അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള രണ്ടാം കിസാന്‍ ലോംഗ് മാര്‍ച്ചിന് ഇന്ന് തുടക്കം. കഴിഞ്ഞ വര്‍ഷം നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് വീണ്ടും കര്‍ഷക ലോംഗ് മാര്‍ച്ച്. ഇന്ന് നാസികില്‍ തുടങ്ങി 27ന് മുംബൈയിലാണ് മാര്‍ച്ച് അവസാനിക്കുക.

കഴിഞ്ഞ സമരത്തിന്റെ ഇരട്ടി കര്‍ഷകര്‍ ഇന്നാരംഭിക്കുന്ന സമരത്തില്‍ അണിനിരക്കും. എന്നാല്‍ മാര്‍ച്ച് നാസികില്‍ തന്നെ തടയാനാണ് പൊലീസിന്റെ നീക്കം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന നാസിക് – മുംബൈ കിസാന്‍ ലോംഗ് മാര്‍ച്ച് രാജ്യത്തെ കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഉജ്വല ഏടായിരുന്നു. കാര്‍ഷിക കടം എഴുതിതള്ളുക,സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക,പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാർച്ച്.

ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ ഉറപ്പ് പാലിക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് രണ്ടാമതും ലോംഗ് മാര്‍ച്ച് നടത്താനുള്ള കിസാന്‍ സഭ തീരുമാനം.

അഹമ്മദ് നഗറില്‍ ഫെബ്രുവരി 13ന് നടന്ന കര്‍ഷകരുടെ കണ്‍വെന്‍ഷനായിരുന്നു സമരം തീരുമാനിച്ചത്. ഞായറാഴ്ച സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.

നാസികില്‍ നിന്ന് ആരംഭിച്ച് 8 ദിവസം കൊണ്ട് 165 കിലോമീറ്ററോളം താണ്ടി ഫെബ്രുവരി 27ന് മുംബൈയിലെത്താനാണ് തീരുമാനം. എന്നാല്‍ മാര്‍ച്ച് ആംരഭിച്ച ഉടന്‍ തന്നെ തടയാനാണ് പൊലീസിന്റെ നീക്കം. തടയുകയാണെങ്കില്‍ കര്‍ഷകര്‍ അവിടെ ധര്‍ണയിരിക്കും. കഴിഞ്ഞ വര്‍ഷത്തെ കര്‍ഷക പങ്കാളിത്തത്തിന്റെ ഇരട്ടി പങ്കാളിത്തം ഇത്തവണയുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.