ദിലീപ് – മമ്ത ഹിറ്റ് ജോഡി വീണ്ടും ; കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഉടന്‍ തിയേറ്ററുകളില്‍

ബാലന്‍ വക്കീലും കൂട്ടരും ഫെബ്രുവരി 21ന് ഇവിടെയെത്തും…… പ്രേക്ഷകര്‍ ഏറെ ആകാംക്ഷയില്‍ കാത്തിരിക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിനായി. പൊട്ടിച്ചിരിപ്പിക്കാന്‍ ഒരുങ്ങി ഇറങ്ങുകയാണ് മലയാളികളുടെ സ്വന്തം ജനപ്രിയനായകനും, കൂട്ടരും.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന കോമഡി എന്റര്‍ടൈന്‍മെന്റ് ചിത്രം പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഒരു ദിവസം മാത്രം. ദിലീപ് ആദ്യമായി വിക്കനായി ചിത്രത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട് കോടതി സമക്ഷം ബാലന്‍ വക്കീലിന്.

പാസഞ്ചര്‍ എന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തില്‍ ദിലീപ് എത്തിയെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ബാലന്‍ വക്കീലായി താരം ചിത്രത്തില്‍ എത്തുന്നത്. അനുരാധ സുദര്‍ശന്‍ എന്ന കഥാപാത്രമായി മമ്ത മോഹന്‍ദാസ് ഈ ചിത്രത്തില്‍ എത്തുമ്പോള്‍, ബാലകൃഷ്ണന്‍ എന്ന വിക്കനായ ഒരു വക്കീല്‍ ആയാണ് ദിലീപ് എത്തുന്നത്.

ദിലീപിന്റെ ഹിറ്റ് ജോഡിയാണ് മമത മോഹന്‍ദാസ് . ഒട്ടനവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്കും ഇവരുടെ കെമിസ്ട്രി ഇഷ്ടമാണ്. ദിലീപ് – മമ്ത ഒന്നിച്ച പാസഞ്ചര്‍ , മൈ ബോസ് , 2 കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയങ്ങള്‍ കൊയ്ത സിനിമകളാണ്.

ഒരിക്കല്‍ കൂടി ഈ കൂട്ടുകെട്ട് എത്തുമ്പോള്‍ മികച്ച ഒരു ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് . പ്രിയ ആനന്ദും ചിത്രത്തിലെ മറ്റൊരു നായികയായി എത്തുന്നുണ്ട് . എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രിയ ആനന്ദ് നായികയായി എത്തുന്ന മലയാള ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ ദിലീപ്-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ്. വയാകോം 18 ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here