെന്ന പേരില്‍ വന്നിരുന്നു. എനിക്കു തോന്നുന്നത് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് ശരിക്കും തെറ്റിയതാണ്, ഭൂമിയുടെ കറക്കത്തിന്റെ വേഗത വളരെ കൂടിയിട്ടുണ്ട് എന്നാണ്. നിങ്ങള്‍ ശരിക്കും ശ്രദ്ധിച്ചാല്‍ അറിയാം, ദിവസത്തിന് ഇപ്പോള്‍ 24 മണിക്കൂര്‍ ദൈര്‍ഘ്യമില്ല, വര്‍ഷത്തിന് 365 ദിവസം തികച്ചുമില്ല.

നമ്മുടെയെല്ലാം ചെറുപ്പത്തില്‍ സൂര്യനുദിച്ചാല്‍ വൈകുന്നേരമാകുന്നതിന് എത്രയോ സമയം കാത്തിരിക്കണമായിരുന്നു. എത്ര കളിച്ചു തളര്‍ന്നാലും ഉച്ചയേ ആയിട്ടുണ്ടാകില്ല, വിശന്നാലും ഭക്ഷണം തയ്യാറായിട്ടുണ്ടാകില്ല. ഇപ്പോഴാണെങ്കില്‍ നേരം വെളുത്തിട്ട് അല്‍പനേരത്തിനുള്ളില്‍ ഉച്ചയും വൈകുന്നേരവും ആകും. വിശക്കുന്നതിനു മുമ്പ് നമ്മള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കും (പാര്‍ശ്വവത്കരിക്കപ്പെട്ട ദരിദ്ര ജനത ഇതിനോട് വിയോജിക്കാനിടയുണ്ട്; തീര്‍ച്ചയായും അവര്‍ക്കതിന് അവകാശവുമുണ്ട്.

ഞാന്‍ പറയുന്നത് മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ കോപ്പുള്ള പെറ്റിബൂര്‍ഷ്വാസിയുടെ കാര്യമാണ്). ഞാന്‍ ജയിലിലായിരുന്ന കാലത്ത് അവിടെയുള്ളവര്‍ സാധാരണ പറയാറുള്ള ഒരു വാചകമാണ് പൊഴുതു പോകുന്നില്ല എന്നത്. സമയം പോകുന്നില്ല എന്നതാണ് അതിന്റെ മലയാള പരിഭാഷ. എന്നാല്‍ മൂന്നേകാല്‍ വര്‍ഷം അവിടെ കഴിഞ്ഞിട്ടും എനിക്കങ്ങനെ തോന്നിയിട്ടില്ല.

അതിനുള്ളില്‍ ചെന്നിട്ട് യുഗങ്ങളായെന്ന തോന്നല്‍ അവരുടേതിനു സമാനമായി പങ്കുവെക്കാറുണ്ടെങ്കിലും അവിടേയും എന്റെ സമയത്തിന്റെ ദൈര്‍ഘ്യത്തിന് വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളും കുളിയും കഴിയുമ്പോഴേക്കും മണി പത്താകും, മലയാള പത്രം ഒന്ന് ഓടിച്ചു നോക്കി ഹിന്ദുവിലേക്ക് കണ്ണെടുത്തു വെയ്ക്കുമ്പോഴേക്ക് ഉച്ചയാകും.

ഉച്ച ഭക്ഷണം കഴിഞ്ഞ് ഒരല്‍പം സൊറപറയുമ്പോഴേക്കും നാലുമണിക്ക് രാത്രി ഭക്ഷണം വാങ്ങാനുള്ള സമയമാകും. അതുവാങ്ങിവെച്ച് ഒന്നു മേല്‍ക്കഴുകി വരുമ്പോഴേക്ക് 5.30ന് ജയില്‍ വാതിലുകള്‍ അടയാനാരംഭിക്കും. പത്രം വായന കഴിയുമ്പോഴേക്ക് എട്ടുമണിയാകും. ഭക്ഷണം കഴിച്ച് എന്തെങ്കിലും പുസ്തകം നിവര്‍ത്തി വായന തുടങ്ങുമ്പോഴേക്ക് 11 മണിയായി കിടക്കുന്നില്ലേ? എന്ന് വാര്‍ഡന്മാരുടെ ചോദ്യം വരും. പതിനൊന്നര -പന്ത്രണ്ടുമണിക്ക് കിടന്ന് ഉറങ്ങുമ്പോഴേക്ക് അഞ്ചു മണിയായി എഴുന്നേല്‍ക്ക് എന്ന് വാര്‍ഡന്മാരുടെ ശബ്ദം വരാന്തയില്‍ മുഴങ്ങും.

മടി കുടഞ്ഞ് കളഞ്ഞ് എഴുന്നേറ്റ് പല്ലു തേച്ച് മുഖം കഴുകി വരുമ്പോഴേക്ക് ആറുമണിയുടെ പാറാവ് മാറി വരുന്ന വാര്‍ഡന്മാര്‍ വാതിലുകള്‍ തുറക്കാനാരംഭിച്ചിരിക്കും. ഈ ജയിലനുഭവം എഴുതിയത് സമയം ഏറ്റവും പതുക്കെ പോകുന്ന ഇടങ്ങളിലൊരിടത്തായിരിക്കുമ്പോഴും എനിക്ക് ഭൂമിയുടെ കറക്കം പതുക്കെയായെന്നു തോന്നിയിട്ടില്ലെന്നു പറയാനാണ്.

ഭൂമിയുടെ കറക്കത്തിന് വേഗം കൂടിയെന്ന് ശാസ്ത്രീയമായി തെളിയിക്കാനൊന്നുമല്ല ഞാനിതെഴുതിയത്. ഇന്നലെ ’27 വര്‍ഷം എന്റെ കുരിശ് ചുമന്നതിന് നന്ദി’ എന്നു രൂപേഷ് പറഞ്ഞപ്പോഴാണ് 27 വര്‍ഷങ്ങള്‍ എത്ര വേഗമാണ് ഓടിപ്പോയതെന്ന് എന്നു ഞാനതിശയിച്ചത്. പട്ടാപ്പകല്‍ പരസ്യമായി എന്നെ വന്ന് കൂട്ടിക്കൊണ്ടു പോകണം, ഞാന്‍ ഒളിച്ചോടി വരികയില്ല എന്ന എന്റെ ബുദ്ധിശൂന്യമായ വാശിപ്പുറത്ത് ലൈസന്‍സുള്ള മൂന്നു തോക്ക് സ്വന്തമായി വെച്ചിരിക്കുന്ന, ഷാര്‍പ് ഷൂട്ടറായ എന്റെ ഉപ്പയുടെ വെടിയേറ്റ് രക്തസാക്ഷിയാകാന്‍ തയ്യാറായി ഒരു വര്‍ഗ്ഗീസ് രക്തസാക്ഷി ദിനത്തില്‍ എന്നെ കൂട്ടിക്കൊണ്ടു വരാന്‍ രൂപേഷ് വന്നത് ഇത്രയും കാലം മുമ്പാണെന്ന് എനിക്കു വിശ്വസിക്കാന്‍ പ്രയാസം തോന്നി. 23 വയസ്സുള്ള ആമിയില്ലായിരുന്നെങ്കില്‍ 1992-ലാണ് അങ്ങനെ നടന്നതെന്ന കാര്യത്തില്‍ എനിക്ക് സംശയം തോന്നുമായിരുന്നു.

ഐഡിയലിസത്തിന്റെ കടുത്ത സൂക്കേടുണ്ടായിരുന്ന ഞാന്‍ ആകെയുണ്ടായിരുന്ന രണ്ടുമൂന്നു സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടില്‍ അഴിച്ചുവെച്ച് വാച്ചു പോലും എടുക്കാതെ, മാറ്റാന്‍ മറ്റൊരു അടിവസ്ത്രം പോലുമില്ലാതെ വീട്ടിലിടുന്ന ഒരു പഴയ മിഡ്ഡിയും ടോപ്പുമിട്ട് ഡിഗ്രി പുസ്തകങ്ങള്‍ മാത്രം നിറച്ച ഒരു ബിഗ്ഷോപ്പര്‍ കയ്യില്‍ പിടിച്ച് രൂപേഷിനോടൊപ്പം പരിഭ്രമവും ആശങ്കയും സന്തോഷവും വേദനയും ഒക്കെ കലര്‍ന്ന മാനസികാവസ്ഥയില്‍ വാടാനപ്പിള്ളി ജങ്ഷനില്‍ കൂടി നടന്ന് ധന്യ ആശുപത്രിയുടെ കോവണിയുടെ വശത്തുകൂടെയുള്ള ഇടനാഴിയിലൂടെ മണിയേട്ടന്റെ മണി സൗണ്ട്സിന് എതിരെയുള്ള കുടുസ്സു മുറിയിലുള്ള യുവജനവേദി ഓഫീസില്‍ പോയത്, അവിടെ നിന്ന് സന്ധ്യ മയങ്ങിയ ശേഷം ഇരുട്ടു പുതഞ്ഞ ഏതൊക്കെയോ വഴികളിലൂടെ അരണ്ട നാട്ടുവെളിച്ചത്തിലൂടെ നിശബ്ദരായി നടന്ന്, ഏതെല്ലാമോ ചെറു തോടുകള്‍ കയറിയിറങ്ങി വഞ്ചിയേറി ചേറ്റുവ പുഴയിലെ ഒരു തുരുത്തിലെ കൊച്ചുമോന്‍ സഖാവിന്റെ ഒറ്റപ്പെട്ട വീട്ടില്‍ എത്തിയത്. രാത്രിയില്‍ നിലാവില്‍ ഓരുവെള്ളത്തിന്റെ തിളക്കത്തില്‍ നോക്കി പരസ്പരം ചേര്‍ന്നിരുന്നത്, എല്ലാം കഴിഞ്ഞിട്ട് ഇത്രയും കാലമായെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

ഭൂമി എത്രവേഗം കറങ്ങിയിട്ടും ജയിലിന്റെ കനത്ത മതില്‍കെട്ടിനും ഇരുമ്പഴികള്‍ക്കും പിന്നില്‍ നിന്ന് അവനിനിയും പുറത്തു വരാന്‍ കഴിഞ്ഞിട്ടില്ല. പുറത്തുണ്ടായിട്ടും അവനെ പോയി ഒന്നു കാണാന്‍ പോലും ഹര്‍ത്താലായിരുന്നതിനാല്‍ കഴിഞ്ഞില്ല. വളരെയേറെ സ്നേഹിക്കുകയും അതിനേക്കാള്‍ കലഹിക്കുകയും പരസ്പരം മാപ്പു കൊടുക്കുകയും എല്ലാം ചെയ്ത് ഇത്രയും കാലം ഒരുമിച്ച് തുഴയാന്‍ സാധിച്ചതില്‍ ഞങ്ങള്‍ രണ്ടുപേരും സന്തോഷിക്കുന്നു. ആ സന്തോഷം എല്ലാ സുഹൃത്തുക്കളുമായി പങ്കിടുകയാണ്.’