മുംബൈ: മലയാള സിനിമാ നിർമ്മാണ രംഗത്തെ മുംബൈ മലയാളി സാന്നിധ്യമായ ബെൻസി പ്രൊഡക്ഷൻസിന്റെ രണ്ടാമത്തെ ചിത്രമായ പെങ്ങളിലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ നാളെ ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് പ്രകാശനം ചെയ്യുന്നത്.

വ്യത്യസ്‌തമായ പ്രമേയവും ഒട്ടേറെ പുതുമകളുമായി പ്രമുഖ സംവിധായകന്‍ ടി വി ചന്ദ്രന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘പെങ്ങളില’ . എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്‌നേഹബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. അഴകനായി ലാലും രാധയായി അക്ഷര കിഷോറുമാണ് അഭിനയിക്കുന്നത് . ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും അഴകന്റെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടല്‍ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍ വ്യക്തമാക്കി.

അഴകന്‍ കേവലമൊരു കൂലിപ്പണിക്കാരന്‍ മാത്രമല്ല. അയാള്‍ കേരളത്തിലെ കീഴാള സമൂഹത്തിന്റെ പ്രതിനിധിയാണ്. രാഷ്ട്രീയ വിമര്‍ശനവും നിരീക്ഷണവും പ്രതിപാദിക്കുന്നുണ്ടെങ്കിലും പെങ്ങളില കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.